19 March Tuesday
ആക്രമിച്ചത്‌ പാക്‌ താലിബാൻ , കൊല്ലപ്പെട്ടവരിൽ ഏറെയും പൊലീസുകാരും സൈനികരും

പാക്കിസ്ഥാനിൽ പള്ളിയിൽ ചാവേറാക്രമണം: 46 മരണം, 157 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

 

പെഷാവർ
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷാവറിൽ മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 46 മരണം. 157 പേർക്ക്‌ പരിക്ക്. അതീവസുരക്ഷാ മേഖലയിലെ പള്ളിയിൽ മധ്യാഹ്ന പ്രാർഥനയ്ക്കെത്തിയ പൊലീസുകാരും ആന്റി ബോംബ്‌ സ്ക്വാഡ്‌ അംഗങ്ങളും സൈനികരുമാണ്‌ മരിച്ചവരിലേറെയും. 13 പേരുടെ നില ഗുരുതരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്‌ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. ആഗസ്തിൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നേതാവ്‌ ഉമർ ഖാലിദ്‌ ഖുറസാനിയെ വധിച്ചതിന്റെ പ്രതികാരമാണിതെന്നും സഹോദരനായ താലിബാൻ നേതാവ്‌ അവകാശപ്പെട്ടു.

പെഷാവർ പൊലീസ്‌ സൂപ്രണ്ടിന്റെ ഓഫീസിനു സമീപം പൊലീസ്‌ ലൈൻ ഏരിയയിലെ പള്ളിയില്‍ തിങ്കൾ പകൽ 1.40നായിരുന്നു സ്‌ഫോടനം. ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നാലുനിര സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ്‌ അക്രമി ആരാധനാലയത്തിനുള്ളിലെത്തിയത്. പൊലീസുകാരും സൈനികരും ഉൾപ്പെടെ നാനൂറോളം പേർ  സ്‌ഫോടനസമയത്ത്‌ പ്രദേശത്ത്‌ ഉണ്ടായിരുന്നു. പള്ളിയുടെ ഒരുഭാഗം പൂര്‍ണമായി തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ സൈനികർ കുടുങ്ങിയതായി സംശയമുണ്ട്. പള്ളി ഇമാം സഹിബ്‌സാ നൂറുൾ അമീനും കൊല്ലപ്പെട്ടു. പ്രദേശത്തെ ലേഡി റീഡിങ്‌ ഹോസ്‌പിറ്റൽ 46 മരണം സ്ഥിരീകരിച്ചെങ്കിലും 38 പേരുടെ പേര്‌ മാത്രമാണ്‌ പൊലീസ്‌ പുറത്തുവിട്ടത്‌. നഗരത്തിലെ ആശുപത്രികളിലെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി ഷഹബാസ്‌ ഷെറീഫ്‌ പെഷാവറിൽ എത്തി, സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. 

കൊലയാളി സംഘടന

നിരോധിത സംഘടനയായ പാക്‌ താലിബാൻ മുമ്പും സുരക്ഷാസേനയെ ഉന്നംവച്ച്‌ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്‌. 2014ൽ വടക്കുപടിഞ്ഞാറൻ പെഷാവറിലെ സൈനിക പബ്ലിക്‌ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 131 വിദ്യാർഥികൾ ഉൾപ്പെടെ 150 പേർ മരിച്ചു. 2009ൽ സൈനിക ആസ്ഥാനത്തും 2008ൽ ഇസ്ലാമാബാദിലെ മാരിയറ്റ്‌ ഹോട്ടലിലും നടത്തിയ ബോംബാക്രമണത്തിലും ടിടിപിക്ക് പങ്കുണ്ട്. കഴിഞ്ഞ വർഷം കൊച്ച റിസാൽദാറിലെ ഷിയ പള്ളിയിലുണ്ടായ സമാന ആക്രമണത്തിൽ 63 പേർ മരിച്ചു. 2007ൽ വിവിധ ഭീകരസംഘങ്ങൾ ചേർന്ന്‌ രൂപീകരിച്ച സംഘടന അൽ ഖായ്‌ദയുമായി അടുത്ത ബന്ധം പുലർത്തുന്നു. നവംബറിൽ പാക് സർക്കാരുമായി സമാധാന ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. പിന്നാലെ  പ്രഹരശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ് ടിടിപി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top