25 April Thursday

ബുർക്കിന ഫാസോയില്‍ പട്ടാള അട്ടിമറി ; പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

videograbbed image


ഔഗാഡൗഗൗ
ബുർക്കിന ഫാസോ പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതായി സൈന്യം. രാജ്യത്ത് രൂക്ഷമായ ഭീകരാക്രമണം ചെറുക്കാന്‍ ആയുധങ്ങളില്ലെന്ന് ആരോപിച്ചാണ് സൈന്യത്തിന്റെ നടപടി.

ഞായർ  രാത്രി മുതല്‍ തലസ്ഥാനത്തെ സൈനിക താവളത്തില്‍നിന്നും പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും വെടിയൊച്ച കേട്ടു. തിങ്കളാഴ്ച വൈകിട്ടോടെ സൈന്യം നേതൃത്വം നല്‍കുന്ന സംഘടനയായ പാട്രിയോട്ടിക് മൂവ്‌മെന്റ് ഫോർ സേഫ്ഗാർഡിങ് ആന്‍ഡ് റീസ്റ്റൊറേഷന്‍ അധികാരമേറ്റെടുത്തതായി സൈന്യം അറിയിച്ചു. അൽ-ഖ്വയ്ദ, ഐഎസ് അടക്കമുള്ള തീവ്രവാദി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് മാസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നു.  തലസ്ഥാനത്ത് പ്രതിഷേധക്കാര്‍​ ആഹ്ലാദപ്രകടനം നടത്തി.അട്ടിമറിക്കു പിന്നാലെ സൈനിക ഭരണകൂടം അതിര്‍ത്തികള്‍ അടച്ച് രാജ്യത്ത് കര്‍ഫ്യൂ എര്‍പ്പെടുത്തി. ഭരണഘടന താല്‍ക്കാലികമായി മരവിപ്പിച്ച് പാര്‍ലമെന്റ് പിരിച്ചുവിട്ടു.

തടവിലാക്കിയ പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യൻ കബോര്‍ സുരക്ഷിതനാണെന്ന് സൈന്യം വ്യക്തമാക്കി. കബോർ ഒപ്പിട്ടതെന്ന് കരുതുന്ന രാജികത്ത് പുറത്തുവന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോ​ഗമനത്തിനുമായി  അധികാരം ഒഴിയുകയാണെന്ന് കത്തില്‍ പറയുന്നു. നിരവധി ആഫ്രിക്കൻ നേതാക്കളും അന്താരാഷ്ട്ര സംഘടനകളും സൈന്യത്തിന്റെ നീക്കത്തെ അപലപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top