19 April Friday

ഇടതുപക്ഷ വിജയം: ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2022

Lula da Silva /www.facebook.com/photo

സാവോ പോളോ
ലാറ്റിനമേരിക്കൻ ഇടത്‌ വസന്തത്തിന്‌ കരുത്തേകി ബ്രസീൽ വീണ്ടും ചുവന്നുതുടുത്തു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പിലും തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയ്‌ർ ബോൾസനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ, ട്രേഡ് യൂണിയന്‍ നേതാവ് ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവയ്ക്ക്‌ (77) വമ്പൻ ജയം. വർക്കേഴ്‌സ്‌ പാർടി നേതാവും മുൻ പ്രസിഡന്റുമായ ലുലയ്ക്ക്‌ 50.9 ശതമാനം വോട്ടും ബോൾസനാരോയ്ക്ക്‌ 49.1 ശതമാനം വോട്ടും ലഭിച്ചു. ആദ്യം പ്രസിഡന്റായി 20 വർഷത്തിനുശേഷമാണ്‌ ഇപ്പോഴത്തെ ജയം. ജനുവരി ഒന്നിന്‌ സത്യപ്രതിജ്ഞ ചെയ്യും. മൂന്നാംവട്ടമാണ് പ്രസിഡന്റാകുന്നത്. 2003ലും 2007ലുമാണ്‌ മുമ്പ്‌ പ്രസിഡന്റായത്‌.

ലുലയുടെ തിരിച്ചുവരവ് ആഘോഷിക്കാന്‍  സാവോ പോളോയടക്കം സുപ്രധാന ന​ഗരങ്ങള്‍ ജനസാ​ഗരമായി. ‘ബ്രസീലിനെ തിരിച്ചുപിടിച്ചു’ എന്ന്‌ ആർത്തുവിളിച്ച്‌ ജനം ആഹ്ലാദം പങ്കിട്ടു. ബ്രസീലിന്റെയാകെ വിജയമാണെന്നും രാജ്യത്തെ വീണ്ടെടുക്കുമെന്നും  ലുല രാജ്യത്തിന് ഉറപ്പുനല്‍കി. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് ലുലയുടെ തിരിച്ചുവരവ്‌. -2017ൽ അഴിമതിക്കേസിൽ കുടുക്കി 580 ദിവസം ജയിലിലടച്ചു. 2018ലെ തെരഞ്ഞെടുപ്പിൽനിന്ന്‌ മാറിനിന്നു. 2021 മാർച്ചിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെയാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്. പട്ടിണിയിൽ ജനിച്ചുവളർന്ന മുൻ ഫാക്ടറി തൊഴിലാളികൂടിയാണ്‌ ലുല. സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെയാണ് നേതൃനിരയിലെത്തിയത്.

മേൽത്തട്ടുകാരുടെയും ഇവാഞ്ചലിക്കൽ ചർച്ചിന്റെയും പ്രീതിനേടി ജയിക്കാമെന്നായിരുന്നു ‘ഡോണൾഡ്‌ ട്രംപിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്‌’ എന്ന വിശേഷണമുള്ള ബോൾസനാരോയുടെ കണക്കുകൂട്ടൽ.   ഒക്ടോബർ രണ്ടിന്‌ നടന്ന ആദ്യ വട്ട വോട്ടെടുപ്പിലും 48 ശതമാനം വോട്ടോടെ ലുല മുന്നിലെത്തിയിരുന്നു. സാവോ പോളോയുടെ മുൻ ഗവർണർ കൂടിയായ ജെറാൾഡോ അൽക്ക്‌മിന വൈസ് പ്രസിഡന്റാകും.

ഇടത്‌ വസന്തം
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷത്തിന്റെ ഉജ്വലമായ മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ലുലയുടെ വിജയം. അമേരിക്ക തുടർച്ചയായി നടത്തുന്ന അട്ടിമറി നീക്കങ്ങളെ അതിജീവിച്ച് ക്യൂബ മുതൽ മെക്സിക്കോയും പനാമയും പെറുവും ബൊളീവിയയും നിക്കരാഗ്വയും ഹോണ്ടുറാസും അര്‍ജന്റീനയുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. അലൻഡെ പുറത്താക്കപ്പെട്ട്‌ 48 വർഷത്തിനുശേഷം 2021 ഡിസംബറിൽ ഗബ്രിയേൽ ബോറിക്കിലൂടെ ചിലിയിൽ ഇടതുപക്ഷം അധികാരത്തിൽ എത്തി. 212 വർഷത്തെ രാജ്യചരിത്രം തിരുത്തിയാണ് 2022 ജൂണിൽ ഗുസ്താവോ പെത്രോയിലൂടെ കൊളംബിയയും രക്തപതാകയുടെ പക്ഷം ചേര്‍ന്നത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top