25 April Thursday
ചൈനീസ് പ്രസിഡന്റ് സൗദിയില്‍

സഹകരണം ശക്തം; ചൈന സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി

അനസ് യാസിന്‍Updated: Thursday Dec 8, 2022

മനാമ > ഗള്‍ഫ് അറബ് മേഖലയുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനം ഇതിനുള്ള കാല്‍വെയ്പ്പാകുമെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള സഹകരണം ശക്താമാകുന്നത് അറബ് മേഖലയുടെ ജിയോപൊളിറ്റിക്കല്‍ രംഗത്ത് പ്രകടമായ മാറ്റമുണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
 
ഷിയുടെ സന്ദര്‍ശനത്തിലെ പ്രധാന ഹൈലറ്റ്‌സ് വെള്ളിയാഴ്ച റിയാദില്‍ നടക്കുന്ന സഹകരണത്തിനും വികസനത്തിനുമുള്ള അറബ്‌ചൈന ഉച്ചകോടിയാണ്. ഉച്ചകോടിയില്‍ 14 അറബ് രാഷ്ട്രതലവന്‍മാരും വിദേശ മന്ത്രിമാരും പങ്കെടുക്കും. ജിസിസി ഭരണാധികാരികളുമായി ഷി കൂടിക്കാഴ്ച നടത്തും.  
 
ജനകീയ ജനാധിപത്യ ചൈന സ്ഥാപിതമായശേഷം ചൈനയും അറബ് ലോകവും തമ്മിലുള്ള ഏറ്റവും വലുതും ഉന്നതവുമായ നയതന്ത്ര സംഭവമാണ് ചൈന-അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഷിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അറിയിച്ചു. ഇത് ചൈന-അറബ് ബന്ധങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും. ഉച്ചകോടി ഇരു മേഖലകളും തമ്മിലുള്ള ബന്ധത്തിന് ഭാവി അജണ്ട നിശ്ചയിക്കും. പ്രധാന പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കൂടുതല്‍ തന്ത്രപരമായ പൊതു ധാരണകള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്നും ബഹുരാഷ്ട്രവാദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും വക്താവ് പറഞ്ഞു.
 
പാശ്ചാത്തല സൗകര്യങ്ങള്‍ നവീകരിക്കാനുള്ള സൗദിയുടെ നീക്കത്തില്‍ നിര്‍മ്മാണ സ്ഥാപനങ്ങളും ടെലികോം ഭീമനായ ഹുവാവേയും അടക്കം നിരവധി വന്‍കിട ചൈനീസ് കമ്പനികള്‍ പ്രധാന പങ്കാളികളാണ്. കഴിഞ്ഞ വര്‍ഷം ചൈനക്ക് ഏറ്റവും അധികം എണ്ണ നല്‍കിയത് സൗദിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. സൗദിയിലേക്ക് ഏറ്റവും അധികം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 2018 മുതല്‍ സൗദി ഏറ്റവും അധികം കയറ്റുമതി നടത്തുന്നത് ചൈനയിലേക്കാണ്. കഴിഞ്ഞ വര്‍ഷ, ഉഭയകക്ഷി വ്യാപാരം 30,900 കോടി റിയാലായി ഉയര്‍ന്നു. 2020നെ അപേക്ഷിച്ച് 39 ശതമാനം വളര്‍ച്ച. ഇക്കാലയളവില്‍ ചൈന അറബ് രാജ്യങ്ങളില്‍ 19,690 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. ഇതില്‍ 3,990 കോടി ഡോളറും സൗദിയിലായിരുന്നു. ചൈനയും ആറ് രാജ്യങ്ങളുടെ ഗള്‍ഫ് സഹകരണ കൗണ്‍സിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ചൈനയില്‍ വന്‍കിട എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ സൗദി അരാംകോ നടത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ഹുവായുമായി ചേര്‍ന്ന് സൗദി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചൈനയുടെ വൈദഗ്ധ്യം ഉപയോഗിച്ച് സൗദി സ്വന്തമായി ഡ്രോണുകള്‍ നിര്‍മ്മിക്കാനും തുടങ്ങി.
 
അതേസമയം, യുഎസ്-സൗദി വ്യാപാരം 2012ലെ 76 ബില്യണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 29 ബില്യണ്‍ ഡോളറായി ചുരുങ്ങി. അമേരിക്കയുമായുള്ള ബന്ധത്തിന് കുറച്ചുകാലമായി ഉലച്ചിലേറ്റു. പ്രധാന സുരക്ഷാ പങ്കാളിയായ അമേരിക്കയുടെ മേഖലയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പ്രാദേശിക സംശയങ്ങള്‍ വര്‍ദ്ധിച്ചതിനെതുടര്‍ന്ന് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയുമായും റഷ്യയുമായും ബന്ധം ശക്തിപ്പെടുത്തുന്ന കാഴ്ചയാണ്. യുഎസ് എതിര്‍പ്പുകള്‍ അവഗണിച്ച് ഒപെക് പ്ലസ് ഒക്ടോബറില്‍ ഉല്‍പാദന ലക്ഷ്യങ്ങള്‍ വെട്ടിക്കുറക്കാനെടുത്ത തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.
 
അറബ് മേഖലയുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാകും ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ 11,000 കോടി റിയാലിന്റെ 20 ലധികം പ്രാരംഭ കരാറുകള്‍ ഒപ്പുവെക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി-ചൈന തന്ത്രപ്രധാന പങ്കാളിത്ത ചാര്‍ട്ടറിലും ഒപ്പുവെക്കും. സൗദിയുടെ വിഷന്‍ 2030 പദ്ധതിക്കും ചൈനയുടെ ബെല്‍റ്റ് റോഡ് സംരഭത്തിനും ഇടയിലുള്ള സമന്വയ പദ്ധതിയും സൗദി-ചൈന സഹകരണത്തിനുള്ള പ്രിന്‍സ് സല്‍മാന്‍ പുരസ്‌കാരവും ഉച്ചകോടിയില്‍ പ്രഖ്യാപിക്കും. വെള്ളിയാഴ്ച റിയാദിലാണ് അറബ്-ചൈന ഉച്ചകോടി നടക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
 
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബുധനാഴ്ച വൈകീട്ടാണ് സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ബീജിംഗിലേക്ക് മടങ്ങും. ശനിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ചൈന-അറബ് ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കും.
 
ചൈനീസ് പ്രസിഡന്റിനെ വഹിച്ചുള്ള ഔദ്യോഗിക വിമാനം സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ നാല് യുദ്ധവിമാനങ്ങളും റിയാദിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം രാജകീയ എയറോബാറ്റിക് ടീമിന്റെ ആറ് സൗദി ഹ്വാക്ക് ജെറ്റുകളും അകമ്പടി സേവിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോള്‍ അദ്ദേഹത്തിന് ഗംഭീരവും ഊഷ്മളവുമായ സ്വീകരണമാണ് ലഭിച്ചത്. 21 തോക്കുകളുള്ള സല്യൂട്ട് വരവ് അറിയിച്ചു. സൗദി ഹ്വാക്ക് ജറ്റുകള്‍ ബഹുമാന സൂചകമായി ചൈനയുടെ ദേശീയ പതാകയുടെ നിറങ്ങളിലുള്ള ചുവപ്പും മഞ്ഞയും നിറങ്ങള്‍ ആകാശത്തു തീര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top