24 April Wednesday

പുലര്‍ന്നിട്ടും മൂടല്‍മഞ്ഞ്; കാലാവസ്ഥയില്‍ ദ്രുതമാറ്റം

ലെനി ജോസഫ്Updated: Thursday Nov 23, 2017

ആലപ്പുഴ > നേരം പുലര്‍ന്നിട്ടും കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞ് തെക്കന്‍ കേരളത്തില്‍ പെട്ടെന്നു കാലാവസ്ഥാമാറ്റം. രാവിലെ എട്ടരവരെ വാഹന ഗതാഗതത്തിനുപോലും തടസമുണ്ടാക്കി മഞ്ഞ് നിറഞ്ഞുനിന്നു. കേരളത്തില്‍ വ്യാഴാഴ്ച തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ കനത്ത മൂടല്‍മഞ്ഞായിരുന്നു. നേരം ഏറെ പുലര്‍ന്നിട്ടും വാഹനങ്ങള്‍ ഹെഡ് ലൈറ്റിട്ടാണ് ഓടിയത്. മൂടല്‍മഞ്ഞില്‍ മാവേലിക്കര തെക്കേക്കര കുറുത്തികാട്ട് സ്വകാര്യ ബസും സ്‌കൂള്‍ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ അഞ്ചരയ്ക്ക് രേഖപ്പെടുത്തിയ താപനില 23-24 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ മേധാവി ഡോ റീനാ മാത്യു പറഞ്ഞു. കൂടിയ താപനില 32-33 ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് കുറഞ്ഞ താപനില 24-25 ആയിരുന്നു. എന്നാല്‍ അന്ന് ഇതുപോലുള്ള മൂടല്‍മഞ്ഞ് ഉണ്ടായിരുന്നില്ല. താപനിലയിലെ ചെറിയ വ്യത്യാസംകൊണ്ട് മൂടല്‍മഞ്ഞ് ഉണ്ടാകാമെന്ന് അവര്‍ പറഞ്ഞു.

സാധാരണ മഞ്ഞുവരുമ്പോള്‍ മഴ തീരുന്നതായാണ് കാണുന്നതെങ്കിലും ഇത്തവണ വ്യത്യസ്തമാണ്. ബുധനാഴ്ചയും  ശക്തമായ കാര്‍മേഘം ഉണ്ടായിരുന്നു. അതിനുമുമ്പുള്ള ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഈ വര്‍ഷം നവംബറില്‍ വലിയ തോതില്‍ മഴ കിട്ടി. കഴിഞ്ഞവര്‍ഷം നംവബറില്‍ 14 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 106 മില്ലീമീറ്ററാണ്. അതേ സമയം കഴിഞ്ഞ വര്‍ഷം നവംബറില്‍ മഞ്ഞ് തീരെ ഇല്ലായിരുന്നു. പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പുമായ കാലാവസ്ഥയാണ് ഇപ്പോള്‍.

മഞ്ഞും മഴയുമില്ലാത്ത കാലാവസ്ഥയില്‍ കഴിഞ്ഞവര്‍ഷം മധ്യകേരളത്തിലും മറ്റും ശീതകാല പച്ചക്കറിയായി കോളി ഫ്്‌ളവറും കാബേജും കൃഷി ചെയ്തവര്‍ക്ക് കാര്യമായ വിളവ് കിട്ടിയില്ല. എന്നാല്‍ നെല്‍കൃഷിയെ ഇപ്പോഴത്തെ കാലാവസ്ഥ ബാധിക്കില്ല. ഇപ്പോള്‍ കൃഷിക്കാര്‍ നെല്ലുവിതയ്ക്കുന്നതേയുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തണുപ്പിലാണ് നെല്ലിന് ഇലപ്പേന്‍ അടക്കം പല രോഗങ്ങളും ബാധിക്കുക. വിതച്ചു കഴിഞ്ഞ് 25 ദിവസംവരെയുള്ള കാലത്ത് തണുപ്പ് കൂടുതലാകുമ്പോള്‍ മുഞ്ഞ ബാധിക്കുന്നതായി കാണുന്നുണ്ട്. അതുകൊണ്ടാണ് കൃഷിക്കാരോട് നവംബര്‍ 15നു മുമ്പ് വിത ആരംഭിക്കണമെന്നു പറയുന്നതെന്നും അവര്‍ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top