28 March Thursday

യുഎസിന് ജനാധിപത്യം "സര്‍വനാശത്തിനുള്ള ആയുധം' : ചൈന

വെബ് ഡെസ്‌ക്‌Updated: Sunday Dec 12, 2021

ബീജിങ് > ലോകത്തെ ഭിന്നതയും ഏറ്റുമുട്ടലുകളും ഉത്തേജിപ്പിക്കാന്‍ അമേരിക്ക ജനാധിപത്യത്തെ "സര്‍വനാശത്തിനുള്ള ആയുധ'മാക്കുകയാണെന്ന് ചൈന.ലോകമാകെയുള്ള ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്ക നടത്തിയ പ്രഹസനം മാത്രമായിരുന്നു "ജനാധിപത്യ ഉച്ചകോടി'യെന്നും ബൈഡന്റെ  ഇത്തരം മുന്നണികളെ ഒറ്റപ്പെടുത്തണമെന്നും ചൈന പ്രസ്താവനയിറക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നൂറിലധികം ലോകനേതാക്കളും കോര്‍പ്പറേറ്റ് അധിപരും പങ്കെടുത്ത ദ്വിദിന ജനാധിപത്യ ഉച്ചകോടി വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ഉച്ചകോടിയിലേക്ക് ചൈനയെയും റഷ്യയെയും ക്ഷണിച്ചില്ല. തയ്‍വാനെ ക്ഷണിച്ച് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.

ജനാധിപത്യത്തെ ആയുധമാക്കുന്നതിന്റെ ഫലമായി സംഘര്‍ഷവും ദുരന്തവും മാത്രമേ ഉണ്ടാകൂയെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.സ്വന്തം രാഷ്ട്രീയനയങ്ങളും ലക്ഷ്യങ്ങളും മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്ന അമേരിക്ക അതിനെ ജനാധിപത്യ പരിഷ്കാരങ്ങളെന്ന് ചിത്രീകരിക്കുന്നു. എതിര്‍ക്കുന്നവര്‍ക്കുനേരെ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തി സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്നു. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ അമേരിക്ക ഉപയോഗിക്കുന്ന ആയുധമായി "ജനാധിപത്യം' മാറി. ഐക്യരാഷ്ട്രസംഘടനയുടെ വ്യവസ്ഥകളും അന്താരാഷ്ട്ര നിയമവും അമേരിക്ക മാനിക്കുന്നില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.

ക്ഷണം ലഭിച്ചെങ്കിലും പാകിസ്ഥാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തില്ല. "സര്‍വനാശത്തിനുള്ള ആയുധം' കൈവശമുണ്ടെന്ന് ആരോപിച്ചാണ് അമേരിക്ക ഇറാഖില്‍ അടക്കം അധിനിവേശം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top