28 March Thursday

ബ്രസീലിന്‌ ഇനി ലുല തണൽ ; 35 ക്യാബിനറ്റ്‌ മന്ത്രിമാരിൽ 11 വനിതകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 1, 2023

image credit lula da silva twitter


ബ്രസീലിയ
ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവ  ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റു. മൂന്നാം തവണ ബ്രസീൽ പ്രസിഡന്റാകുന്ന ലുല, ഒക്‌ടോബർ 30നു നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ്‌ ജയ്‌ർ ബോൾസനാരോയെയാണ്‌ പരാജയപ്പെടുത്തിയത്‌.
അധികാരം നഷ്ടമായ ബോൾസനാരോ അനുകൂലികൾ രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ കനത്ത സുരക്ഷ ഒരുക്കി. തലസ്ഥാനമായ ബ്രസീലിയയില്‍ രാഷ്ട്രപതിയുടെ കൊട്ടാരമായ പലന്‍സിയോ ഡോ പ്ലനാല്‍റ്റോയുടെ മുന്നില്‍ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തിയത്.

മുൻവർഷങ്ങളിൽ മികച്ച ഭരണാധികാരിയായി പേരെടുത്ത ലുലയ്‌ക്ക്‌ രാജ്യത്തിന്റെ നിലവിലെ സാമ്പത്തികത്തകർച്ച വലിയ വെല്ലുവിളി ഉയർത്തുമെന്നാണ്‌ റിപ്പോർട്ടുകൾ. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളിലൂടെ ജനകീയ പ്രസിഡന്റായിരുന്ന ലുല പദവി ഒഴിഞ്ഞതോടെയാണ്‌ രാജ്യം മറ്റെങ്ങും കാണാത്ത സാമ്പത്തികമാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തിയത്‌. കോവിഡ്‌ പ്രതിസന്ധി സ്ഥിതി കൂടുതൽ രൂക്ഷമാക്കി.  

സ്ഥാനാരോഹണത്തിനു മുന്നോടിയായി ലുല 16 മന്ത്രിമാരെ നിയമിച്ചിരുന്നു. 35 ക്യാബിനറ്റ്‌ മന്ത്രിമാരിൽ 11 ഉം വനിതകളാണ്‌. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സിൽവയാണ്‌ പരിസ്ഥിതി മന്ത്രി. ആമസോൺ സംരക്ഷണം പ്രധാന അജൻഡയാണെന്ന പ്രഖ്യാപനമാണ്‌ അനധികൃത വന നശീകരണത്തിനെതിരായും ഖനി മാഫിയക്കെതിരായും ശക്തമായ നിലപാടെടുത്ത്‌ ശ്രദ്ധേയയായ മറീന സിൽവയുടെ നിയമനം. 2003–- 2010ൽ ലുല പ്രസിഡന്റായിരിക്കുമ്പോഴും  മറീന സിൽവയായിരുന്നു പരിസ്ഥിതി മന്ത്രി. ബോൾസനാരോയുടെ ഭരണകാലത്ത്‌ 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വന നശീകരണമാണ്‌ സംഭവിച്ചത്.  ആരോഗ്യം, സംസ്‌കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്‌ത്ര സാങ്കേതികവികസനം വകുപ്പുകളിലും വനിതാ മന്ത്രിമാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top