29 March Friday

തുലാമഴ നീളുന്നു; ഇനിയും ന്യൂനമർദത്തിനും ചുഴലിക്കും സാധ്യത

വി എം രാധാകൃഷ്ണൻUpdated: Monday Dec 2, 2019

തൃശൂര്‍ > തുലാവർഷത്തിൽ രണ്ടുമാസത്തിനകം കിട്ടിയത് സമീപകാലത്തെ റെക്കോഡ് മഴ. ഒക്ടോബർ ഒന്നു മുതൽ നവംബർ 30വരെ ശരാശരിയേക്കാൾ 75 ശതമാനം മഴ കൂടുതൽ ലഭിച്ചു. തുലാമഴ ഡിസംബറിലേക്കും നീളുന്ന കാലാവസ്ഥാ ഘടകങ്ങളാണ് രൂപപ്പെടുന്നത്. കാലവർഷം തുടങ്ങിയതുമുതൽ ഏഴാംമാസവും മഴകിട്ടുന്ന അത്യപൂർവ കാലാവസ്ഥയാണ് ഇക്കുറിയെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഒക്ടോബർ മുതൽ ഡിസംബർ 30വരെ പെയ്യുന്ന മഴ തുലാവർഷത്തിലാണ് കാലാവസ്ഥാ വകുപ്പ് ഉൾപ്പെടുത്തുകയെങ്കിലും ഡിസംബറിൽ മഴ അപൂർവമാണ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ രണ്ടോ മൂന്നോ ദിവസം കനത്ത മഴ പ്രതീക്ഷിക്കാം. തൃശൂർ, പാലക്കാട് ജില്ലകളിൽ നവംബർ മധ്യത്തോടെ വൃശ്ചികക്കാറ്റ് തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനംമൂലം  ശക്തി കുറഞ്ഞു.

തുലാവർഷത്തിൽ ശരാശരി 457 മില്ലീമീറ്റർ മഴയാണ് കിട്ടേണ്ടതെങ്കിലും ഇതിനകം  800 മില്ലീമീറ്റർ കിട്ടി. 480 മില്ലീമീറ്റർ മഴ കിട്ടിയ ഇടുക്കിയിൽ ശരാശരിയേക്കാൾ ഒമ്പതു ശതമാനവും 481 മില്ലീമീറ്റർ  കിട്ടിയ തിരുവനന്തപുരത്ത്  രണ്ടു ശതമാനവും മഴ കുറവാണ്. ഒക്ടോബർ, നവംബറിൽ മറ്റു ജില്ലകളിൽ ലഭിച്ച മഴ മില്ലീമീറ്ററിൽ, ബ്രാക്കറ്റിൽ കൂടിയ ശതമാനം. ആലപ്പുഴ ‐651 (21), കണ്ണൂർ ‐ 877 (149), എറണാകുളം ‐ 1168 (144), കാസർകോട് ‐ 1532 (370), കൊല്ലം ‐ 586 (01), കോട്ടയം ‐ 742 (50), കോഴിക്കോട് ‐ 912 (116), മലപ്പുറം ‐ 927 (102), പാലക്കാട് ‐682 (79), പത്തനംതിട്ട ‐713 (29), തൃശൂർ ‐ 935 (94), വയനാട് 748 (141).

സമീപകാലത്ത് തുലാമഴ ശക്തമായത് 2012ലാണ്, 68 ശതമാനം കൂടുതൽ. 2010ൽ 62 ശതമാനവും 2006ൽ 50 ശതമാനവും കൂടുതൽ കിട്ടി.   ഇക്കുറി ഇത്‌ 75 ശതമാനവും കടക്കും. ഒക്ടോബറിലെ  മഹ, ക്യാൻ ചുഴലികളാണ് തുലാമഴ ശക്തിപ്പെടുത്തിയത്. അറബിക്കടലിൽ ഇനിയും ന്യൂനമർദങ്ങളും ചുഴലിയുമുണ്ടാകാനുള്ള സാധ്യത തള്ളാനാവില്ലെന്ന് കാലാവസ്ഥ ഗവേഷകൻ ഡോ. സി എസ് ഗോപകുമാർ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top