19 April Friday

അൽപ്പം ഭയമാകാം; അറബിക്കടൽ അത്ര പാവമല്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

പത്തനംതിട്ടയിൽ കാണപ്പെട്ട മഴ മേഘമായ സ്ട്രാറ്റോ കുമുലസ്. മൺസൂൺ കാലത്ത് മഴനൽകുന്ന മേഘങ്ങളാണിത്. മുകളിൽ അൾട്രോസ്ട്രാറ്റസ് മേഘവുംകാണാം. കലക്ടറേറ്റ് കെട്ടിടത്തിൽ നിന്ന് പകർത്തിയ ചിത്രം.

മല്ലപ്പള്ളി> ജാഗ്രതയ്‌ക്ക് സഹായിക്കുമെങ്കിൽ ഇനി അൽപ്പം ഭയമാകാം... കേരളത്തിലെ കാറ്റിന്റെയും മഴയുടെയും ശൈലി മാറുന്നുണ്ട്. കാലവർഷ ശൈലിക്ക് 2019 മുതൽ മാറ്റമുണ്ട്. ആഗോള താപനമടമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഭൂമിയിൽ ചൂടു വർധിപ്പിക്കുന്ന ഖനനങ്ങളും മഴയുടെയും കാറ്റിന്റെയും ശൈലി മാറ്റത്തിന് കാരണമാണ്.
 
അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ്. മർദം കൂടിയ മേഖലയിൽ‌നിന്ന്‌ കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. സൂര്യനിൽനിന്നുള്ള ചൂട് നിമിത്തം വായു ഉയർന്നുപൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം നാലര കിലോമീറ്റർവരെ ഉയരത്തിൽ വീശുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റാണ് കേരളത്തിൽ കാലവർഷം എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഇടി മേഘങ്ങളായ കൂമ്പാരമേഘങ്ങൾ ധാരാളമായുണ്ടാകുന്നു.
 
പ്രശ്നം ഗുരുതരമാണ്...
അറബിക്കടലിലെ ഉയരുന്ന ഉപരിതല താപനില കൂടുതൽ ജലം ബാഷ്പീകരിക്കാൻ കാരണമാകുന്നു. ഉയർന്ന സമുദ്രോപരിതല താപം മുകളിലേക്കു വളരുന്ന ക്യുമുലോ നിംബസ് മേഘങ്ങളുടെ രൂപീകരണത്തിനും സഹായകമാകും. ഇത്തരം മേഘങ്ങളുടെ ഉയർന്ന ഭാഗത്ത് കൂടുതൽ ഹിമകണങ്ങളും ഐസ് പരലുകളും രൂപപ്പെടാനും ഇടയാകും. സാധാരണയായി ജൂൺ മുതൽ സെപ്തംബർ അവസാനം വരെ കേരളത്തിൽ ഇടിമിന്നൽ ഉണ്ടാകാറില്ല. താരതമ്യേന ഉയരംകുറഞ്ഞ (ഏകദേശം എട്ടു കിലോമീറ്ററിലും താഴെ) നിംബോ സ്ട്രാറ്റസ് മേഘങ്ങളിൽനിന്ന്‌ തോരാതെ കിട്ടുന്ന ശക്തികുറഞ്ഞ മഴയായിരുന്നു കാലവർഷത്തിന്റെ മുൻകാല സ്വഭാവം. എന്നാൽ സമീപവർഷങ്ങളിൽ കാലവർഷ സമയത്ത് മഴയില്ലാത്ത ഇടവേളകളുടെ ദൈർഘ്യം കൂടുകയും കുറഞ്ഞ സമയം ശക്തിയേറിയ മഴ ഉണ്ടാകുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ 14 മുതൽ 17 കിലോമീറ്റർ വരെ ഉയരത്തിലേക്ക് വളരുന്ന കൂറ്റൻ കൂമ്പാര (ക്യുമുലോ നിംബസ്) മേഘങ്ങളുടെ എണ്ണം വർധിക്കുന്നതാണ് കാരണം.
 
2019 ലേതു പോലുള്ള തീവ്ര മഴകൾ ആവർത്തിച്ചാൽ അത് പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് ഉണ്ടാക്കാവുന്ന ആഘാതം ആശങ്കപ്പെടുത്തുന്നതാണ്. പൊടുന്നനെ പെയ്യുന്ന തീവ്രമഴയ്ക്കും തുടർച്ചയായി പെയ്ത് കുതിർന്നുകിടക്കുന്ന അവസ്ഥയിൽ പെയ്യുന്ന താരതമ്യേന ശക്തികൂടിയ മഴയ്ക്കും ഒരുപോലെ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽ പൈപ്പിങ്ങ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കാൻ കഴിയും. ചെങ്കുത്തായ കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുകയുംചെയ്യും. പൊതുവിൽ നദീജല നിരപ്പ് ഉയർന്നു നിൽക്കുന്ന ജൂലൈ, ആഗസ്ത്‌ മാസങ്ങളിൽ നദീതടങ്ങളിലെ വെള്ളപ്പൊക്കത്തിനും തീവ്രമഴ വഴിവയ്ക്കും.
 
 കേരളത്തിലെ മഴശൈലിയുടെ മാറ്റം നിരീക്ഷണവിധേയമാക്കണമെന്നും ആഘാത പഠനം നടത്തി ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കുസാറ്റിലെ റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എസ് അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.
 
ന്യൂനമർദങ്ങളുടെയും 
ഭാവം മാറി...
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ കരുത്തുകൂട്ടി. 28 ന് മറ്റൊന്ന് വരാനിരിക്കുന്നു. ന്യൂനമർദ്ദങ്ങളെല്ലാം കാറ്റായി മാറുമെന്ന വാശിയിലാണ്.
മുൻ കാലങ്ങളേക്കാൾ കടലുകളിൽ രൂപപ്പെടുന്ന ന്യൂനമർദം കാറ്റായി മാറുന്നു. കാറ്റ് ദുരന്തമായില്ലെങ്കിലും മഴ ധാരാളം നൽകി. ഉണങ്ങാൻ നേരമില്ലാതെ മണ്ണിങ്ങനെ മഴയിൽ കുതിർന്നാൽ .... ? 
 
കൂമ്പാര മേഘങ്ങൾ
മൺസൂൺ കാറ്റിന്റെ ശക്തി കുറയുമ്പോളാണ് ഇടിമേഘങ്ങളായ കൂമ്പാര (ക്യുമുലസ്) മേഘങ്ങൾ രൂപപ്പെടുന്നത്. ഭൂമി ചൂടാകുകയും വായുവിൽ ആർദ്രത കൂടുകയും ചെയ്താൽ കൂമ്പാരമേഘങ്ങൾ ധാരാളമുണ്ടാകും. കൂമ്പാരംപോലെ ഉയർന്ന് കാണപ്പെടുന്ന, അരികുകൾ വ്യക്തമായ മേഘങ്ങളാണ് കൂമ്പാരമേഘങ്ങൾ.
ആർദ്രത കുറവുള്ളപ്പോൾ രൂപപ്പെടുന്ന പഞ്ഞിക്കെട്ടു പോലുള്ള ഉയരം കുറഞ്ഞ കൂമ്പാരമേഘങ്ങൾ മഴ നൽകുന്നവയല്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top