29 March Friday

വരൾച്ച നേരിടാൻ വൻ മുന്നൊരുക്കം; ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസർ​കോട‌് ജില്ലകളിൽ ഭൂ​ഗർഭജലത്തിൽ കുറവ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

തിരുവനന്തപുരം> വരൾച്ച നേരിടാൻ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസർ​കോട‌് ജില്ലകളിലാണ് ഭൂ​ഗർഭജലത്തിൽ കുറവുള്ളത്. ഈ ജില്ലകൾക്ക‌് പ്രത്യേക ശ്രദ്ധ നൽകും. ജല അതോറിറ്റി, റവന്യൂ, തദ്ദേശസ്വയംഭരണം, ജലസേചനം എന്നീ വകുപ്പുകൾ സംയുക്തമായാണ‌് പ്രവർത്തിക്കുക. 
വരൾച്ചാ മുൻകരുതലുകൾ കൈക്കൊള്ളാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. ജലക്ഷാമം പരിഹരിക്കാൻ ജില്ലകളിൽ ഉദ്യോഗസ്ഥർക്ക‌് നിർദേശം നൽകി.

താൽക്കാലിക തടയണകൾ നിർമിക്കുക, കിണർ, കുളം തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുക, നീർച്ചാലുകൾ നിർമിക്കുക, സാധ്യത പരിശോധിച്ച പൈപ്പ‌് ലൈനുകൾ ദീർഘിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. കുടിവെള്ളത്തിന്റെ ദുരുപയോഗം തടയൽ, ഗുണനിലവാരം ഉറപ്പുവരുത്തൽ, കേടായ കിണറുകൾ, കുളങ്ങൾ, വെള്ളം കെട്ടിക്കടിക്കുന്ന പാറമടകൾ തുടങ്ങിയവ ശുദ്ധീകരിച്ച‌് ജലവിതരണത്തിന‌് പര്യാപ‌്തമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തും. കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കും. ഡാമുകളിൽനിന്ന‌് ജലമെത്തിക്കുന്നതിന‌് കനാലുകൾ വൃത്തിയാക്കി അറ്റകുറ്റപ്പണി നടത്തും. കടലിൽനിന്ന‌് ഉപ്പുവെള്ളം കയറുന്നത‌് തടയാനായി താൽക്കാലിക തടയണകൾ നിർമിക്കും. അണക്കെട്ടുകളുടെ സംഭരണികളിൽനിന്നുള്ള ജല ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

പ്രളയത്തിനുശേഷം ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമാണത്തിന് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു. ജലം കൂടുതലായി ഉപയോ​ഗിക്കുന്ന വ്യവസായങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഭൂ​ഗർഭജലം താഴുന്നത് പ്രതിരോധിക്കാനായി ഹരിത കേരളം മിഷനുമായി സഹകരിച്ച് വിവിധ പദ്ധതികൾ ആവിഷ‌്കരിച്ച‌് നടപ്പാക്കുന്നുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top