29 March Friday

കാലവര്‍ഷമെത്തി; പരക്കെ മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2016

തിരുവനന്തപുരം > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി. കാലവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത്  എല്ലാ ജില്ലകളിലും കനത്ത മഴ ലഭിച്ചു. പുലര്‍ച്ചെ ആരംഭിച്ച മഴ പല ജില്ലകളിലും തോരാതെ തുടരുകയാണ്.

മഴയോടൊപ്പം ചില സ്ഥലങ്ങളില്‍ കനത്ത കാറ്റും അനുഭവപെട്ടു. ഇടുക്കിയില്‍ കാലവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. എസ്എഫ്ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണിയാണ് മരിച്ചത്. കനത്ത മഴയില്‍ കോട്ടയം താഴത്തങ്ങാടിയില്‍ അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണു. കെട്ടിടം വീഴുന്നതിന് മുന്‍പ് കുട്ടികളെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായത്. കനത്ത മഴയെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഇക്കുറി കാലവര്‍ഷം കേരളതീരത്ത് എത്തുന്നത്. ജൂണ്‍ രണ്ടാംവാരം കാലവര്‍ഷം എത്തുമെന്നായിരുന്നു ആദ്യം പ്രവചനം.

കഴിഞ്ഞമാസം പകുതിക്കുശേഷം ആന്‍ഡമാന്‍ തീരത്തെത്തിയ കാലവര്‍ഷക്കാറ്റ് ബംഗാള്‍ ഉള്‍ക്കടല്‍ വഴി ശ്രീലങ്കന്‍ തീരം പിന്നിട്ട് അറബിക്കടല്‍ വഴിയാണ് എത്തുന്നത്്. ഇടവപ്പാതിക്ക് ശക്തിപകരാന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദവും രൂപപ്പെട്ടുകഴിഞ്ഞു. വെള്ളിയാഴ്ച രാവിലെവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍വരെയോ അതിനുമുകളിലോ മഴയുണ്ടായേക്കാം. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 45 മുതല്‍ 55 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

ഇത്തവണ കാലവര്‍ഷത്തില്‍ രാജ്യത്ത് ആറുശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കാലവര്‍ഷം കുറവായിരുന്നു. കഴിഞ്ഞതവണ ജൂണ്‍മുതല്‍ സെപ്തംബര്‍വരെ സംസ്ഥാനത്ത് 1514.3 മില്ലീമീറ്റര്‍ മഴമാത്രമാണ് ലഭിച്ചത്. 26 ശതമാനം കുറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top