19 April Friday

ജൂണില്‍ 11 ശതമാനം മഴ കുറവ്

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2016

തൃശൂര്‍ > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ആദ്യമാസം പിന്നിടാനിരിക്കെ പ്രതീക്ഷക്കൊത്ത് മഴ ശക്തിപ്പെട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ 26 വരെ ശരാശരിയേക്കാള്‍ 11 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. ഈ സീസണില്‍ ഞായറാഴ്ച വരെ 478.5 മില്ലീമീറ്റര്‍ മഴയാണ് കിട്ടിയത്. മുന്‍ വര്‍ഷങ്ങളിലെ ശരാശരി 540 മില്ലീമീറ്ററാണ്.  ജൂണ്‍ 30 വരെ കിട്ടേണ്ട ശരാശരി മഴ 681 മില്ലീമീറ്ററുമാണ്.   ജൂലൈ ഒന്നു വരെ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.  

ജൂണില്‍ മഴക്കുറവ് കൂടുതല്‍ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ശരാശരിയേക്കാള്‍ 66 ശതമാനം കുറവ്. മെച്ചെപ്പെട്ട മഴ കിട്ടിയത് തിരുവനന്തപുരം ജില്ലയിലും. 35 ശതമാനം കൂടുതല്‍. കാസര്‍കോട് 25, കണ്ണൂര്‍ 21 ശതമാനം,  ഇടുക്കി 17,  തൃശൂര്‍ 14 ശതമാനം, പത്തനംതിട്ട 7,  എറണാകുളത്ത് ഒരു ശതമാനം  കുറവുമാണ് രേഖപ്പെടുത്തിയത്. കൊല്ലം 31, കോഴിക്കോട് 16, കോട്ടയം 11, പാലക്കാട് 3 ശതമാനം,  ആലപ്പുഴ  ഒരു ശതമാനവും മഴ കൂടുതല്‍ രേഖപ്പെടുത്തി. മലപ്പുറത്ത് ശരാശരി മഴ ലഭിച്ചു. ദേശീയതലത്തില്‍ തന്നെ 2016ല്‍ ആറ് ശതമാനം മഴ കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 26 ശതമാനം മഴ കുറവായിരുന്നു.

 സമീപകാലത്ത് പല വര്‍ഷങ്ങളിലും ജൂണില്‍ മഴ കുറഞ്ഞ് ജൂലൈയിലും ആഗസ്തിലും ശരാശരിയേക്കാള്‍ കൂടുതല്‍ ലഭിച്ചതായാണ് കണക്കെന്ന്  കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടിയതിനാലും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മഴക്കനുകൂലമായ ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാലും  വരും ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യത ഏറെയാണ്. 2015 വരള്‍ച്ചാ വര്‍ഷമാകാന്‍ മുഖ്യ കാരണമായ 'എല്‍നിനോ' പ്രതിഭാസം പൂര്‍ണമായും ഇല്ലാതായി. മഴയും തണുപ്പും കൂട്ടുന്ന 'ലാ നീന' പ്രതിഭാസം പസഫിക് സമുദ്രത്തില്‍ അടുത്ത മാസം കഴിയുന്നതോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു.

ഡാമുകളിലും
ജലനിരപ്പ് ഉയര്‍ന്നില്ല

തൃശൂര്‍ > മഴ ശക്തിപ്പെടാത്തതിനാല്‍ ഡാമുകളില്‍  ജലനിരപ്പില്‍ കാര്യമായ പുരോഗതി ഇല്ല. തൃശൂര്‍ ജില്ലയിലെ പ്രധാന ജലസംഭരണികളായ പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളില്‍ ജലനിരപ്പ്  കാര്യമായി ഉയര്‍ന്നില്ല.
  79.25 മീറ്റര്‍ ജലസംഭരണ ശേഷിയുള്ള പീച്ചി ഡാമില്‍ തിങ്കളാഴ്ചത്തെ ജലനിരപ്പ് 66.11 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇത് 68.67 മീറ്റര്‍. 76.40 മീറ്റര്‍ ശേഷിയുള്ള ചിമ്മിനിയില്‍ ഇപ്പോഴത്തെ ജലനിരപ്പ് 61.98 മീറ്റര്‍ (60.80 ദശലക്ഷം ഘനമീറ്റര്‍) ആണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 70.60 മീറ്റര്‍ (108.50 ദശലക്ഷം ഘനമീറ്റര്‍) ഉണ്ടായിരുന്നു. 62.48 മീറ്റര്‍ ശേഷിയുള്ള വാഴാനിയില്‍   ജലനിരപ്പ് 48.52 മീറ്റര്‍(1.66 ദശലക്ഷം ഘനമീറ്റര്‍). കഴിഞ്ഞ വര്‍ഷം ഇത് 49.66 മീറ്റര്‍ (2.56 ദശലക്ഷം ഘനമീറ്റര്‍) ഉണ്ടായിരുന്നു.
  സംസ്ഥാനത്തെ ഡാമുകളിലൊന്നിലും ജൂണില്‍ പ്രതീക്ഷിക്കാവുന്ന ജലസംഭരണം ആയിട്ടില്ലെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top