18 April Thursday

സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ അഫ്‌ഗാൻ നിലപാട് തിരുത്തണമെന്ന് സൗദി അറേബ്യ

എം എം നഈംUpdated: Monday Dec 26, 2022

റിയാദ് > സ്‌ത്രീ വിദ്യാഭ്യാസ വിഷയത്തിൽ നിലപാട് തിരുത്തണമെന്നും ഇസ്‌ലാം മത  അധ്യാപനങ്ങൾ നടപ്പിലാക്കണമെന്നും അഫ്‌ഗാനിസ്ഥാൻ സർക്കാരിനോട് സൗദി ഉന്നത പണ്ഡിത സഭ ആവശ്യപ്പെട്ടു. അഫ്‌ഗാൻ വനിതകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവകാശം നൽകണമെന്നും, ഇസ്ലാമിക നിയമത്തിൽ സ്ത്രീകളെ പഠിക്കുന്നതിൽ നിന്ന് തടയുന്നത് അനുവദനീയമല്ലെന്നും ചൂണ്ടിക്കാട്ടി അവരുടെ തീരുമാനം മാറ്റണമെന്നും അഫ്‌ഗാൻ കെയർടേക്കർ ഗവൺമെന്റിനോട് കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.  

ഇസ്‌ലാമിന്റെ യുക്തിഭദ്രമായ നിയമങ്ങളും, സമ്പൂർണ്ണമായ അതിന്റെ ഭരണഘടനയും, സ്ത്രീ പുരുഷന്മാരിൽപ്പെട്ട ഓരോരുത്തർക്കും അവരുടെ  അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ  കടമകൾ വ്യക്തമാക്കുകയും ചെതിട്ടുണ്ട്. ഇസ്‌ലാം അതിന്റെ വിധികളും നിയമനിർമ്മാണങ്ങളും കൊണ്ട് സ്ത്രീകളുടെ മതപരമായ  അവകാശങ്ങൾ ഒട്ടും കുറയാതെത്തന്നെ പൂർണ്ണമായും സംരക്ഷിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. പഠിക്കാൻ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ മതത്തിന്റെ അടിസ്ഥാന നിയമങ്ങൾ  പുരുഷന്മാരെ പോലെ സ്ത്രീകൾക്കും ബാധകമാണെന്നും പണ്ഡിത സഭ വ്യക്തമാക്കി.

പെൺകുട്ടികളെ കലാലയങ്ങളിൽ നിന്നും വിലക്കിയ അഫ്‌ഗാൻ സർക്കാർ നടപടിയിൽ നിരവധി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് സൗദി ഉന്നത പണ്ഡിത സഭയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. ഒരു ഇസ്‌ലാമിക രാജ്യത്തും ഇല്ലാത്ത നിയമമാണ് അഫ്‌ഗാൻ സർക്കാർ കൊക്കൊണ്ടിട്ടുള്ളത്. ഇത്തരം നിലപാടുകൾ ഇസ്‌ലാമിന്റേതല്ലെന്നും അതിൽ തിരുത്തൽ വേണമെന്നുമാണ് സൗദി ഉന്നത പണ്ഡിത സഭ അഫ്‌ഗാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top