19 March Tuesday

ഭരണ പ്രതിസന്ധി രൂക്ഷം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ പുറത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

ലണ്ടൻ> ഭരണത്തിൽ അതൃപ്‌തി രേഖപ്പെടുത്തി മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജി തുടരുന്നതോടെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ രാജിവെക്കാനൊരുങ്ങുന്നു. വ്യാഴാഴ്‌ച‌‌ വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ മന്ത്രിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 34 പേരാണ് രാജിവെച്ചത്.

കൺസർവേറ്റീവ്‌ ചീഫ്‌ വിപ്പ്‌ ക്രിസ്‌ പിഞ്ചറിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ ബോറിസ്‌ ജോൺസൻ സ്വീകരിച്ച നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ചാണ്‌ രാജിപ്രളയം. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാൻ സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങളിലും മന്ത്രിമാർ അതൃപ്‌തി പ്രകടിപ്പിച്ചു. കോവിഡിൽ രാജ്യം മുഴുവൻ അടച്ചിട്ടപ്പോൾ വിരുന്നുകളിൽ പങ്കെടുത്തതോടെയാണ്‌ ബോറിസ്‌ ജോൺസനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈവിട്ടത്‌.

കൺസർവേറ്റീവ്‌ അംഗങ്ങളുടെ അവിശ്വാസപ്രമേയത്തെ കഴിഞ്ഞമാസം അതിജീവിച്ചെങ്കിലും ധാർമികതയുടെ പേരിൽ ജോൺസൻ രാജിവയ്‌ക്ക‌‌ണമെന്ന ആവശ്യം സ്വന്തം പാർടിയിൽനിന്നും ഉയർന്നു. അതിനിടെയാണ്‌ നേരത്തേതന്നെ ലൈംഗികാരോപണം നേരിട്ടിരുന്ന പിഞ്ചറിനെ പ്രധാനസ്ഥാനത്തേക്ക്‌ നിയമിച്ച്‌ വീണ്ടും കുടുക്കിലായത്‌.

ജോൺസൻ രാജിവച്ചാൽ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ റിഷി സുനാക്‌ ഉൾപ്പെടെയുള്ളവരുടെ പേരും ഉയരുന്നു. എന്നാൽ, പാർലമെന്റ്‌ ലെയ്‌സൻ കമ്മിറ്റിയുടെ ചോദ്യംചെയ്യലിന്‌ ഹാജരായ ജോൺസൻ, രാജി വയ്‌ക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ചൊവ്വ രാത്രി രാജിവച്ച ധനമന്ത്രി റിഷി സുനാകിന്‌ പകരം ഇറാഖി, കുർദിസ്ഥാൻ വംശജനായ നാദിം സഹാവിയെ നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top