25 April Thursday

കാലവർഷം 
ദുർബലം; 
ശക്തിപ്പെടാൻ രണ്ടാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Saturday Jun 26, 2021


തിരുവനന്തപുരം
കേരളത്തിൽ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം വരുംദിവസങ്ങളിൽ കൂടുതൽ ദുർബലമാകും. പടിഞ്ഞാറൻ കാറ്റിന്റെ ശക്തി ക്ഷയിച്ചതോടെ ഒരാഴ്‌ചയായി സംസ്ഥാനത്ത്‌ കാര്യമായ മഴയില്ല. ജൂലൈ രണ്ടാംവാരംവരെ ഇത്‌ തുടരും. രാജ്യത്തിന്റെ 80 ശതമാനം പ്രദേശത്തും കാലവർഷക്കാറ്റ്‌ എത്തി. ജൂലൈ രണ്ടാംവാരത്തോടെ കാലവർഷം കേരളത്തിൽ ശക്തിപ്പെടും.

എന്നാൽ, വടക്ക്‌ കിഴക്കൻ മേഖലയൊഴിച്ച്‌ മറ്റിടങ്ങളിൽ ഒരാഴ്‌ചത്തേക്ക്‌ കാലവർഷം ശക്തിപ്പെടില്ലെന്നാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം. ബംഗാൾ, അസം, അരുണാചൽപ്രദേശ്‌ തുടങ്ങിയ വടക്ക്‌ കിഴക്കൻ സം‌‌സ്ഥാനങ്ങളിൽ 29നും 30നും കനത്ത മഴ പ്രവചിച്ചിട്ടുണ്ട്‌. ഈ മേഖലയിൽ മൺസൂൺ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാലാണ് ഇത്‌.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ രാജ്യത്ത്‌ പ്രതീക്ഷിച്ചതിനേക്കാൾ 37 ശതമാനം അധിക മഴ ലഭിച്ചു. എന്നാൽ, കേരളത്തിൽ പ്രതീക്ഷിത മഴയിൽ 29 ശതമാനം കുറഞ്ഞു. 388.5 മില്ലീമീറ്ററാണ് ലഭിച്ചത്. ലഭിക്കേണ്ടിയിരുന്നത്‌ 549.9 മില്ലീമീറ്റർ. എല്ലാ ജില്ലയിലും കുറവ്‌ രേഖപ്പെടുത്തി. കാസർകോട്ടാണ്‌ ഭേദപ്പെട്ട മഴ ലഭിച്ചത്‌. 579.8 മില്ലീമീറ്റർ. ലഭിക്കേണ്ട മഴയുടെ 34 ശതമാനം കുറവാണിത്‌. ഇടുക്കിയിൽ 526.9 മില്ലീമീറ്ററാണ്‌ ലഭിച്ചത്‌. കുറവ്‌ 17 ശതമാനം. കോട്ടയത്ത്‌ നാലു ശതമാനം കുറവ്‌ രേഖപ്പെടുത്തി.

ബുധനാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്,  കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top