25 April Thursday

സംസ്ഥാനത്ത് 14 ശതമാനം മഴക്കുറവ്

വി എം രാധാകൃഷ്ണന്‍Updated: Monday Jul 18, 2016

തൃശൂര്‍ > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ കേരളത്തില്‍ ശരാശരിയേക്കാള്‍ 14 ശതമാനം മഴക്കുറവ്. ഒരു ജില്ലയിലും അതിവര്‍ഷം ഇല്ല. ജൂലൈ രണ്ടാം വാരം കഴിഞ്ഞപ്പോള്‍ കൂടുതല്‍ മഴക്കുറവ് വയനാട് ജില്ലയിലാണ്–49 ശതമാനം. തൃശൂര്‍ 22 ശതമാനം കുറവോടെ രണ്ടാം സ്ഥാനത്തും.

2015ല്‍ കാലവര്‍ഷത്തില്‍ 26 ശതമാനം കുറവുണ്ടായ കേരളത്തില്‍ ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷക്ക് വകയില്ലെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന സൂചന. ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ 1925 മില്ലിമീറ്റര്‍ മഴയാണ് ശരാശരി കിട്ടേണ്ടത്. ശരാശരിയേക്കാള്‍ 16 ശതമാനമെങ്കിലും കൂടുതല്‍ കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂലൈ 15 വരെ 856 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. കിട്ടേണ്ടിയിരുന്നത് 991 മില്ലിമീറ്ററാണ്.

ഈ ആഴ്ചയും മഴയുണ്ടാകുമെന്നാണ്  അറിയിപ്പെങ്കിലും മഴ ശക്തിപ്പെടാനുള്ള അന്തരീക്ഷ ഘടകം ദുര്‍ബലമാണ്. കടലില്‍ ന്യൂനമര്‍ദത്തിന്റേയോ ചുഴലിയുടെയോ ലക്ഷണമില്ല. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തെ ദുര്‍ബലമാക്കിയ എല്‍–നീനോ പ്രതിഭാസം പിന്‍വാങ്ങിയതാണ് അനുകൂല ഘടകം. മഴ ശക്തിപ്പെടാന്‍ സഹായിക്കുന്ന പസഫിക് സമുദ്രത്തിലെ ലാ–നീന പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ 'ഡൈപോള്‍' പ്രതിഭാസവും സെപ്തംബര്‍ ആദ്യത്തോടെ രൂപം കൊള്ളുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വകുപ്പെന്ന് ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.

വിവിധ ജില്ലകളില്‍ ലഭിച്ച മഴ (ജൂലൈ 16 വരെയുള്ളത്): തിരുവനന്തപുരം 476 (ആറു ശതമാനം കൂടുതല്‍), കൊല്ലം– 662 (മൂന്നു ശതമാനം കൂടുതല്‍), കോഴിക്കോട്– 1282 മില്ലീമിറ്റര്‍ (നാലു ശതമാനം കുറവ്), ആലപ്പുഴ– 714 (16 ശതമാനം കുറവ്), കണ്ണൂര്‍– 1208 (11ശതമാനം കുറവ്), എറണാകുളം– 947 (ഏഴ് ശതമാനം കുറവ്), ഇടുക്കി – 889 (11 ശതമാനം കുറവ്), കാസര്‍കോട്– 1317  (12 ശതമാനം കുറവ്), കോട്ടയം–895 (അഞ്ച് ശതമാനം കുറവ്), മലപ്പുറം–858(17 ശതമാനം കുറവ്), പാലക്കാട്–662 (18 ശതമാനം കുറവ്), പത്തനംതിട്ട–662 (ഏഴ് ശതമാനം കുറവ്), തൃശൂര്‍– 835 (22 ശതമാനം കുറവ്), വയനാട് 626 (49 ശതമാനം കുറവ്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top