26 April Friday

ഓറഞ്ച്‌ അലർട്ട്‌; ഇന്നുമുതൽ അതിശക്ത മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


തിരുവനന്തപുരം
ശനിയാഴ്‌ചവരെ സംസ്ഥാന വ്യാപകമായി അതിശക്ത മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലുമുണ്ടാകും. മലയോര ജില്ലകളിൽ അതിശക്ത മഴയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ബുധൻ കൊല്ലം, ആലപ്പുഴ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും  പ്രഖ്യാപിച്ചു. വ്യാഴം കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച്‌ അലർട്ടുമാണ്‌.

ബുധനാഴ്‌ച ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി നദീതീരങ്ങളിൽ 26 മുതൽ 37 മി.മീറ്റർ വരെയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മി.മീറ്റർ വരെയും മഴയ്ക്ക്‌ സാധ്യത.വെള്ളിവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 50 കി.മീ. വരെ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌  പോകരുത്‌.

കാറ്റ്‌ ശക്തമാകും ; പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം
ശനിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ശക്തമായ കാറ്റിന്‌ സാധ്യത. ഇതേത്തുടർന്ന്‌ സംസ്ഥാന ദുരന്തപ്രതികരണ വകുപ്പ്‌ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിയാനും സാധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡ്‌, ഇലക്ട്രിക്‌ പോസ്റ്റ്‌, കൊടിമരം എന്നിവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ വേണം. കാറ്റ് വീശുമ്പോൾ ജനലും വാതിലും അടച്ചിടണം. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ  ബന്ധപ്പെട്ട്‌ സുരക്ഷിത ഇടങ്ങളിലേക്ക്‌ മാറണം.

വൈദ്യുതി കമ്പിയും പോസ്റ്റും വീഴുന്നത്‌ ശ്രദ്ധയിൽപെട്ടാൽ 1912, 1077 എന്നീ നമ്പരുകളിൽ വിവരം അറിയിക്കണം. നേരിട്ട്‌ അറ്റകുറ്റപ്പണി ചെയ്യരുത്‌.
അതിരാവിലെ ജോലിക്കുംമറ്റും ഇറങ്ങുന്നവർ  വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. നിർമാണ ജോലിയിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ സുരക്ഷിത ഇടത്തേക്ക് മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top