20 April Saturday

അകലം പാലിച്ച്‌, തിരക്കില്ലാതെ ക്രിസ്‌മസ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 25, 2020

ബെത്‌ലഹേം > ലോകം എന്നും പ്രത്യാശയോടെ ആഘോഷിക്കുന്ന ക്രിസ്‌മസ്‌ ഇത്തവണ പതിവ്‌ പകിട്ടും തിരക്കുമില്ലാതെയാണ്‌ ആഘോഷിക്കപ്പെടുന്നത്‌. മഹാമാരിയിൽ നിന്ന്‌ മോചനത്തിന്‌ പോരാടുന്ന ലോകം കോവിഡ്‌ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ പാലിച്ചാണ്‌ തിരുപ്പിറവിയുടെ സ്‌മരണ പുതുക്കുന്നത്‌. യാത്രാവിലക്കുകളും നിയന്ത്രണങ്ങളും മൂലം പലരും ഉറ്റവരിൽ നിന്ന്‌ അകലെയാണ്‌ ഈ ക്രിസ്‌മസ്‌ദിനത്തിൽ.

യേശു പിറന്ന ബെത്‌ലഹേമിലും കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലുമെല്ലാം ആഘോഷപരിപാടികൾ ചുരുക്കിയിട്ടുണ്ട്‌. ബെത്‌ലഹേമിൽ ക്രിസ്‌മസ്‌ തലേന്നുള്ള പരിപാടികളും പരിമിതപ്പെടുത്തിയിരുന്നു. തിരുപ്പിറവി ദേവാലയത്തിലെ പരിപാടികളിലെ പ്രധാന അതിഥി സാധാരണ പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസാണ്‌. എൺപത്തഞ്ചുകാരനായ അദ്ദേഹം ഇത്തവണ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ വിട്ടുനിന്നു. വ്യാഴാഴ്‌ച ബെത്‌ലഹേമിലൂടെ നീങ്ങിയ വാദ്യസംഗീത സംഘത്തെ വരവേൽക്കാൻ കുറച്ചാളുകൾ മാത്രമാണ്‌  തെരുവിലുണ്ടായിരുന്നത്‌. സാധാരണ ആയിരക്കണക്കിന്‌ വിദേശികൾ ക്രിസ്‌മസ്‌ വേളയിൽ ബെത്‌ലഹേമിൽ ഉണ്ടാകാറുണ്ട്‌. ഇസ്രയേലിലെ അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിരിക്കുന്നതിനാൽ ഇത്തവണ വിദേശികൾ ഉണ്ടായിരുന്നില്ല. പലസ്‌തീൻ നഗരങ്ങൾക്കിടയിലും യാത്രാവിലക്കുള്ളതിനാൽ മറ്റ്‌ പലസ്‌തീൻ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കും എത്താനായില്ല.

വത്തിക്കാനിൽ ഫ്രാൻസിസ്‌ മാർപാപ്പയുടെ കുർബാനയും കോവിഡ്‌ മാനദണ്ഡങ്ങൾക്ക്‌ വിധേയമായാണ്‌ നടത്തുന്നത്‌. ഓസ്‌ട്രേലിയയിൽ ശാരീരിക അകലം പാലിച്ച്‌ പള്ളികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾ മുൻകൂറായി ഓൺലൈനിൽ ടിക്കറ്റെടുക്കണം. ഫ്രാൻസിനും ബ്രിട്ടനുമിടയിലുള്ള വാണിജ്യത്തിന്റെ പ്രധാനകേന്ദ്രമായ ഡോവർ തുറമുഖത്തിനടുത്ത്‌ ആയിരക്കണക്കിന്‌ ട്രക്ക്‌ ഡ്രൈവർമാരും യാത്രക്കാരും കുടുങ്ങിക്കിടക്കുകയാണ്‌.

മധ്യപൗരസ്‌ത്യദേശത്ത്‌ ഏറ്റവും വലിയ ക്രിസ്‌ത്യൻ സമൂഹമുള്ള ലെബനനിൽ പല നിയന്ത്രണങ്ങളും നീക്കിയതിനാൽ പ്രവാസികളടക്കം നാട്ടിൽ എത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top