19 March Tuesday

മൺസൂൺ ചതിച്ചു മടിച്ചുമടിച്ച‌് മഴ

സ്വന്തം ലേഖികUpdated: Wednesday Jul 3, 2019

കൊല്ലം> മൺസൂൺ ചതിച്ചു.  ജില്ലയിൽ 34ശതമാനം മഴ കുറവ‌്.  മൂന്നരപ്പതിറ്റാണ്ടിനിടെ  ജില്ലയിലെ  ഏറ്റവും കുറഞ്ഞ മഴയാണ‌് ജൂണിൽ ലഭ്യമായത‌്. കിഴക്കൻ മലയോര മേഖലയിൽ മഴ ദുർബലമായതിനാൽ പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ‌് ക്രമാതീതമായി കുറഞ്ഞു. 98.8 മീറ്ററാണ‌് ചൊവ്വാഴ‌്ച അണക്കെട്ടിൽ രേഖപ്പെടുത്തിയ  ജലനിരപ്പ‌്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത‌് 110.58മീറ്ററായിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 115.82 മീറ്ററാണ‌്. ഇടയ‌്ക്കു   മഴ ലഭിക്കുന്നതിനാൽ നിലവിൽ കുടിവെള്ള ക്ഷാമം ഇല്ല.  എന്നാൽ,  സ്ഥിതി തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന‌് അധികൃതർ പറഞ്ഞു. 

പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ‌് കുറഞ്ഞതോടെ പവർ ഹൗസിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കുറച്ചു. ദിനംപ്രതി 15 മെഗാവാട്ട‌് വൈദ്യുതി വീതം ഉൽപ്പാദിപ്പിച്ചിരുന്ന രണ്ട‌ു ജനറേറ്ററുകളിൽ  ഒന്നു മാത്രമാണ‌് പ്രവർത്തിപ്പിക്കുന്നത‌്‌.  അതാകട്ടെ വൈകിട്ട‌് ആറ‌ുമുതൽ രാത്രി പത്തുവരെ മാത്രമാണ‌്‌.  ജൂൺ ആദ്യം ഒരാഴ‌്ച മഴ ലഭിച്ചിരുന്നെങ്കിലും  പിന്നീട‌് കുറഞ്ഞു. മലനിരകളിൽനിന്നുള്ള നീരൊഴുക്ക‌് കുറഞ്ഞതോടെ ശെന്തരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകളിൽ ജലനിരപ്പ‌്  കുറഞ്ഞു.
 
മുൻ വർഷങ്ങളിൽ ജൂൺ അവസാനത്തോടെ അണക്കെട്ടു നിറയുമായിരുന്നു.  കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തിൽ അണക്കെട്ട‌് നിറഞ്ഞതിനെതുടർന്ന‌് മൂന്ന‌് ഷട്ടറും  ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക‌് ഒഴുക്കിയിരുന്നു.  
നിലവിൽ കെഐപി കനാൽ നേരത്തെ അടച്ചതിനാൽ കനാൽ തീരങ്ങളിൽ കുടിവെള്ള ക്ഷാമം  തുടങ്ങി. ശാസ‌്താംകോട്ട തടാകത്തിലും ജലനിരപ്പ‌് താഴ‌്ന്നുതുടങ്ങി. ഇത‌്  നഗരത്തിൽ ഉൾപ്പടെ  ജലവിതരണത്തെ  ബാധിക്കും. തോടുകളും കുളങ്ങളും കിണറുകളും  വറ്റിത്തുടങ്ങി.
 
പാരിപ്പള്ളിയിലും പരിസരങ്ങളിലും ജൂൺ ആദ്യം തന്നെ കിണറുകൾ വറ്റിവരണ്ടു.  കർഷകരും പ്രതിസന്ധിയിലായി. ഏലകളിൽ ഒന്നാംവിള നെൽ കൃഷി ഇറക്കാനായിട്ടില്ല.  വെള്ളമില്ലാത്തതിനാൽ  നിലം ഒരുക്കൽ  പലയിടത്തും നിലച്ചു. കരീപ്രയിൽ  300ഏക്കറോളം പാടത്ത‌് കൃഷി ഇറക്കാനാകാത്ത സ്ഥിതിയാണെന്ന‌്  കർഷകർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top