26 April Friday

ബ്രിട്ടന്‌ സ്വാതന്ത്ര്യം ലഭിച്ചെന്ന്‌ ജോൺസൺ ; ആശങ്ക തീരാതെ ബ്രെക്‌സിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021


ലണ്ടൻ
ലോകം പ്രത്യാശയോടെ പുതുവർഷത്തിലേക്ക്‌ കടന്നപ്പോൾ ബ്രിട്ടൻ 47 വർഷത്തെ ബാന്ധവം അവസാനിപ്പിച്ച്‌ യൂറോപ്യൻ യൂണിയനിൽനിന്ന്‌ സ്വതന്ത്രമായി. ഇയു ആസ്ഥാനമായ ബ്രസെൽസിൽ വ്യാഴാഴ്‌ച അർധരാത്രിയായപ്പോൾ, ബ്രിട്ടനിൽ രാത്രി 11ന്‌ ബ്രിട്ടീഷ്‌ പാർലമെന്റ്‌ മന്ദിരത്തിലെ കൂറ്റൻ മണി(ബിഗ്‌ ബെൻ) 11വട്ടം മുഴങ്ങിയതോടെയാണ്‌ ഇരുപക്ഷത്തും ആശങ്കകൾ അവശേഷിപ്പിച്ച്‌ വേർപിരിയൽ പൂർത്തിയായത്‌. ഇന്ത്യയിൽ അപ്പോൾ സമയം വെള്ളിയാഴ്‌ച പുലർച്ചെ നാലര. കൊറോണയുടെ പുതിയ വകഭേദത്തിന്റെ പ്രഭവകേന്ദ്രമായ ബ്രിട്ടനിൽ ഈ ചരിത്രനിമിഷത്തിന്റെ ആഹ്ലാദമോ ദുഃഖമോ പ്രകടിപ്പിക്കാൻ വലിയ ഒത്തുചേരലുകൾ ഉണ്ടായില്ല.

പിന്നീട്‌ പുറത്തിറക്കിയ വീഡിയോ പുതുവർഷസന്ദേശത്തിൽ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ ഇത്‌ ഈ രാജ്യത്തിന്‌ വിസ്‌മയകരമായ നിമിഷമാണെന്ന്‌ വിശേഷിപ്പിച്ചു. ‘നമുക്ക്‌ നമ്മുടെ സ്വാതന്ത്ര്യം കൈയിൽ കിട്ടിയിരിക്കുന്നു. അതിൽനിന്ന്‌ പരമാവധി പ്രയോജനം നേടേണ്ടത്‌ നമ്മളാണ്‌’ എന്ന്‌ ജോൺസൺ പറഞ്ഞു. എന്നാൽ, പകുതിയോളം ബ്രിട്ടീഷുകാർക്കുള്ള ആശങ്കയുടെ പ്രതിഫലനമായി ജോൺസന്റെ പിതാവ്‌ സ്‌റ്റാൻലി ജോൺസൺ ഫ്രഞ്ച്‌ പൗരത്വത്തിന്‌ അപേക്ഷിച്ചിരിക്കുകയാണ്‌. ഇനി ബ്രിട്ടീഷുകാർക്ക്‌ മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളിലും തിരിച്ചും പഴയതുപോലെ വിസയില്ലാതെ കഴിയാനും ജോലി ചെയ്യാനുമാകില്ല.

ആശങ്ക തീരാതെ ബ്രെക്‌സിറ്റ്‌
2016 ജൂണിലാണ്‌ യൂറോപ്യൻ കച്ചവട കൂട്ടായ്‌മയിൽനിന്ന്‌ പുറത്തുകടക്കാൻ ഹിതപരിശോധനയിൽ ബ്രിട്ടീഷ്‌ ജനത തീരുമാനിച്ചത്‌. ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ 52 ശതമാനം വരുന്ന 1.74 കോടി ആളുകൾ വേർപിരിയലിനെ(ബ്രെക്‌സിറ്റ്‌) അനുകൂലിച്ചപ്പോൾ 48 ശതമാനം വരുന്ന 16.1 ശതമാനം ബ്രിട്ടീഷുകാർ എതിർത്തു. പ്രധാനമന്ത്രി ഡേവിഡ്‌ കാമറണിന്റെ രാജിക്കിടയാക്കിയ ബ്രെക്‌സിറ്റ്‌ ഫലത്തെ തുടർന്ന്‌ തെരേസ മേ പ്രധാനമന്ത്രിയായി. എന്നാൽ, മൂന്ന്‌ വർഷമായിട്ടും ബ്രെക്‌സിറ്റ്‌ യാഥാർഥ്യമാക്കാൻ കഴിയാതെ അവർ രാജിവച്ചപ്പോൾ 2019 ജൂണിൽ ബോറിസ്‌ ജോൺസൺ പ്രധാനമന്ത്രിയായി. എന്നിട്ടും ആ വർഷാവസാനമാണ്‌ വേർപിരിയലിന്‌ കരാറായത്‌. തുടർന്ന്‌, 2020 ജനുവരി 31ന്‌ ബ്രിട്ടൻ സാങ്കേതികമായി ഇയു വിട്ടു. തുടർന്നും ബ്രിട്ടന്‌ വോട്ടവകാശം ഒഴികെ ഇയു അംഗങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ ലഭിച്ച 11 മാസത്തെ പരിവർത്തനകാലമാണ്‌ വ്യാഴാഴ്‌ച സമാപിച്ചത്‌.
ഇതിന്‌ മുന്നോടിയായി ഇയുവും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കിയത്‌ ഒരാഴ്‌ച മുമ്പ്‌ ക്രിസ്‌മസിന്റെ തലേന്നാണ്‌. 1200ലധികം പേജ്‌ വരുന്ന ആ കരാറനുസരിച്ച്‌ ഇരുപക്ഷവും തമ്മിൽ വ്യാപാരത്തിന്‌ താരിഫുകളും ക്വാട്ടകളും ഉണ്ടായിരിക്കില്ല. എങ്കിലും ആളുകളുടെ ആശങ്കകൾ നിലനിൽക്കുന്നതിനാൽ ചരക്ക്‌ കമ്പനികൾ കൃത്യമായ തീരുമാനങ്ങൾക്ക്‌ കാക്കുകയാണ്‌. ഒരു പ്രധാന കമ്പനി 11വരെ ഇയുവിലേക്ക്‌ ചരക്കുനീക്കം നിർത്തിവച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top