29 March Friday

മഴക്കമ്മി 28 ശതമാനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017


തൃശൂര്‍ > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്പോള്‍ ശരാശരിയേക്കാള്‍ 28.2 ശതമാനം മഴക്കമ്മി. മെയ് 30നാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്. ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ 68 ശതമാനം മഴക്കാലവും തീരുമ്പോഴാണ് ഈ മഴക്കമ്മി. 2015ല്‍ മണ്‍സൂണ്‍ കാലത്ത് 26 ശതമാനവും 2016ല്‍ 34 ശതമാനവും മഴക്കമ്മിയായിരുന്നു. 

ജൂണ്‍ 28 വരെ സംസ്ഥാനത്ത് 947.3 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. ശരാശരി 1320 മില്ലിമീറ്റര്‍ ലഭിക്കണം. വിവിധ ജില്ലകളില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് വ്യത്യസ്തമാണെങ്കിലും ഇതുവരെ എല്ലാ ജില്ലകളിലും മഴക്കമ്മിയാണ്. എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് അല്‍പ്പമെങ്കിലും മെച്ചപ്പെട്ട മഴ ലഭിച്ചത്. കൂടുതല്‍ മഴക്കമ്മി വയനാട് ജില്ലയിലാണ്. ശരാശരിയേക്കാള്‍ 55.9 ശതമാനം കുറവ്. മറ്റുജില്ലകളില്‍ കിട്ടിയ മഴയും (സെന്റിമീറ്ററില്‍) മഴക്കമ്മിയും (ശതമാനത്തില്‍): ആലപ്പുഴ- 810.2 (25.5), എറണാകുളം- 1125.3 (14.8), ഇടുക്കി- 784.9 (42.7), കണ്ണൂര്‍- 1294.6 (29.2), കാസര്‍കോട്- 1567.5 (22.6), കൊല്ലം- 675.3 (20.4), കോട്ടയം- 994.7 (17), കോഴിക്കോട് - 1477.1 (16.9), മലപ്പുറം- 996.4 (28.5), തൃശൂര്‍ - 1084.3 (23.9), പാലക്കാട് 781.5 (25.8), പത്തനംതിട്ട - 753.8 (28.5), തിരുവനന്തപുരം- 369.5 (32.9).

മൂവായിരം മില്ലിമീറ്റര്‍ മഴയാണ് ഒരു വര്‍ഷം ശരാശരി കേരളത്തില്‍ പെയ്യേണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഇതു കുറഞ്ഞതാണ് കടുത്ത വരള്‍ച്ചയ്ക്കിടയാക്കിയത്. ആകെ മഴയുടെ 68 ശതമാനവും പെയ്യേണ്ടത് ജൂണ്‍മുതല്‍ സെപ്തംബര്‍വരെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്താണ്. മണ്‍സൂണ്‍ കാലം കഴിഞ്ഞാല്‍ ഒക്ടോബര്‍, നവംബറിലെ തുലാവര്‍ഷമാണ് പ്രതീക്ഷിക്കാനുള്ളത്. എന്നാല്‍, തുലാവര്‍ഷവും അടുത്ത കാലത്തായി ദുര്‍ബലമാണ്.

ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഇതുവരെ ദേശീയതലത്തില്‍ ശരാശരിയേക്കാള്‍ അഞ്ചുശതമാനം മഴ കൂടുതലാണ്. കേരളത്തില്‍ നാലുമാസം പിന്നിട്ടാലും മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കാന്‍ പ്രയാസമാകുമെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. സി എസ് ഗോപകുമാര്‍ 'ദേശാഭിമാനി'യോടു പറഞ്ഞു. മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ ജലസംഭരണത്തിലും വിനിയോഗത്തിലും മുന്‍കൂട്ടി ശാസ്ത്രീയമായ സമീപനം കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top