26 April Friday

ഇടുക്കിയിൽ പെയ‌്തത‌് 17 വർഷത്തെ കൂടിയ മഴ

കെ ടി രാജീവ‌്Updated: Tuesday Jul 17, 2018

ഇടുക്കി > കാലവർഷം കനത്തതോടെ ഇടുക്കി ഉൾപ്പെടെയുള്ള സംഭരണികളിൽ ജലനിരപ്പുയർന്നു. ചെറുകിട സംഭരണികൾ മിക്കതും തുറന്നു. ഇടുക്കിയിൽ 17 വർഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയാണ‌്  കഴിഞ്ഞ ദിവസം പെയ‌്തത‌്. തിങ്കളാഴ‌്ച 153.4 മി. മീറ്റർ മഴ പദ്ധതി പ്രദേശത്ത‌് പെയ‌്തു. 

  2001 ലാണ‌് ഇതിനേക്കാൾ ഉയർന്ന മഴ 221.2 മി. മീറ്റർ ലഭിച്ചത‌്.  ഇടുക്കി സംഭരണിയിൽ 33 വർഷത്തെ ജൂലൈയിലെ ഏറ്റവും കൂടിയ  ജലനിരപ്പാണിപ്പോഴുള്ളത‌്. കാലവർഷം തുടങ്ങി 50 ദിവസത്തിനുള്ളിൽ 1664.2 മി. മീറ്റർ മഴ പെയ‌്തു. കഴിഞ്ഞവർഷം വെറും 813.8 മി. മീറ്ററായിരുന്നു. മൂന്നാർ‐ദേവികുളം, പീരുമേട‌് എന്നിവിടങ്ങളിൽ യഥാക്രമം 202, 189 മി. മീറ്റർ മഴ പെയ‌്തതും റെക്കോഡാണ‌്.  ഇടുക്കിയിൽ ഒരു ദിവസംകൊണ്ട‌് നാലടി വെള്ളമാണ‌് ഉയർന്നത‌്. തിങ്കളാഴ‌്ചത്തെ ജലനിരപ്പ‌് 2371.28 അടിയാണ‌്. ഞായറാഴ‌്ചയിത‌് 2367 ആയിരുന്നു. ആകെ സംഭരണശേഷി  2403 അടിയാണ‌്. ശേഷിയുടെ 65. 25 ശതമാനമായിട്ടുണ്ട‌്.  കഴിഞ്ഞ വർഷത്തേക്കാൾ 54. 38 അടിയുടെ വർധന. ഇതേപോലെ മഴ തുടർന്നാൽ ഇത്തവണ സംഭരണി നിറഞ്ഞേക്കും.

ഇടുക്കി ഡാം നിർമിച്ചശേഷം 1981 ലും 1992 ലും മാത്രമാണ‌് ഷട്ടറുകൾ തുറക്കേണ്ടി വന്നത‌്. വേനൽക്കാല വൈദ്യുതോൽപാദനത്തിനുള്ള കരുതലായാണ‌് ഇടുക്കി സംഭരണി ഉപയാഗപ്പെടുത്തുന്നത‌്. മൂലമറ്റത്ത‌് ഉൽപാദനം നാമമാത്രം. 2.065 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ ഉൽപാദനം. മുല്ലപ്പെരിയാറിൽ 130 അടിയായി. അണക്കെട്ട‌് മേഖലയിൽ 84 മി. മീറ്റർ മഴ പെയ‌്തു. അണക്കെട്ടിലേക്ക‌് സെക്കൻഡിൽ 5653 ഘന അടി വെള്ളം ഒഴുകിയെത്തുമ്പേൾ 1800 ഘന അടി തമിഴ‌്നാട‌് കൊണ്ടുപോകുന്നു. ചെറു സംഭരണികളും നിറഞ്ഞിട്ടുണ്ട‌്. മൂന്നാർ രാമസ്വാമി ഹെഡ‌്‌വർക്ക‌്സ‌് ഡാം  , നെടുങ്കണ്ടം കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളും തുറന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top