02 July Wednesday

താപസൂചിക താഴ്‌ന്നു ; വേനൽ മഴ ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023


തിരുവനന്തപുരം
സംസ്ഥാനത്ത്‌ താപസൂചിക താഴ്‌ന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച താപസൂചികാ ഭൂപടത്തിൽ ജില്ലകളിലെല്ലാം 45ൽ താഴെയാണ്‌ താപസൂചിക. വ്യാഴാഴ്‌ച അഞ്ചു ജില്ലയിൽ 45നു മുകളിലും രണ്ട്‌ ജില്ലയിൽ 54നു മുകളിലുമായിരുന്നു സൂചിക.  
അന്തരീക്ഷ ഊഷ്‌മാവിനൊപ്പം അന്തരീക്ഷത്തിലെ ആർദ്രതയും (ഹ്യുമിഡിറ്റി) ചേർന്നുണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപസൂചിക.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക്‌ കാലാവസ്ഥാ മാപിനികളിലൂടെ ലഭിക്കുന്ന താപനില, ആർദ്രത എന്നിവ അടിസ്ഥാനമാക്കിയാണ്‌ താപസൂചികാ ഭൂപടം തയ്യാറാക്കുന്നത്‌.

ഈ മാപിനികളിലെ കണക്കുകൾ പൂർണമായും ശാസ്‌ത്രീയമായി കാണാനാകില്ലെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌. വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എല്ലാ ജില്ലയിലും 34 ഡിഗ്രി സെൽഷ്യസിന്‌ താഴെ താപനിലയാണ്‌ രേഖപ്പെടുത്തിയത്‌.

വേനൽ മഴ ഉടൻ
സംസ്ഥാനത്ത്‌ വരുംദിവസങ്ങളിൽ വേനൽ മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു. നിലവിലെ അന്തരീക്ഷമാറ്റങ്ങൾ വേനൽ മഴയുടെ സൂചന നൽകുന്നു. തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. കന്യാകുമാരി, മാന്നാർ കടലിടുക്ക്‌ ഭാഗങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top