19 April Friday

ചന്ദ്രനിലേക്ക്‌ പുറപ്പെട്ടു , കാത്തിരിക്കാം ; ആർട്ടമിസ് വിക്ഷേപിച്ച് നാസ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

 

ഫ്‌ളോറിഡ
അമ്പത്‌ വർഷത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ടമിസ്‌1 ദൗത്യവിക്ഷേപണം വിജയകരം. ബുധനാഴ്‌ച ഇന്ത്യൻ സമയം പകൽ 12.18ന്‌ ഫ്ളോറിഡ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ നാസയുടെ പടുകൂറ്റൻ റോക്കറ്റായ എസ്എൽഎസാണ്‌ ചാന്ദ്രപേടകമായ ഒറിയോണുമായി കുതിച്ചത്‌. വിക്ഷേപണത്തിന്റെ 20–-ാം മിനിറ്റിൽ സൗരോർജ പാനലുകൾ സജ്ജമായി. ദൗത്യത്തിന്റെ ഭാഗമായി 10 കുഞ്ഞൻ പരീക്ഷണ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലിറക്കി. രണ്ടു വർഷത്തിനകം വനിതയടക്കമുള്ള സംഘത്തെ അയക്കാനാണ്‌ നാസ ലക്ഷ്യമിടുന്നത്‌.

ഭൂമിയെ വലംവയ്‌ക്കുന്ന ഒറിയോണിനെ പടിപടിയായി ചന്ദ്രനെ ലക്ഷ്യമാക്കി തൊടുത്തുവിടും. 4.50 ലക്ഷം കിലോമീറ്റർ താണ്ടി 21ന്‌ ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക്‌ പേടകം കടക്കും. തുടർന്ന്‌ നിശ്ചിത ഭ്രമണപഥത്തിൽ ചന്ദ്രനെ നിരീക്ഷിച്ച്‌ വിവരങ്ങൾ ശേഖരിക്കും. പ്രത്യേകിച്ച്‌ ദക്ഷിണധ്രുവത്തെ. ഡിസംബർ ഒന്നിന്‌ ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങും. 11ന്‌ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടക്കുന്ന ഒറിയോണിനെ നിയന്ത്രിച്ച്‌ പസഫിക്ക്‌ സമുദ്രത്തിലിറക്കും. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാകും തിരിച്ചിറങ്ങൽ.

ചന്ദ്രനിലേക്കുള്ള യാത്രയുടെ സാങ്കേതികവും ജൈവപരവുമായ പരിശോധനയും പഠനവുമാണ്‌  ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്‌. ലൈഫ്‌ സപ്പോർട്ട്‌ സിസ്‌റ്റം, ആശയവിനിമയം എന്നിവയെല്ലാം ഉൾപ്പെടും. ഓറിയോണിൽ നാലുപേർക്ക്‌ സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്‌. എന്നാൽ, ഇക്കുറി കാംപോസ്‌, ഹെൽഗ, സോഹാർ എന്നീ പേരുകളിലുള്ള ഡമ്മികളാണുള്ളത്‌. വിവിധ തരത്തിലുള്ള  സെൻസറുകളും പരീക്ഷണ ഉപകരണങ്ങളും ഡമ്മികളിലുണ്ട്‌.
ഇന്ധനച്ചോർച്ചയും ചുഴലിക്കാറ്റുംമൂലം രണ്ടുതവണ വിക്ഷേപണം മാറ്റിയിരുന്നു. ബുധനാഴ്‌ച റഡാർ തകരാർമൂലം വിക്ഷേപണം 30 മിനിറ്റ്‌ വൈകിയിരുന്നു. ആർട്ടമിസ് ദൗത്യത്തിന്‌ 410 കോടി ഡോളറാണ്‌ ചെലവ്‌. 1972 ഡിസംബറിൽ നടന്ന അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top