19 April Friday
വൃശ്ചികക്കാറ്റ് തുടങ്ങുന്നു

തുലാവര്‍ഷവും കൈയൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2016

തൃശൂര്‍ > നവംബര്‍ രണ്ടാംവാരം കഴിഞ്ഞിട്ടും മഴ കനക്കാത്തതിനാല്‍ തുലാവര്‍ഷവും സംസ്ഥാനത്തെ കൈയൊഴിഞ്ഞെന്ന് വ്യക്തമായി. സാധാരണ ഒക്ടോബറില്‍ തുടങ്ങി നവംബര്‍ മധ്യംവരെയാണ് തുലാവര്‍ഷം ലഭിക്കുന്നത്. ഇതുവരെ ലഭിച്ച തുലാമഴ ശരാശരിയേക്കാള്‍  59 ശതമാനം കുറവാണ്. മഴ അവസാനിച്ചതിന്റെ ലക്ഷണമായി വൃശ്ചികക്കാറ്റിന്റെ സൂചന കണ്ടുതുടങ്ങി. ഈ ആഴ്ച അവസാനത്തോടെ കാറ്റിന് ശക്തികൂടുമെന്നാണ് കണക്കാക്കുന്നത്. മര്‍ദവ്യതിയാനത്തിന്റെ ഫലമായി പാലക്കാട് ചുരം കടന്നു വരുന്ന കിഴക്കന്‍കാറ്റ് ഫെബ്രുവരി വരെ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന പ്രതിഭാസമാണ്.

 കാറ്റ് തുടങ്ങിയാല്‍  ഭൂമി വരളാന്‍ തുടങ്ങും. കടുത്ത വരള്‍ച്ചയുടെ പിടിയിലേക്ക് നാടുനീങ്ങുകയാണെന്ന് കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി. കടലില്‍ ചുഴലിയോ ന്യൂനമര്‍ദമോ പോലുള്ള പ്രതിഭാസങ്ങളൊന്നും രൂപപ്പെടാത്തതിനാല്‍ മഴക്കാലം കഴിഞ്ഞതായി കണക്കാക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ ഈ വര്‍ഷം സംസ്ഥാനത്ത് 34 ശതമാനം മഴ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുര്‍ബലമായ കാലവര്‍ഷമായി

മഴക്കുറവിന്റെ പ്രശ്നങ്ങള്‍ ജനജീവിതത്തെയും കൃഷിയെയും വൈദ്യുതി ഉല്‍പ്പാദനത്തെയുമെല്ലാം ബാധിക്കും.  വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് ഉള്‍പ്പെടെ കര്‍ഷകര്‍ രണ്ടാംവിള ഇറക്കുന്നതില്‍നിന്ന് പിന്മാറി. എല്ലാ വിധ കൃഷിയേയും കാര്‍ഷിക ഉല്‍പ്പാദനത്തേയും ഇത് പ്രതികൂലമായി ബാധിക്കും. വേനലിന്റെ രൂക്ഷതയില്‍ ഉണ്ടാവുന്ന സൂര്യാതപം, പകര്‍ച്ചവ്യാധികള്‍, നിര്‍ജലീകരണം എന്നിവയ്ക്കുള്ള സാധ്യതകളും ഏറെയാണ്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷം കുറഞ്ഞപ്പോള്‍ തുലാവര്‍ഷം ശരാശരി ലഭിച്ചിരുന്നു. എന്നിട്ടും വരള്‍ച്ചയുടെ ആഘാതം താങ്ങാനാവാത്ത അവസ്ഥയായിരുന്നു.

മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ചാബാധിത സംസ്ഥാനമായി കേരളത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വരള്‍ച്ചയെ നേരിടുന്നതിന് ഫലപ്രദമായ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. കുടിവെള്ള ലഭ്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top