19 December Friday

പെൺകുട്ടികൾ വിദേശത്തും പഠിക്കേണ്ട ; അഫ്‌ഗാനിൽ നിയന്ത്രണം കടുപ്പിച്ച്‌ താലിബാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023


കാബൂൾ
അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ പെൺകുട്ടികൾ സ്‌കോളർഷിപ് നേടി വിദേശത്ത്‌ പഠിക്കാൻ പോകുന്നത്‌ വിലക്കി  താലിബാൻ ഇടക്കാല സർക്കാർ. മൂന്നാം ക്ലാസ്സിന്‌ മുകളിലേക്ക്‌ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസം നിരോധിച്ചതിനു പിന്നാലെയാണ്‌ അടുത്ത നടപടി. വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ താലിബാൻകാർ തടഞ്ഞു. ആൺകുട്ടികൾക്ക്‌ മാത്രം യാത്രാനുമതി നൽകി. സ്‌റ്റുഡന്റ്‌ വിസയിൽ വിദേശത്തേക്ക്‌ പോകാൻ പെൺകുട്ടികൾക്ക്‌ അനുമതിയില്ലെന്ന്‌ പറഞ്ഞാണ്‌ വിദ്യാർഥിനികളെ തടഞ്ഞത്‌. നേരത്തേതന്നെ, ആൺതുണയില്ലാതെ സ്ത്രീകൾ യാത്ര ചെയ്യുന്നത്‌ താലിബാൻ ഇടക്കാല സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, അടുത്തിടെ ആൺതുണയോടെ എത്തി വിമാനത്തിലിരുന്ന മൂന്ന്‌ പെൺകുട്ടികളെയും വിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നു എന്ന കാരണത്താൽ തിരികെയിറക്കി. നന്മ–- തിന്മ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ദുബായ്‌ സർവകലാശാലയിൽ പഠിക്കാനായി പുറപ്പെട്ട പെൺകുട്ടികൾക്കാണ്‌ ദുരനുഭവം. കസാഖ്‌സ്ഥാൻ, ഖത്തർ എന്നിവിടങ്ങളിലും പഠിക്കാൻ സ്കോളർഷിപ് ലഭിച്ച പെൺകുട്ടികൾക്ക്‌ പോകാനാകാത്ത സ്ഥിതിയാണ്‌.

അധിനിവേശം പരാജയമായതോടെ അമേരിക്ക പിന്മാറിയതിനെ തുടർന്ന്‌ 2021 സെപ്തംബറിലാണ്‌ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത്‌. തുടർന്ന്‌ രാജ്യത്ത്‌ തീവ്രയാഥാസ്ഥിതിക നയങ്ങളാണ്‌ നടപ്പാക്കുന്നത്‌. ആദ്യം സ്ത്രീകൾക്ക്‌ സർവകലാശാല വിദ്യാഭ്യാസവും പിന്നീട്‌ ആറാംക്ലാസ്സിന്‌ മുകളിലേക്കുള്ള വിദ്യാഭ്യാസവും വിലക്കി. മാസങ്ങൾക്ക്‌ മുമ്പാണ്‌ മൂന്നാംക്ലാസ്സിന്‌ മുകളിലേക്ക്‌ പെൺകുട്ടികൾ പഠിക്കേണ്ടെന്ന തീരുമാനം വന്നത്‌. ജോലിക്കുപോകുന്നതും വിലക്കി. രാജ്യത്ത്‌ ബ്യൂട്ടിപാർലറുകൾ നിരോധിച്ചു. കഴിഞ്ഞ ദിവസം സ്‌ത്രീകൾ ദേശീയോദ്യാനം സന്ദർശിക്കുന്നതും വിലക്കി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന യുഎൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യത്തോടും മുഖംതിരിക്കുകയാണ്‌ താലിബാൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top