25 April Thursday

അറബികടലിൽ ‘വായു’ ; കാലവർഷത്തിന്‌ നാളെ മുതൽ ശക്‌തി കുറയും

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം> അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ‌് തെക്ക‌് പടിഞ്ഞാറൻ കാലവർഷത്തിന്റെ കരുത്ത‌് കുറക്കുമെന്ന്‌ കാലവസ്‌ഥാ നിരീക്ഷണകേന്ദ്രം. തുടക്കത്തിലെ തളർച്ച പരിഹരിച്ച‌്  ഇടവപ്പാതി മുന്നേറുമെന്ന‌് പ്രതീക്ഷിച്ചിരുന്നു. അറബിക്കടലിൽ ലക്ഷദ്വീപിന‌് സമീപം കേന്ദ്രീകരിച്ച ന്യൂനമർദം ശക്തി പ്രാപിക്കുന്നത‌് മഴയെ പ്രതികൂലമായി ബാധിക്കുമെന്നാണ‌്  വിലയിരുത്തൽ.

അതേസമയം തെക്കന്‍ ജില്ലകളില്‍ ഇന്ന് വ്യാപകമായി മഴ പെയ്യുംനാളെയും മറ്റന്നാളും ചില ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദം  അതിതീവ്രന്യൂനമർദമായും തുടർന്ന‌് ചുഴലിക്കാറ്റായും മാറി വടക്കുപടിഞ്ഞാറ‌് ദിശയിൽ നീങ്ങാനാണ‌് സാധ്യത. പുതുതായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന‌് ‘വായു’ എന്നാണ‌് പേരിട്ടത‌്. ഇന്ത്യയാണ‌് പേര‌് നൽകിയത‌്. ചുഴലിക്കാറ്റ‌് അടുത്ത ആഴ‌്ച അവസാനം  ഗുജറാത്തിലോ പാകിസ്ഥാൻ ഭാഗത്തോ ഇടിച്ചിറങ്ങിയേക്കും.

ലക്ഷദ്വീപിൽ അതിതീവ്രമഴ ലഭിക്കും.  പടിഞ്ഞാറൻകാറ്റും മഴമേഘങ്ങളും ന്യൂനമർദ സ്വാധീന വലയത്തിലാകുന്നതാണ‌് കേരളത്തിൽ  മഴ കുറയാൻ കാരണമാകുന്നത‌്. ചൊവ്വാഴ‌്ച രാവിലെവരെ സംസ്ഥാനത്ത‌് പരക്കെ മഴ ലഭിക്കും. വടക്കൻ ജില്ലക‌ളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും.

. കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top