25 April Thursday

ഇടവപ്പാതി പിന്മാറി; തുലാവർഷത്തിന്‌ തുടക്കമായി , കാലവർഷത്തിൽ ലഭിച്ചത്‌ റെക്കോർഡ്‌ മഴ

ദിലീപ്‌ മലയാലപ്പുഴUpdated: Wednesday Oct 16, 2019


തിരുവനന്തപുരം> തെക്ക്‌ പടിഞ്ഞാറൻ കാലവർഷം(ഇടവപ്പാതി) പിന്മാറി. സംസ്ഥാനത്ത്‌ വടക്ക്‌ കിഴക്കൻ കാലവർഷ(തുലാവർഷം)ത്തിന്‌ തുടക്കമാകുന്നു. വരും ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴ ശക്തമാകും. ഇടവപ്പാതി പിന്മാറ്റം വൈകിയെങ്കിലും തുലാവർഷം സംസ്ഥാനത്ത്‌ സാധാരണ നിലയിലയിരിക്കുമെന്നാണ്‌ കാലാവസ്ഥാ വിദഗ്‌ദധരുടെ വിലയിരുത്തൽ.

തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. നിലവിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പ്രതികൂലമായ ഘടകങ്ങൾ ഇല്ലാത്തതിനാൽ കേരളം, തമഴ്‌നാട്‌ തുടങ്ങി തെക്കൻ സംസ്ഥാനങ്ങളിൽ തുടക്കത്തിൽ തന്നെ വടക്ക്‌ കിഴക്കൻ കാലവർഷം കൂടുതൽ ശക്തമായിരിക്കുമെന്നാണ്‌ പ്രവചനം. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ന്യൂനമമർദ്ദ മേഖല നിലനിൽക്കുന്നതിനാൽ വെള്ളിയാഴ്‌ച വരെ കേരളത്തിലും തമിഴ്‌നാട്ടിലും പരക്കെ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലും അനുകൂലമായ ഘടകങ്ങളാണുള്ളത്‌.

സാധാരണ തെക്കു പടിഞ്ഞാറൻ കാലവർഷ പിൻമാറ്റം സെപ്‌തംബർ അവസനാവാരമായിരുന്നു. ഇക്കുറിയത്‌ വൈകി. രാജസ്ഥാൻ, പഞ്ചാബ്‌ വഴിയുള്ള ഇടവപ്പാതിയുടെ പിന്മാറ്റം പൂർണമാകുന്നതേയുള്ളു. മധ്യ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായുള്ള കനത്ത മഴയുമായാണ്‌ പിന്മാറ്റം. തെക്ക്‌ പടിഞ്ഞാറൻ കാലവർഷംഇക്കുറി എത്താൻ അൽപം വൈകിയിരുന്നു. തുടക്കം വളരെ മോശമായിരുന്നെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണിനിടയിലെ റെക്കോർഡ്‌ മഴയുമയാണ്‌ കാലവർഷം പിന്മാറുന്നത്‌.

ജൂൺ മുതൽ സെപ്‌തബേർ വരെ 110 ശതമാനം അധിക മഴ രാജ്യത്ത്‌ ലഭിച്ചു. 88 സെന്റീമീറ്റർ ശരാശരി മഴ രേഖപ്പെടുത്തി. ജൂണിൽ 33 ശതമാനം മഴക്കുറവാണ്‌ രാജ്യത്ത്‌ രേഖപ്പെടുത്തിയത്‌. എന്നാൽ ആഗസ്‌റ്റിൽ 115 ഉം സെപ്‌തേംബറിൽ 152 ശതമാനവും മഴ ലഭിച്ചു. രാജ്യത്ത്‌ മിക്കസംസ്ഥാനങ്ങളിലും പേമാരിയും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇത്‌ കാരണമായി. 1700 ഓളം പേരാണ്‌ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചതായാണ്‌ കണക്ക്‌. ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത നാശം വിതച്ചു. ജൂൺ എട്ടിനാണ്‌ കാലവർഷം കേരള തീരം തൊട്ടത്‌. സെപ്‌തംബർ അവസാനിക്കുമ്പോൾ 2309. 8 മില്ലീമീറ്റർ മഴയാണ്‌ കേരളത്തിൽ ലഭിച്ചത്‌. 13 ശതമാനം അധികമഴ. കോഴിക്കോട്‌, കാസർഗോഡ്‌ കണ്ണൂർ വയനാട്‌ പാലക്കാട്‌ തൃശൂർ ജില്ലകളിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. ഇടുക്കിയിൽ പ്രതീക്ഷിച്ചതിനേക്കാൾ 11 ശതമാനം മഴക്കുറവും രേഖപ്പെടുത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top