29 March Friday

ആനി ഏര്‍ണോയ്‌ക്ക് സാഹിത്യ നൊബേല്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

Photo Credit: nobel prize twitter


സ്‌റ്റോക്‌ഹോം
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ഫ്രഞ്ച്‌ എഴുത്തുകാരി ആനി എർനോ (82)യ്ക്ക്‌. വ്യക്ത്യാനുഭവങ്ങളുടെ സൂക്ഷ്‌മവും ധീരവുമായ ആവിഷ്കാരത്തിനാണ്‌ പുരസ്കാരം. സാഹിത്യാധ്യാപികയായ ഇവരുടെ ഇരുപതിൽപ്പരം നോവലുകളിൽ ഭൂരിഭാഗവും ആത്മകഥാംശമുള്ളതാണ്‌.

സ്വന്തം ഓർമകളെ അവിശ്വസിക്കുന്ന ഓർമക്കുറിപ്പുകാരിയെന്നാണ്‌ സാഹിത്യലോകം ആനി എർനോയെ വിശേഷിപ്പിക്കുന്നത്‌. 1974ൽ ഇറങ്ങിയ ക്ലീൻഡ്‌ ഔട്ടാണ്‌ ആദ്യ കൃതി. എ വുമൺസ്‌ സ്‌റ്റോറി, എ മാൻസ്‌ പ്ലേസ്‌, സിമ്പിൾ പാഷൻ തുടങ്ങിയവ പ്രധാന കൃതികൾ. അച്ഛനുമായുള്ള ബന്ധത്തെ ആസ്പദമാക്കിയാണ്‌ ലാ പ്ലേസ്‌ (എ മാൻസ്‌ പ്ലേസ്‌)  എന്ന നോവൽ. 2008ൽ ഇറങ്ങിയ ദി ഇയേഴ്‌സ്‌ എന്ന നോവൽ രണ്ടാം ലോകയുദ്ധാനന്തരമുള്ള ഫ്രഞ്ച്‌ സാമൂഹികജീവിതത്തിന്റെ നേർക്കാഴ്ചയാണ്‌.

പാട്രിക്‌ മൊഡിയാനോ (2014)യ്ക്കുശേഷം ആദ്യമായാണ്‌ സാഹിത്യ നൊബേൽ ഫ്രാൻസിലേക്കെത്തുന്നത്‌. സാഹിത്യ നൊബേൽ നേടിയ 119 പേരിൽ പതിനേഴാമത്തെ സ്ത്രീയാണ്‌ ആനി. ഒരുകോടി സ്വീഡിഷ്‌ ക്രോണയാണ്‌ (ഏകദേശം 7.43 കോടി രൂപ) പുരസ്കാരത്തുക. ഡിസംബർ പത്തിനാണ്‌ പുരസ്കാര സമർപ്പണം. റോയൽ സ്വീഡിഷ്‌ അക്കാദമി വെള്ളിയാഴ്ച സമാധാന നൊബേൽ പ്രഖ്യാപിക്കും.

അനുഭവങ്ങളുടെ എഴുത്തുകാരി
അപ്രതീക്ഷിതമായിരുന്നില്ല നൊബേൽ സാഹിത്യപുരസ്കാര പട്ടികയിലേക്കുള്ള ആനി എർനോയുടെ പടികയറ്റം. വർഷങ്ങളായി പുരസ്കാര യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേരാണ്‌ ഈ പരുക്കൻ ഭാഷക്കാരിയുടേത്‌. ഭാവനാലോകത്ത്‌ അത്ഭുതങ്ങൾ തീർക്കുന്ന എഴുത്തുരീതി മാത്രമല്ല അംഗീകരിക്കപ്പെടേണ്ടതെന്ന പ്രഖ്യാപനമാണ്‌ പുരസ്കാരസമിതിയുടെ ഈ വർഷത്തെ നിർണയത്തിലെ ഊന്നൽ.

അനുഭവങ്ങളുടെ എഴുത്തുകാരിയാണ്‌ ആനി എർനോ. 1940കൾ മുതലുള്ള ഫ്രഞ്ച്‌ സാമൂഹ്യാന്തരീക്ഷത്തിന്റെ പഠനംകൂടി ആനിയെ വായിക്കുന്നതിലൂടെ  സാധ്യമാകും. വ്യക്തി, സ്ത്രീ എന്നീ നിലകളിലുള്ള തന്റെയും ചുറ്റുപാടുമുള്ളവരുടെയും അനുഭവങ്ങൾ തികഞ്ഞ ചരിത്രബോധത്തോടെ വരച്ചിടുകയാണ്‌ ഓരോ കൃതിയിലും. പതിറ്റാണ്ടുകളായി ഫ്രഞ്ച്‌ സ്കൂൾ കരിക്കുലത്തിൽ സ്ഥിരസാന്നിധ്യമാണ്‌ ഇവരുടെ രചനകൾ.

തൊഴിലാളി പശ്ചാത്തലത്തിൽനിന്നാണ്‌ ലോകസാഹിത്യത്തിന്റെ നെറുകയിലേക്കുള്ള ആനിയുടെ യാത്ര. 1940ൽ നോർമാൻഡിയിൽ പലചരക്കുകടയും ഭക്ഷണശാലയും നടത്തിയിരുന്ന അച്ഛനമ്മമാരുടെ മകളായാണ്‌ ജനനം. സാമൂഹ്യ, ലൈംഗിക അസമത്വങ്ങളും അവ എഴുത്തുകാരിയിൽ സൃഷ്ടിച്ച സങ്കീർണ വൈകാരിക വിക്ഷോഭങ്ങളെയും കഥാപാത്രങ്ങളിലൂടെ പരിചയപ്പെടാം. ‘സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ആലങ്കാരിക ഭാഷാപ്രയോഗങ്ങൾക്കുള്ള ബദലെഴുത്താണ്‌ തന്റേതെ’ന്നാണ്‌ ആനി സ്വന്തം എഴുത്തിനെ അടയാളപ്പെടുത്തുന്നത്‌. നൊബേൽ പുരസ്കാരം ഏറെ സന്തോഷവും കൂടുതൽ ഉത്തരവാദിത്വവും നൽകുന്നെന്നായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top