25 April Thursday

എല്ലാ ജില്ലയിലും മഴക്കമ്മി : കാലവര്‍ഷം: പ്രതീക്ഷ മങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 20, 2017

തൃശൂര്‍ > കാലവര്‍ഷം മൂന്നാംവാരത്തിലേക്ക് കടന്നതോടെ പ്രതീക്ഷ മങ്ങിത്തുടങ്ങി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ കിട്ടേണ്ട ജൂണിലുണ്ടായ മഴക്കുറവ് നികത്താനാവില്ലെന്ന് വ്യക്തമാകുന്നു. ജൂണില്‍ മഴ കുറഞ്ഞാല്‍ കാലവര്‍ഷം താളം തെറ്റുമെന്നാണ് സമീപകാല അനുഭവം. 2016ല്‍ 34 ഉം 2015ല്‍ 26 ശതമാനവും മഴ കുറഞ്ഞതുമൂലം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വരള്‍ച്ചയിലായി. എന്നാല്‍, ഇക്കുറി മഴ ശരാശരിയേക്കാള്‍ ഉയരുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം.

ജൂണില്‍ ശരാശരി 681 മില്ലിമീറ്റര്‍ മഴ കിട്ടണം. ഇതുവരെ സംസ്ഥാനത്ത് 275 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി പെയ്യേണ്ടത് 365 മില്ലിമീറ്ററാണ്. കാലവര്‍ഷം രണ്ടാംവാരത്തിലേക്ക് കടന്നപ്പോള്‍ എല്ലാ ജില്ലയിലും ശരാശരിയേക്കാള്‍ മഴ കൂടുതലായിരുന്നത് ഇപ്പോള്‍ മഴക്കമ്മിയായി. ഇത് ആപല്‍ക്കരമായ സൂചനയായാണ് കാലാവസ്ഥ ഗവേഷകര്‍ കാണുന്നത്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച് രണ്ടാഴ്ച നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് മഴയ്ക്കുള്ള വലിയ പ്രതീക്ഷയായി പഴമക്കാര്‍ കാണുന്നത്. പാരമ്പര്യമായി ഏറ്റവും മഴ കിട്ടുന്ന സമയം തിരുവാതിര ഞാറ്റുവേലയാണ്. എന്നാല്‍, കാലാവസ്ഥ ശാസ്ത്ര പഠനമേഖലയില്‍ ഞാറ്റുവേലകള്‍ കടന്നുവരുന്നില്ല. പരമ്പരാഗത അറിവുകളും അനുഭവങ്ങളും പരിഗണിക്കാറുണ്ടെന്ന് മാത്രം.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദങ്ങള്‍, ന്യൂനമര്‍ദപാത്തികള്‍, അന്തരീക്ഷ ചുഴലികള്‍ എന്നിവ രൂപപ്പെടുന്നതനുസരിച്ചേ മഴയുടെ ഗതിവിഗതി നിശ്ചയിക്കാനാകൂവെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു. ഇതുവരെ രൂപപ്പെട്ട ന്യൂനമര്‍ദങ്ങളുടെ ശക്തി ഗതിതിരിഞ്ഞുപോയതാണ് മഴ കുറയാന്‍ കാരണം. ജൂണില്‍ മഴ കുറഞ്ഞാലും പിന്നീടുള്ള മാസങ്ങളില്‍ മഴ ശക്തിയാര്‍ജിച്ച് നഷ്ടം നികത്തിയ പല വര്‍ഷങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ വിവിധ ജില്ലകളിലുണ്ടായ മഴക്കമ്മി ശതമാനത്തില്‍:  വയനാട്54, ഇടുക്കി49, മലപ്പുറം39, തിരുവനന്തപുരം28, പാലക്കാട്35, കാസര്‍കോട്16, തൃശൂര്‍23, കണ്ണൂര്‍9, കൊല്ലം11, കോട്ടയം11, പത്തനംതിട്ട25, എറണാകുളം6. ആലപ്പുഴ19.6, കോഴിക്കോട്13.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top