26 April Friday

ചൂട്‌ കനക്കുന്നു; സൂര്യാതപത്തിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

തണുപ്പേറ്റാൻ... ചൂടുകൂടിയതോടെ മൃഗങ്ങളും തണുപ്പിനായി നെട്ടോട്ടമോടുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാൻ പാലക്കാട് നഗരത്തിലെ ചതുപ്പിലെ വെള്ളത്തിൽ കിടക്കുന്ന നായ

പാലക്കാട്‌> ജില്ലയിൽ ചൂട്‌ കൂടുന്ന സാഹചര്യത്തിൽ സൂര്യാതപമേൽക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണം. മുണ്ടൂർ ഐആർടിസിയിലെ കണക്കുപ്രകാരം വ്യാഴാഴ്‌ച ജില്ലയിൽ രേഖപ്പെടുത്തിയ കൂടിയ ചൂട്‌ 38 ഡിഗ്രി സെൽഷ്യസാണ്‌.
 
കുറഞ്ഞ താപനില 28ഉം. ഈ സീസണിലെ   ഏറ്റവും ഉയർന്ന താപനിലയായ 41.5 രേഖപ്പെടുത്തിയത്‌ മാർച്ച്‌ 26നും 30നുമാണ്‌. 41 ഡിഗ്രി ചൂട്‌ രേഖപ്പെടുത്തിയ ബുധനാഴ്‌ച ജില്ലയിൽ രണ്ടുപേർക്ക് സൂര്യാതപമേറ്റു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തണമെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകുന്നു.
  
സൂര്യാതപം ഏറ്റതായി സംശയം തോന്നിയാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുകയോ   ഫാൻ, എസി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയോ ചെയ്യണം. ധാരാളം വെള്ളവും കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റണം. കഴിയുന്നതും വേഗം ചികിത്സയും തേടണം. മനുഷ്യർക്ക്‌ മാത്രമല്ല, കന്നുകാലികളെയും പ്രത്യേകം ശ്രദ്ധിക്കണം.  
 
മുൻകരുതല്‍ 
എടുക്കണം
 
ധാരാളം വെള്ളം കുടിക്കണം ഓരോ മണിക്കൂർ കൂടുമ്പോഴും രണ്ടുമുതൽ നാലു ഗ്ലാസുവരെ വെള്ളം കുടിക്കുക
ഉപ്പിട്ട കഞ്ഞിവെള്ളവും നാരാങ്ങാവെള്ളവും കുടിക്കുക.
വെയിലത്ത് പണി ചെയ്യുന്നവർ പകൽ 12 മുതൽ മൂന്നുവരെ വിശ്രമിക്കണം.  
കട്ടി കുറഞ്ഞ ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം
ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലിലേക്ക് മാറിനിൽക്കണം.  
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്‌
ചൂട് കൂടുതലുള്ളപ്പോൾ വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളിൽ) കുഞ്ഞുങ്ങളുടെയും (നാല് വയസ്സിന് താഴെയുള്ളവർ) മറ്റ് രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം
വീട്ടില്‍ കാറ്റ് കടക്കുന്ന രീതിയിലും ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടണം
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തരുത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top