18 September Thursday

കാട്ടുതീ ; കലിഫോര്‍ണിയയില്‍ 
അടിയന്തരാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022


സാക്രമെന്റോ
മൂന്നുദിവസമായി നിയന്ത്രണവിധേയമാകാതെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കലിഫോര്‍ണിയയിൽ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ സജീവമായി തുടരുന്ന ഏറ്റവും വലിയ കാട്ടുതീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്‌. യോസെമൈറ്റ് ദേശീയ പാര്‍ക്കിന് സമീപത്തെ    മരിപോസ കൗണ്ടിയിലെ മിഡ്പൈന്‍സ് ന​ഗരത്തില്‍ വെള്ളി ഉച്ചയ്ക്കുശേഷം കാട്ടുതീ പടര്‍ന്നതോടെ 6000 പേരെ മാറ്റി താമസിപ്പിച്ചു. 10 വീടും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. അഞ്ച് വീട്‌ ഭാ​ഗികമായി നശിച്ചു. സിയേറ ദേശീയവനത്തിലേക്ക് തീ പടരുന്നത് തടയാനായിട്ടുണ്ട്‌.

നാലുവിമാനവും 45 യൂണിറ്റ്‌ അഗ്നിശമനസേനാ വാഹനവും 400 സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്‌. അടുത്തയാഴ്ചവരെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകില്ലെന്ന്‌ അഗ്നിശമനസേനാ വക്താവ് നാടാഷ ഫൗട്സ് അറിയിച്ചു. 12,000 ഏക്കര്‍ കത്തിനശിച്ചതായും അവര്‍ പറഞ്ഞു.
ജൂലൈ ഏഴിന് യോസെമൈറ്റ് പാര്‍ക്കിന്റെ വാവോന മേഖലയില്‍ ആരംഭിച്ച തീപിടിത്തത്തില്‍ ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സെക്കോയ മരങ്ങള്‍ ഭാ​ഗികമായി നശിച്ചു. പ്രദേശവാസികളായ ആയിരത്തോളം പേരെ ഒഴിപ്പിക്കുകയും റോ‍ഡ് ​ഗതാ​ഗതം നിര്‍ത്തുകയും ചെയ്തിരുന്നു. വാവോന റോ‍ഡ് ശനിയാഴ്ചയാണ് തുറന്നുകൊടുത്തത്. കലിഫോര്‍ണിയയില്‍മാത്രം കഴിഞ്ഞവര്‍ഷം ഏകദേശം 9000 തീപിടിത്തത്തില്‍ 25 ലക്ഷം ഏക്കര്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top