26 April Friday

ബഹ്‌റൈനിലേക്കുള്ള പ്രവേശന നിബന്ധനകളിൽ ഇളവ്‌; ഞായറാഴ്ച മുതല്‍ ഒരു കോവിഡ് പരിശോധന മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

മനാമ > രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളില്‍ ബഹ്‌റൈന്‍ ഇളവ് വരുത്തി. ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ ഒരു കോവിഡ് പിസിആര്‍ പരിശോധന മാത്രമാണുണ്ടാവുക. എന്നാല്‍,  വാക്‌സിന്‍ എടുക്കാത്ത 12 വയസിന് മുകളിലുള്ള യാത്രക്കാര്‍ താമസസ്ഥലത്ത് 10 ദിവസത്തെ സമ്പര്‍ക്കവിലക്കില്‍ കഴിയണം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതുവരെ രാജ്യത്ത് എത്തുന്നവര്‍ 36 ദിനാറിന് മൂന്ന് പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമായിരുന്നു. ഇതാണ് ഒന്നാക്കി ചുരുക്കിയതത്. ഇതിന് 12 ദിനാര്‍ അടച്ചാല്‍ മതി. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പുതിയ നിബന്ധന ബാധകമാണ്. കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അംഗവും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായ ഡോ. വലീദ് അല്‍ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്.

പനി, ചുമ, ശ്വാസതടസം ലക്ഷണങ്ങളുള്ളവര്‍ക്കും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കും പിസിആര്‍ പരിശോധന കൂടുതലായി നടത്തും. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ കോവിഡ് പരിശോധന നടത്തണം. പ്രധാന തൊഴില്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് റാപിഡ് കോവിഡ് ടെസ്റ്റ്  ഊര്‍ജിതമാക്കും. റാപിഡ് ടെസ്റ്റില്‍ പോസിറ്റിവാകുന്നവരും ഉടന്‍ പിസിആര്‍ പരിശോധന നടത്തണം.

അലര്‍ട്ട് ലെവല്‍ സംവിധാനം മാറുന്നത് ഇനി മുതല്‍ ഐസിയുവില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും. 14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതില്‍ താഴെയാണെങ്കില്‍ ഗ്രീന്‍ ലെവല്‍ ആയിരിക്കും. സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധമാകണമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അംഗം ഡോ. മനാഫ് അല്‍ ഖഹ്‌ത്താനി പറഞ്ഞു. 94 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top