24 April Wednesday

അൽ അഖ്‌സയില്‍ ഇസ്രയേല്‍ അതിക്രമം ; 152 പലസ്തീൻകാർക്ക്‌ പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Apr 17, 2022

videograbbed image


ജറുസലേം
ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ വീണ്ടും ഇസ്രയേൽ പൊലീസിന്റെ അതിക്രമം. സംഘർഷത്തിൽ 152 പലസ്തീൻകാർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. റംസാൻ മാസമായതിനാൽ ആയിരക്കണക്കിനാളുകളാണ്‌ പ്രാർഥനയ്‌ക്കായി മോസ്‌കിൽ ഉണ്ടായിരുന്നത്‌.
പ്രാര്‍ത്ഥനയ്ക്ക് ശേഷം വിശ്വാസികള്‍ സംഘടിച്ച് മു​ദ്രാവാക്യം മുഴക്കി നീങ്ങിയപ്പോഴാണ് ഇസ്രയേല്‍ പൊലീസ് കടന്നുകയറി ആക്രമിച്ചത്. റബർ ബുള്ളറ്റും ഗ്രനേഡും പ്രയോഗിച്ചതും ലാത്തികൊണ്ടുള്ള മർദനവുമാണ്‌ പരിക്കിന്‌ കാരണമെന്ന്‌ പലസ്തീൻ റെഡ്‌ ക്രസന്റ്‌ അറിയിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന്‌ പലസ്തീൻ പ്രസിഡന്റ്‌  മഹ്‌മൂദ്‌ അബ്ബാസിന്റെ വക്താവ്‌ പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണം തടയാൻ രാജ്യന്തരതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും മഹ്‌മൂദ്‌ ആവശ്യപ്പെട്ടു.

അതേസമയം, നൂറുകണക്കിന്‌ പലസ്തീൻകാർ പടക്കവും കല്ലുകളും പൊലീസിനുനേരെ എറിഞ്ഞെന്നും സ്ഥിതി ശാന്തമാക്കാനാണ്‌ പള്ളിയിൽ കടന്നതെന്നും ഇസ്രയേൽ പൊലീസ്‌ അവകാശപ്പെട്ടു. നൂറോളം പലസ്തീൻകാരെ അറസ്റ്റുചെയ്തതായി ഇസ്രയേൽ പ്രസിഡന്റ്‌ നഫ്‌താലി ബെന്നറ്റിന്റെ വക്താവ്‌ അറിയിച്ചു.

ആക്രമണത്തെ അപലപിച്ച ഹമാസ്‌ ഇസ്രയേൽ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരുമെന്ന്‌ പ്രതികരിച്ചു.  കഴിഞ്ഞവര്‍ഷം അല്‍ അഖ്സയില്‍ ഇസ്രയേല്‍ പൊലീസ് അതിക്രമം കാണിച്ചത് ​ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും തമ്മില്‍ 11 ദിവസം നീണ്ട ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.
ലോകമെമ്പാടുമുള്ള ഇസ്ലാംമതവിശ്വാസികളുടെ പ്രധാന ആരാധനാകേന്ദ്രമാണ് അല്‍ അഖ്സ.പവിത്രമായ ആരാധനാലയം സംഘര്‍ഷഭൂമിയാക്കിയത്ഇസ്രയേലാണെന്ന് അൽ അഖ്സയുടെ ചുമതലയുള്ള ജോര്‍ദ്ദാനും പലസ്തീന്‍ അതോറിറ്റിയും സംയുക്തപ്രസ്താവന ഇറക്കി. ആഴ്ചകൾക്കിടെ 25 പലസ്തീന്‍ പൗരരെയാണ് ഇസ്രയേല്‍ സേന നിസാരണ കാരണങ്ങളുടെ പേരില്‍ വധിച്ചത്. വെസ്റ്റ്ബാങ്കില്‍ നിരന്തരം പരിശോധന നടത്തി നൂറുകണക്കിന് പലസ്തീന്‍കാരെ ഇസ്രയേല്‍ അറസ്റ്റു ചെയ്തു. നിരായുധരായ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top