29 March Friday

റെയിൽവേ പണിമുടക്ക്‌ പൂർണം: ബ്രിട്ടൻ സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ലണ്ടൻ> മൂന്നു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ തൊഴിൽസമരത്തിൽ സ്‌തംഭിച്ച്‌ ബ്രിട്ടൻ. 13 ട്രെയിൻ ഓപ്പറേറ്റിങ്‌ കമ്പനിയിലെ അരലക്ഷം ജീവനക്കാരാണ്‌ വേതനവർധന ആവശ്യപ്പെട്ട്‌ ചൊവ്വാഴ്ച പണിമുടക്കിയത്‌. ലണ്ടനിലെ ഭൂഗർഭ ട്രെയിൻ സർവീസായ ട്യൂബും നിശ്ചലമായി. അർധരാത്രിമുതൽ തുടങ്ങിയ പണിമുടക്ക്‌ പൂർണവിജയമെന്ന്‌ ജീവനക്കാരുടെ സംഘടനയായ ആർഎംടി അറിയിച്ചു. സര്‍വീസ് നടത്താനായത് 20 ശതമാനം ട്രെയിൻ മാത്രം.

ബ്രിട്ടനിൽ  റെയിൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടത്തിയിട്ട് വര്‍ഷങ്ങളായി. കോവിഡ്‌ പ്രതിസന്ധിക്കു പുറമേ 40 വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റവും സാധാരണക്കാരെ ദുരിതത്തിലാക്കി. ഇക്കൊല്ലവും വേതനവർധനയില്ലെന്ന്‌ റെയിൽ ഓപ്പറേറ്റിങ്‌ കമ്പനികൾ പ്രഖ്യാപിച്ചതോടെയാണ്‌ 1989നുശേഷമുള്ള ഏറ്റവും വലിയ ദേശീയ പണിമുടക്കിലേക്ക്‌ തൊഴിലാളികൾ നീങ്ങിയത്. ഏഴു ശതമാനം വേതനവർധന, ആരോഗ്യകരമായ തൊഴിൽസാഹചര്യം, കൂട്ടപ്പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.  ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ത്രദിന ദേശീയ പണിമുടക്കാണ് പ്രഖ്യാപിച്ചത്‌. പണിമുടക്ക്‌ ഒഴിവാക്കാനുള്ള അവസാനഘട്ട ശ്രമമെന്ന നിലയിൽ തിങ്കളാഴ്ച ആർഎംടിയുടെ മുൻകൈയിൽ പൊതുമേഖലാ സ്ഥാപനമായ നെറ്റ്‌വർക്ക്‌ റെയിലും മറ്റ്‌ സ്വകാര്യ ഓപ്പറേറ്റിങ്‌ കമ്പനികളുമായി ചർച്ച നടത്തി. മൂന്നുശതമാനം വേതനവർധനയെന്ന കമ്പനി നിർദേശം തൊഴിലാളികൾ തള്ളി.

ആനുപാതിക വേതനവർധന സാധ്യമല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. സമരദിനത്തില്‍ കൂടുതല്‍ കരാര്‍ ജോലിക്കാരെ പണിക്കെടുക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തി പ്രക്ഷോഭത്തെ തകര്‍ക്കാനും യുകെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
റെയിൽവേക്കായുള്ള ഫണ്ടിൽനിന്ന്‌ 400 കോടി പൗണ്ട്‌ (ഏകദേശം 38,345 കോടി രൂപ) വെട്ടിക്കുറച്ച കൺസർവേറ്റീവ്‌ സർക്കാർ തൊഴിൽസമരം ഒത്തുതീർപ്പാക്കുന്നതിൽനിന്ന്‌ പിന്നോട്ട്‌ പോകുകയാണെന്ന്‌ ആർഎംടി ജനറൽ സെക്രട്ടറി മിക്ക്‌ ലിഞ്ച്‌ പറഞ്ഞു. പിരിച്ചുവിടൽ, പെൻഷൻ മാനദണ്ഡങ്ങളിലെ മാറ്റം എന്നിവയ്ക്കെതിരായാണ്‌ ട്യൂബ്‌ ജീവനക്കാർ പണിമുടക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top