26 April Friday

തുലാവര്‍ഷം കൈവിട്ടു; ഉത്തര കേരളം കടുത്ത വരള്‍ച്ചയിലേക്ക്

കെ ടി ശശിUpdated: Sunday Dec 24, 2017

കണ്ണൂര്‍ > ഉത്തരകേരളം ഇക്കുറി കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും നീങ്ങുമെന്ന് കാലാവസ്ഥാ പ്രവചനം. തുലാവര്‍ഷം കൈവിട്ടതിനാല്‍ കടുത്ത ജലക്ഷാമത്തിനും സാധ്യതയുണ്ടെന്നാണ് സൂചന.

മാര്‍ച്ചുമുതല്‍ മെയ്വരെ ഉത്തരകേരളത്തില്‍ ഉയര്‍ന്ന തോതില്‍ വേനല്‍മഴ ലഭിച്ചെങ്കിലും തുലാവര്‍ഷം തീരെ കുറഞ്ഞതാണ് വരള്‍ച്ചയിലേക്ക് നയിക്കാന്‍ ഇടയാക്കിയത്. കാലവര്‍ഷം സംസ്ഥാനത്ത് എല്ലാ ജില്ലയിലും സാധാരണ നിലയിലായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകള്‍മാത്രമാണ് അല്‍പ്പം പിന്നില്‍.  ഓഖിചുഴലിക്കാറ്റിനൊപ്പമെത്തിയ മഴ  തെക്കന്‍ കേരളത്തിലെ മഴ ലഭ്യതയെ നന്നായി സഹായിച്ചു.  വടക്കന്‍ ജില്ലകളില്‍ തുലാവര്‍ഷം വന്‍ കുറവാണ് രേഖപ്പെടുത്തിയത്.

പാലക്കാട് ജില്ലയില്‍ തുലാവര്‍ഷം 60 ശതമാനം കുറഞ്ഞു. വയനാട്- 50 ശതമാനം, കാസര്‍കോട്- 46, കോഴിക്കോട്- 34, കണ്ണൂര്‍- 27, മലപ്പുറം- 23 ശതമാനം എന്നിങ്ങനെയാണ് മറ്റു വടക്കന്‍ ജില്ലകളിലെ കുറവ്. തൃശൂര്‍ ജില്ലയിലും 31 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 13വരെയുള്ള കണക്കെടുത്താല്‍ പത്തനംതിട്ട ജില്ലയില്‍ 46 ശതമാനം മഴ അധികം ലഭിച്ചു. കൊല്ലത്ത് 44ഉും തിരുവനന്തപുരത്ത് 32ഉം ശതമാനം അധികം മഴ  ലഭിച്ചതായും കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.

 അന്തരീക്ഷ ഊഷ്മാവ് വന്‍തോതില്‍ ഉയര്‍ന്നതാണ് കൊടുംവരള്‍ച്ചയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ ഡിസംബറോടെ പകല്‍ താപനില 32-34 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഇത് അസാധാരണമാണ്. പാലക്കാട് 34 ഡിഗ്രിയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയ പകല്‍ താപനില. കണ്ണൂരില്‍ 32 ഡിഗ്രിയും. ഇതേനില തുടര്‍ന്നാല്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top