26 April Friday

പട്ടിണി മാറ്റിയ ചെെനീസ് ഗാഥ

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2022

ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ജനറൽ സെക്രട്ടറിയായി മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട 
ഷി ജിൻപിങ്‌ മാധ്യമങ്ങളോട്‌ സംസാരിക്കുന്നത്‌ ടിവിയിൽ കാണുന്ന കിഴക്കൻ ചൈനയിലെ 
ഫുയാങ്‌ പ്രദേശത്തെ വൃദ്ധൻ

കഴിഞ്ഞയാഴ്ച പുറത്തുവന്ന ആ​ഗോള പട്ടിണിസൂചികയില്‍ 121 രാജ്യത്തിന്റെ പ
ട്ടികയിൽ 107–--ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (99), ശ്രീലങ്ക (64), ബം​ഗ്ലാദേശ് (84), നേപ്പാൾ (81), മ്യാൻമർ (71) എന്നിവ ഇന്ത്യയേക്കാൾ മുന്നില്‍. ഇന്ത്യ സ്വതന്ത്രമായി രണ്ടുവര്‍ഷത്തിനുശേഷംമാത്രം ആഭ്യന്തരവിപ്ലവത്തിലൂടെ വിമോചിതമായ ചൈനയുടെ സ്ഥിതി ബഹുദൂരം മുന്നില്‍. പട്ടിണിമാറ്റി രാജ്യത്തെ ലഘുസമ്പന്ന ശ്രേണിയിലെത്തിക്കുകയെന്ന ആദ്യ ശതാബ്ദിലക്ഷ്യം വിജയകരമായി പിന്നിട്ട് സോഷ്യലിസ്റ്റ് രാജ്യമാകുകയെന്ന രണ്ടാം ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യങ്ങളുള്ള ചൈന അഭൂതപൂർവമായ വേഗത്തില്‍ ദാരിദ്ര്യം ലഘൂകരിച്ചെന്ന് ആ​ഗോള ഏജന്‍സികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
|
ചൈനയുടെ നേട്ടം


ചൈന 1978നും 2019നും ഇടയിൽ  ദരിദ്ര്യരുടെ എണ്ണം 7.7 കോടിയില്‍നിന്ന് 55 ലക്ഷമായി കുറച്ചെന്ന് ലോക ബാങ്ക് ഈവര്‍ഷം ആദ്യം പ്രഖ്യാപിച്ചു. വർഷം ശരാശരി രണ്ടുകോടിയോളം പേരെ ദാരിദ്ര്യ മുക്തരാക്കി.  ഇക്കാലയളവിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യരുടെ എണ്ണത്തില്‍ ലോകത്ത് ആകമാനമുണ്ടായ കുറവിന്റെ  75 ശതമാനവും ചൈനയിലാണ്.  40 വര്‍ഷത്തിനിടെ 80 കോടി മനുഷ്യരെ അതീവദാരിദ്രത്തിൽനിന്നും കരകയറ്റി. കടുത്ത ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്തതായും ‘ലഘുസമ്പന്ന സമൂഹത്തെ’ കെട്ടിപ്പടുത്തതായും 2021-ൽ ചൈന പ്രഖ്യാപിച്ചു.

ചൈനയില്‍ ജനിക്കുന്നവരുടെ ആയുർദൈർഘ്യം 1978-ൽ 66 വർഷമായിരുന്നത്  2019-ഓടെ 77 വർഷമായി ഉയർന്നു. ശിശുമരണനിരക്ക് 1978-ൽ ആയിരത്തില്‍ 52 ആണെങ്കില്‍  2019-ഓടെ അത് ‌ആയിരത്തില്‍ വെറും 6.8 ആയി കുറഞ്ഞു. 40 വര്‍ഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ രം​ഗങ്ങളിലും സമ​ഗ്രമായ കുതിച്ചുകയറ്റമുണ്ടായി. മാനവ വികസനസൂചികയില്‍ 1990-ൽ 144 രാജ്യത്തില്‍  106–--ാം സ്ഥാനത്തായിരുന്ന ചൈന 2019-  189 രാജ്യത്തില്‍ 85–---ാം സ്ഥാനത്തെത്തി.

ഇച്ഛാശക്തിയോടെയുള്ള 
ഇടപെടല്‍

ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ചയും ശരിയായ നയങ്ങളുമാണ്  ചൈനയുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വഴിയൊരുക്കിയത്.  ദരിദ്രർക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ ലഭിച്ചതോടെ സ്വാഭാവികമായി മികച്ച വരുമാനം ലഭിച്ചു.
ദ്രുതവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയ്ക്കൊപ്പം വിശാലമായ സാമ്പത്തിക പരിവർത്തനവും രാജ്യത്ത് സംഭവിച്ചു. പരിഷ്കാരങ്ങള്‍ ആരംഭിച്ചത് കാര്‍ഷികമേഖലയിലാണ്. താഴെത്തട്ടിലുള്ള കര്‍ഷകര്‍ക്ക് വിപണി ഇളവുകള്‍ ലഭിച്ചതോടെ ഉൽപ്പാദനക്ഷമത ഉയര്‍ന്നു. പ്രത്യേക വൈദ​ഗ്ധ്യം വേണ്ടാത്തതും അധ്വാനം ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ചത് കാര്‍ഷികേതര തൊഴിലാളികള്‍ക്ക് ​ഗുണകരമായി. ന​ഗരവൽക്കരണം കുടിയേറ്റക്കാരായ തൊഴിലാളികളുടെ ജീവിതാവസ്ഥ ഉടച്ചുവാര്‍ത്തു. അടിസ്ഥാന സൗകര്യമേഖലയില്‍ പൊതുനിക്ഷേപം വന്‍തോതില്‍ എത്തിയെന്നും ലോകബാങ്ക് വിലയിരുത്തി. ഓരോ മേഖലയിലും പരിഷ്കാരങ്ങള്‍ പിടിപടിയായാണ് സംഭവിച്ചത്.  
  
  ഭൂമിശാസ്ത്രപരമായും സാമ്പത്തിക അവസരങ്ങളുടെ അഭാവത്താലും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ ലക്ഷ്യംവച്ചാണ് ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനം ആവിഷ്കരിച്ചത്. പിന്നാക്കമേഖലയെ മൊത്തത്തില്‍ സമീപിക്കുന്നതിനു പകരം ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം ഇടപെടലുകളുണ്ടായി. ദരിദ്ര കുടുംബങ്ങൾക്ക് പ്രത്യേക സാമൂഹിക സംരക്ഷണ പദ്ധതികള്‍ ഒരുക്കി.  അതിവിശാലവും വൈവിധ്യം നിറഞ്ഞതുമായ രാജ്യത്ത് അതിസൂക്ഷ്‌മതലത്തില്‍ ഇടപെടല്‍ നടത്താന്‍ നേതൃത്വത്തിന്റെ ഇച്ഛാശക്തിയോടെയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ ഇടപെടലുകളാണ് വഴിയൊരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top