20 April Saturday

യുദ്ധം തിന്മ ; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യുദ്ധചെയ്യുന്നത്‌ അംഗീകരിക്കാനാകില്ല : അന്റോണിയോ ഗുട്ടെറസ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2022


കീവ്‌
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യുദ്ധചെയ്യുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. വ്യാഴാഴ്‌ച ഉക്രയ്‌ൻ നഗരങ്ങളിൽ സന്ദർശിക്കവെയാണ് പ്രതികരണം. യുദ്ധം തിന്മയാണ്‌.  ഉക്രയ്‌നിലെ യുദ്ധക്കുറ്റം സംബന്ധിച്ച അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെഅന്വേഷണത്തെ പിന്തുണയ്‌ക്കും. അന്വേഷണവുമായി സഹകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.

യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കുന്നതാണ്‌ ഉക്രയ്‌നും റഷ്യക്കും ലോകത്തിനും നല്ലതെന്നും ഗുട്ടെറസ്‌ ട്വീറ്റ്‌ ചെയ്തു. ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലാദിമിർ സെലൻസ്‌കിയുമായും വിദേശമന്ത്രി ദിമിത്രി കുലേബയുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ആക്രമണം നടന്ന ബുച്ച, ഇർപിൻ, ബോറോദ്യൻക തുടങ്ങിയ നഗരങ്ങൾ അദ്ദേഹം സന്ദർശിച്ചു. മോസ്‌കോ സന്ദർശനത്തിനു പിന്നാലെയാണ്‌ അന്റോണിയോ ഗുട്ടെറസ്‌ കീവിൽ എത്തിയത്‌.

ഉക്രയ്‌ൻ
● ഉക്രയ്‌ൻ നഗരമായ ഖൊറാസണിൽ സ്‌ഫോടനം. ടെലിവിഷൻ ടവറിനു സമീപമാണ്‌ ഒന്നിലധികം സ്‌ഫോടനം ഉണ്ടായത്‌. റഷ്യൻ ചാനലുകളുടെ സംപ്രേഷണം കുറച്ചുസമയത്തേക്ക്‌ തടസ്സപ്പെട്ടു. സൈനിക നടപടിയുടെ തുടക്കത്തിൽ റഷ്യ നിയന്ത്രണത്തിലാക്കിയ നഗരമാണ്‌ ഖൊറാസൺ.
● സൈനിക നടപടിയിൽ മറ്റുരാജ്യങ്ങൾ ഇടപെട്ടാൽ പ്രത്യാഘാതമുണ്ടാകുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. ഉക്രയ്‌നിലേക്ക്‌ കൂടുതൽ ആയുധങ്ങൾ എത്തിക്കുന്നത്‌ യൂറോപ്പിനാകെ ഭീഷണിയാകുമെന്ന്‌ ക്രെംലിൻ അറിയിച്ചു. ഉക്രയ്‌ന്റെ വിജയം അനിവാര്യമാണെന്ന ബ്രിട്ടൻ വിദേശ സെക്രട്ടറി പ്രസ്താവനയ്‌ക്കുശേഷമായിരുന്നു ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.
●നാറ്റോ ഉക്രയ്‌നിലേക്ക്‌ വീണ്ടും ആയുധങ്ങൾ എത്തിച്ചു. യുദ്ധം നീണ്ടാൽ നാറ്റോ ഉക്രയ്‌നെ പിന്തുണയ്‌ക്കുമെന്നും സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോളൻബർഗ്‌ പറഞ്ഞു.
● മരിയൂപോളിൽ അസോവ്‌സ്തലിലെ ഉരുക്കുനിർമാണശാലയിൽ ആക്രമണം ശക്തമാക്കി റഷ്യ. ആയിരത്തോളം സാധാരണ പൗരരും രണ്ടായിരത്തോളം ഉക്രയ്‌ൻ സൈനികരും നിർമാണശാലയിലുള്ളതായാണ്‌ വിവരം.
അസോവ്‌ കടലിനോട്‌ ചേർന്നുള്ള തന്ത്രപ്രധാന നഗരമായ മരിയൂപോൾ നിയന്ത്രണത്തിലാക്കിയെന്ന്‌ റഷ്യ പറഞ്ഞിരുന്നു.
● വാതക വിതരണവും വ്യാപാരവും റഷ്യ ആയുധമാക്കുകയാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്‌കി. പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ അവസാനിപ്പിച്ചിരുന്നു.
● യുഎന്നിന്റെ ലോക വിനോദസഞ്ചാര സംഘടനയിൽനിന്ന്‌ റഷ്യയെ പുറത്താക്കി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top