20 April Saturday

എയുകെയുഎസ്‌ ; വീണ്ടും ചൈനാവിരുദ്ധ സഖ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


വാഷിങ്‌ടൺ
ഇന്തോ പസഫിക്‌ മേഖലയില്‍ ചൈനയെ ലക്ഷ്യമിട്ട് പുതിയ സൈനികസഖ്യം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും. ചൈനയുടെ സൈനികസാന്നിധ്യം ശക്തമായ  തന്ത്രപ്രധാനമേഖലയില്‍ ഓസ്‌ട്രേലിയയെ ആണവശേഷിയുള്ള അന്തർവാഹിനികൾ സ്വായത്തമാക്കാൻ സഹായിക്കുകയാണ് ലക്ഷ്യം.

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൻ എന്നിവർ ഓണ്‍ലൈനായി ചേര്‍ന്ന യോ​ഗമാണ് എയുകെയുഎസ്‌എന്ന സഖ്യം പ്രഖ്യാപിച്ചത്‌. നീക്കം മേഖലയിൽ സ്ഥിരത ഉറപ്പാക്കാനാണെന്ന് സംയുക്തപ്രസ്താവനയില്‍ അവകാശപ്പെട്ടു.

ആദ്യപടിയായി ഓസ്‌ട്രേലിയ ആണവശേഷിയുള്ള അന്തർവാഹിനികളുടെ നിര സജ്ജമാക്കും. ഇതിന്‌ മറ്റ്‌ രണ്ട്‌ രാജ്യവും സഹായിക്കും. രണ്ടരവർഷത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കും. ആണവ റിയാക്ടറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അന്തർവാഹിനികളാണ്‌ ഒരുക്കുന്നത്.

അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീരാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡിന് പിന്നാലെയാണ് പുതിയ ചൈനയെ ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ. ക്വാഡിന്റെ നേതൃയോഗം സെപ്തംബർ 24ന്‌ വൈറ്റ്‌ ഹൗസിൽ ചേരും.

ഫ്രാൻസിന് നീരസം
അമേരിക്കയുടെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തി ആണവശേഷിയുള്ള എട്ട്‌ അന്തർവാഹിനി സ്വന്തമാക്കാനൊരുങ്ങുകയാണ്  ഓസ്‌ട്രേലിയ. ഇതിനു മുന്നോടിയായി ഫ്രാൻസിൽനിന്ന്‌ 12 ഡീസൽ അന്തർവാഹിനികൾ വാങ്ങാനുള്ള കരാർ ഓസ്‌ട്രേലിയ ഉപേക്ഷിച്ചത്‌ ഫ്രാൻസിനെ ചൊടിപ്പിച്ചിട്ടുണ്ട്‌.

ചൈനയ്ക്കെതിരെ രൂപീകരിച്ച പുതിയ ത്രികക്ഷി സഖ്യം ഇന്തോ–- പസഫിക്‌ മേഖലയുടെ മുഖം മാറ്റുമെന്ന്‌ നിരീക്ഷകർ.  മധ്യ പൂർവേഷ്യയിൽനിന്ന്‌ ഇന്തോ–- പസഫിക്‌ മേഖലയിലേക്ക്‌ ശ്രദ്ധ മാറ്റണമെന്ന മുൻ പ്രസിഡന്റ്‌ ഒബാമയുടെ കാലത്ത്‌ തുടങ്ങിവച്ച ചർച്ചയാണ്‌ ജോ ബൈഡൻ പൂർത്തീകരിക്കുന്നത്‌.

അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തെ ന്യായീകരിക്കുമ്പോൾ അമേരിക്കയുടെ മുഴുവൻ വിഭവങ്ങളും ചൈനയെ നേരിടാൻ ഉപയോഗിക്കുമെന്ന്‌ ബൈഡൻ വ്യക്തമാക്കിയിരുന്നു. മുമ്പ്‌ ബ്രിട്ടനുമായിമാത്രം ആണവ സാങ്കേതികവിദ്യ പങ്കിട്ടിരുന്ന അമേരിക്ക ഇപ്പോൾ ഓസ്‌ട്രേലിയക്കും സഹായം വാഗ്‌ദാനം ചെയ്തിരിക്കുകയാണ്‌. ബ്രെക്സിറ്റിനുശേഷം ലോകരാഷ്ട്രങ്ങൾക്കിടയിലെ നിർണായകസ്ഥാനം തിരികെ പിടിക്കാനുള്ള അവസരമായാണ്‌ ബ്രിട്ടൻ പുതിയ നീക്കത്തെ കാണുന്നത്‌.

ആയുധപന്തയമുണ്ടാകും: ചൈന
പുതിയ സഖ്യം മേഖലയില്‍ ആയുധപന്തയത്തിന് വഴിവെയ്ക്കുമെന്ന് ചൈന പ്രതികരിച്ചു. അന്താരാഷ്ട്ര ആണവ നിർവ്യാപന പ്രവർത്തനങ്ങൾക്ക്‌ വിരുദ്ധമാണ്‌ നീക്കമെന്നും വിദേശമന്ത്രാലയ വക്താവ്‌ ഷാവോ ലിജിയൻ പറഞ്ഞു. പുതിയ സഖ്യത്തിന്റെ പ്രവര്‍ത്തനം സ​ഗൗരവം നിരീക്ഷിക്കുകയാണെന്നും  ചൈന പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top