29 September Friday

സംസ്ഥാനത്ത് വേനൽമഴയിൽ 20 ശതമാനം കുറവ് ; ഫോണി മുന്നറിയിപ്പ് പാളി

വി എം രാധാകൃഷ്ണൻUpdated: Wednesday May 1, 2019

തൃശൂർ> ഏപ്രിൽ  പിന്നിടുമ്പോഴും സംസ്ഥാനത്ത് വേനൽ മഴയിൽ ശാരശരിയേക്കാൾ 20 ശതമാനം കുറവ്. ഏപ്രിൽ അവസാന മൂന്നു ദിവസം ഫോണി ചുഴലിയുടെ സ്വാധീനത്തിൽ കനത്ത മഴ കേരളത്തിൽ  കാലാവസ്ഥാവകുപ്പ് പ്രവചിച്ചുവെങ്കിലും അതെല്ലാം പാളി. ചില ജില്ലകളിൽ അങ്ങിങ്ങായി ഒറ്റപ്പെട്ട മഴയുണ്ടായതൊഴിച്ചാൽ ഫോണിയുടെ കാര്യമായ സ്വധീനമൊന്നും കേരളത്തിൽ ഇതുവരെയുണ്ടായില്ല. ബുധനാഴ്ചവരെ ഫോണിയുടെ സ്വാധീനം ഉണ്ടാകുമെന്നതിനാൽ കടലിൽ പോകുന്നതിനുൾപ്പെടെ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നിലവിലുണ്ട്. എന്തായാലും ഇതുവരെയുള്ള അന്തരീക്ഷ ഘടകങ്ങൾ പരിശോധിച്ചാൽ വലിയ അത്ഭുതത്തിനൊന്നും സാധ്യത കാണുന്നില്ലെന്നാണ് ഒരു വിഭാഗം കാലവസ്ഥാ ഗവേഷകർ പറയുന്നത്. എന്നാൽ മാർച്ച്, ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ വേനൽ മഴ ശക്തിപ്പെടുമെന്നതിൽ സംശയമില്ലെന്നും അവർ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മാർച്ചിൽ 37 മില്ലീമീറ്ററും ഏപ്രിലിൽ 112 മില്ലീമീറ്ററും ഉൾപ്പെടെ ശരാശരി 149 മില്ലീമീറ്റർ മഴയാണ് ചൊവ്വാഴ്ച വരെ കിട്ടേണ്ടത്. എന്നാൽ ഇതുവരെ കിട്ടിയത് 126 മില്ലീമീറ്റർ മാത്രം. മാർച്ചിൽ കാര്യമായ മഴയുണ്ടായില്ല. വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയ മഴ മില്ലീമീറ്ററിൽ ഇപ്രകാരം: ആലപ്പുഴ‐59, കണ്ണൂർ 19, എണാകുളം‐114, ഇടുക്കി‐105, കോഴിക്കോട്‐7, കൊല്ലം‐133, കോട്ടയം‐68, കോഴിക്കോട്‐43, മലപ്പുറം‐74, പാലക്കാട്‐96, പത്തനംതിട്ട‐258, തിരുവനന്തപുരം‐ 57, തൃശൂർ‐96, വയനാട്‐138. ഇതിൽ തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ശരാശരിയേക്കാൾ ഉയർന്ന തോതിൽ വേനൽ മഴ ഇതുവരെ കിട്ടിയത്.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി 393 മില്ലീമീറ്റർ വേനൽ മഴയാണ് ശരാശരി കിട്ടേണ്ടത്. ഇതിൽ കൂടുതൽ മഴ കിട്ടേണ്ടത് മെയ് മാസത്തിലാണ്‐244 മില്ലീമീറ്റർ. നാട്ടിലെ വരൾച്ച കുറയ്ക്കാനും കുടിവെള്ള ലഭ്യതയ്ക്കും കൃഷിക്കും ഏറെ സഹായകമാകുന്നത് വേനൽ മഴയാണ്. 2018ൽ കേരളത്തിൽ ശരാശരിയേക്കാൾ 37 ശതമാനം കൂടുതൽ വേനൽ മഴ കിട്ടിയിരുന്നു.  എന്നാൽ പല വർഷങ്ങളിലും വേനൽ മഴ ചതിക്കാറുമുണ്ട്. 1990നു ശേഷം ഇതുവരെ എട്ടു വർഷമാണ് കേരളത്തിൽ മെച്ചപ്പെട്ട വേനൽ മഴ ലഭിച്ചത്. അതിൽ റെക്കോഡ് 2004ലായിരുന്നു‐ 796 മില്ലീമീറ്റർ. 2008ൽ 700 മില്ലീമീറ്ററും വേനൽ മഴ ലഭിച്ചു. അക്കാലത്ത് മാർച്ചിൽ മാത്രം 300 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെയാണ് കേരളത്തിന്റെ ഹരിതാഭയുടെ പ്രതീകമായ തെക്കുപടിഞ്ഞാറൻ കാലവർഷം ലഭിക്കുന്നത്. ദേശീയതലത്തിൽ ഇക്കുറി ദീഘകാല ശരാശരിയുടെ 96 ശതമാനമായ 880 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിൽ ഇക്കാലയളവിൽ കിട്ടേണ്ട ശരാശരി മഴ 2040 മില്ലീമീറ്ററാണ്. കഴിഞ്ഞ വർഷം ആഗസ്തിലെ പ്രളയത്തിലടക്കം 23 ശതമാനം അധിക മഴ കിട്ടിയിരുന്നു. 2019ൽ രൂക്ഷമായ വരൾച്ച ഉണ്ടായി എന്നു പറയാനാവില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവുമധികം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായത് ഈ വർഷമാണ്. തൃശൂർ ജില്ലയിൽ 78 പേർക്ക് ചൂടിൽ പൊള്ളലേറ്റ് ചികിത്സ തേടി. അതിൽ സൂര്യാഘാതമേറ്റ വാടാനപ്പള്ളി സ്വദേശി  മാർച്ചിൽ മരിച്ചിരുന്നു. സംസ്ഥാനത്ത് 500ൽപ്പരം പേർക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ട്.

കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായി തുടരുന്നതിനാൽ അന്തരീക്ഷ പ്രതിഭാസങ്ങൾ പലപ്പോഴും പ്രവചനാതീതമാണെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. സി എസ് ഗോപകുമാർ അഭിപ്രായപ്പെട്ടു. ഈ വർഷം മെച്ചപ്പെട്ട കാലവർഷം ഉണ്ടാകുമെന്നു തന്നെയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top