26 April Friday

മീനച്ചൂട് കടുക്കും

ദിലീപ് മലയാലപ്പുഴUpdated: Saturday Mar 12, 2016


തിരുവനന്തപുരം > കുംഭത്തില്‍നിന്ന് മീനത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടുതല്‍ കടുക്കുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ത്തന്നെ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. പകല്‍ താപനില ശരാശരി 38 ഡിഗ്രി സെല്‍ഷ്യസാണ്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിവരെയായി. രാത്രി താപനിലയും അസാധാരണമായി ഉയരുകയാണ്. തലസ്ഥാന നഗരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 28 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 15 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്. മാര്‍ച്ച് അവസാനംവരെ ചൂട് കൂടിനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വേനല്‍മഴ ഇക്കുറി കുറഞ്ഞു. അതുകൊണ്ടുതന്നെ തീപാറുന്ന വേനലാണ് സംസ്ഥാനത്തുടനീളം. വടക്കന്‍ ജില്ലകളില്‍ ചൂട് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. കോഴിക്കോട്ട് 38.1ഉം കൊച്ചിയില്‍ 34ഉം തിരുവനന്തപുരത്ത് 35ഉം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയുന്നില്ല. വെള്ളിയാഴ്ച വൈകിട്ട്  തിരുവനന്തപുരമടക്കം തെക്കന്‍ ജില്ലകളില്‍ ഒന്നരസെന്റീമീറ്ററോളം മഴ ലഭിച്ചു.  

മേഘാവൃതമായ അന്തരീക്ഷംമൂലം അത്യുഷ്ണം അനുഭവപ്പെടുകയാണ്.  എല്‍നിനോ പ്രതിഭാസവും മറ്റു കാലാവസ്ഥമാറ്റങ്ങളുമാണ് ചൂട് കൂടാന്‍ കാരണമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.  'സണ്‍ സ്പോട്ട്' പ്രതിഭാസത്തിന്റെ സ്വാധീനവും മറ്റൊരു കാരണമാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top