24 September Sunday

മഴക്കണക്കുകള്‍ നല്‍കുന്നത് കാലാവസ്ഥ മാറ്റത്തിന്റെ സൂചന

ഷിനു കുര്യൻUpdated: Saturday Jul 17, 2021

പത്തനംതിട്ട നഗരത്തിൽ മഴയത്ത് കച്ചവടം നടത്തുന്നവർ

 
പത്തനംതിട്ട> മഴക്കാല സൂചനകളുമായി കർക്കിടകമാസം എത്തി. ഇന്ന് കർക്കിടകം ഒന്ന്. കർക്കിടകത്തിലെ പത്തു വെയിലിൽ ആനത്തോലും ഉണക്കാം എന്നാണ് പഴമൊഴി. എന്നാൽ, ഇത്തവണ അത് കണ്ടറിയണം. 
 
വെള്ളിയാഴ്ച കോന്നിയിലെ മഴമാപിനിയിൽ 58 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ കൂടുതലാണ് ഈ വർഷം ലഭിച്ചത്. ജനുവരി മുതൽ 2,377.6,  മില്ലിമീറ്റർ മഴ ലഭിച്ചുകഴിഞ്ഞു.
 
ഏറ്റവും കൂടുതൽ മഴ കിട്ടിയത് മെയ് മാസത്തിലാണ്; 921 മില്ലിമീറ്റർ. അധ്യയനവർഷാരംഭമായ ജൂണിൽ മഴ തകർത്തുപെയ്യുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ 442 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ജൂൺ നാലിന് 138 മില്ലിമീറ്റർ മഴ പെയ്തതൊഴിച്ചാൽ ബാക്കി ദിവസങ്ങളിൽ കാര്യമായ മഴ ഉണ്ടായിരുന്നില്ല. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദങ്ങളും ടൗട്ടേ ചുഴലിക്കാറ്റുമൊക്കെ മഴയ്‌ക്ക് കാരണവുമായി. 
 
ഈ മഴക്കണക്കുകൾ നൽകുന്നത്‌ കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണ്. വേനൽക്കാലമെന്ന് ഗണിക്കപ്പെടുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 601 മില്ലി മീറ്റർ മഴ പെയ്തു. ഏറ്റവും കുറവ് മഴ ലഭിച്ചത് ഫെബ്രുവരിയിലാണ്. മാർച്ചിൽ അതുയർന്ന് 181 മില്ലിമീറ്ററായി. തുടർന്നുള്ള മാസങ്ങളിൽ നാനൂറിനു മുകളിലാണ്. ഈ മാസം ഇതുവരെ 139.3 മില്ലിമീറ്റർ മഴ പെയ്തുകഴിഞ്ഞു.കഴിഞ്ഞ മൂന്നാണ്ടിലെ മഴക്കണക്കുകൾ ആശങ്കയുടെ സൂചനയാണ് നൽകുന്നത്.
 
 2018 ജൂലൈ 16 ന് ആറന്മുള സത്രക്കടവടക്കം ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. കരുത്താർജിച്ചുള്ള രണ്ടാം വരവായിരുന്നു ആഗസ്തിലെ പ്രളയം. കർക്കിടകം കള്ളത്തരം കാണിച്ചാൽ ഇത്തവണയും മഴയേ ഭയക്കേണ്ടിവരും. പ്രവചിക്കപ്പെട്ടതുപോലെ കോവിഡിന്റെ മൂന്നാം തരംഗംകൂടി ഉണ്ടായാൽ കർക്കിടകം തീർന്നാലും പഞ്ഞം തീരില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top