25 April Thursday
കാലവര്‍ഷക്കാറ്റ് ആന്‍ഡമാനിലേക്ക്

ഇടവപ്പാതി ജൂണ്‍ ആദ്യം എത്തിയേക്കും

ദിലീപ് മലയാലപ്പുഴUpdated: Friday May 12, 2017

തിരുവനന്തപുരം > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് അടുത്താഴ്ച അവസാനത്തോടെ ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ എത്തുമെന്ന് പ്രതീക്ഷ. ബംഗാള്‍ ഉള്‍ക്കടലിലെ സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ജൂണ്‍ ആദ്യം ഇടവപ്പാതി കേരളതീരം തൊട്ടേക്കുമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ചെറുന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ അത് കാലവര്‍ഷത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. ചില വര്‍ഷങ്ങളില്‍ ഇത് സംഭവിച്ചിട്ടുമുണ്ട്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി സാധാരണപോലെയായിരിക്കുമെന്നും മഴക്കുറവുണ്ടാകില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞവര്‍ഷവും ഇതേരീതിയിലുള്ള പ്രവചനമായിരുന്നെങ്കിലും കേരളത്തില്‍ ഇടവപ്പാതിയും തൊട്ടുപിന്നാലെ തുലാവര്‍ഷവും ഒരുപോലെ ചതിച്ചു. സമീപകാലത്തെ വലിയ വരള്‍ച്ചയ്ക്കും സംസ്ഥാനം സാക്ഷിയായി. പോയവര്‍ഷം ജൂണ്‍ ഏഴോടെയാണ് കാലവര്‍ഷക്കാറ്റ് കേരളത്തിലെത്തിയത്.

തുടക്കം ഉജ്വലമായെങ്കിലും തുടര്‍ന്ന് മഴ പിന്‍വാങ്ങി. 69 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. വേനലിന് നേരിയ ആശ്വാസം പകര്‍ന്ന് വ്യാപകമായി മഴ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വേനല്‍മഴ പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് കൂടുതല്‍. ഒരുമാസത്തിനിടെ ഇവിടെ 424.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 33 ശതമാനം അധികമഴയാണ് ജില്ലയില്‍ ലഭിച്ചത് (452.9 മില്ലീമീറ്റര്‍)

ബുധനാഴ്ച സംസ്ഥാനത്തുടനീളം ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചു. ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണിത്. 24 മണിക്കൂറിനുള്ളിലെ ശക്തമായ മഴ കൊയിലാണ്ടിയിലാണ് രേഖപ്പെടുത്തിയത്. 102 മില്ലീമീറ്റര്‍. കണ്ണൂര്‍- 86.9, കരിപ്പൂര്‍- 26.1, കൊടുങ്ങല്ലൂര്‍- 42, മങ്കൊമ്പ്- 53, കോട്ടയം- 58.3, ഇടുക്കി- 32.2, പീരുമേട്- 52, കോന്നി- 50, ആര്യങ്കാവ്- 88, കൊല്ലം- 61, വര്‍ക്കല- 77.2, നെടുമങ്ങാട്- 43.3, തിരുവനന്തപുരം നഗരം- 26.9 മില്ലീമീറ്ററും മഴ ലഭിച്ചു. ശനിയാഴ്ച രാവിലെവരെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top