20 May Friday
പ്രവാസികൾ ആശങ്കയിൽ

അബുദാബിയിൽ ഡ്രോണ്‍ ആക്രമണം; രണ്ട്‌ ഇന്ത്യക്കാരടക്കം മൂന്ന്‌ പേർ കൊല്ലപ്പെട്ടു

അനസ് യാസിന്‍Updated: Monday Jan 17, 2022

ഡ്രോൺ ആക്രമണത്തിൽ തകർന്ന ടാങ്കിൽനിന്ന് പുക ഉയരുന്നു videograbbed image


മനാമ
അബുദാബി മുസഫയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഹൂതിവിമതസേന അവകാശപ്പെട്ടു. സഖ്യസേനയില്‍ യുഎഇ അംഗമാണെങ്കിലും അറബ് എമിറേറ്റ്‌സിലെ എണ്ണമേഖല ലക്ഷ്യമിട്ട് ആക്രമണമുണ്ടാകുന്നത് ആദ്യം. ഇന്ത്യയില്‍ നിന്നടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളെ ആശങ്കയിലാഴ്‌ത്തുന്നതാണ് പുതിയ സംഭവവികാസം.

അബുദാബിയില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെ മുസഫയില്‍ ഐകാഡ് മൂന്നില്‍ തിങ്കള്‍ രാവിലെയാണ് സ്‌ഫോടനം. അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് സംഭരണശാലകള്‍ക്ക് സമീപമുള്ള മുസഫ വ്യാവസായിക മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്ധന ടാങ്കര്‍ ട്രക്കുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പടര്‍ന്നു. 

ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. ഡ്രോണ്‍ സമാനമായ വസ്തുവിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.  ഹൂതി ആക്രമണമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  മരിച്ചവരുടെ വിശദാംശം പുറത്തുവന്നിട്ടില്ല. പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്ന്‌ യുഎഇയിലെ ഇന്ത്യന്‍സ്ഥാനപതി സഞ്ജയ് സുധീര്‍ പ്രതികരിച്ചു.

യുഎഇ ലക്ഷ്യമിടുന്നത് ആദ്യം
​ഹൂതികള്‍ സൗദി നിരന്തരം ലക്ഷ്യമിടാറുണ്ടെങ്കിലും ആദ്യമായാണ് യുഎഇയില്‍ ആക്രമണം.  രണ്ടാഴ്ചമുമ്പ്, യുഎഇ ചരക്ക് കപ്പല്‍ ഹൂതിവിമതര്‍ പിടിച്ചെടുത്തിരുന്നു. ആലപ്പുഴ സ്വദേശി അടക്കമുള്ളവര്‍ കപ്പലിലുണ്ട്. ഇവരെ വിട്ടയക്കണമെന്ന് യുഎന്‍ രക്ഷാസമിതിയടക്കം ആവശ്യപ്പെട്ടിട്ടും ഹൂതികള്‍ വഴങ്ങിയിട്ടില്ല.

കുരുതിക്കളമായി യമന്‍
ആഭ്യന്തരകലാപം രൂക്ഷമായ യമനില്‍ 2015ലാണ് സൗദി നേതൃത്വത്തിലുള്ള സൈനികസഖ്യം ഇടപെട്ടത്. ഏഴുവര്‍ഷം നീണ്ട സംഘര്‍ഷത്തില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ പലായനം ചെയ്തു. സാമ്പത്തികമായി തകര്‍ന്ന രാജ്യം പട്ടിണിയുടെ വക്കില്‍. വടക്കന്‍ യമന്‍ നിയന്ത്രിച്ചിരുന്ന ഹൂതി സായുധസംഘം അമേരിക്കന്‍ അനുകൂലിയായ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഖാദിക്കെതിരെ നീക്കം ശക്തമാക്കിയത് രക്തരൂഷിതകലാപത്തിനാണ് വഴിവച്ചത്. 2014ല്‍ ഹൂതികള്‍ തലസ്ഥാനമായ സന പിടിച്ചടക്കി. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നാണ് സൗദി ആരോപണം. സൗദി സഖ്യസേന വ്യോമാക്രമണത്തില്‍ വന്‍തോതില്‍ ഹൂതികളെ കൊന്നൊടുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top