03 October Tuesday

വേനൽ കടുക്കുമോ

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Sunday Mar 26, 2023

സംസ്ഥാനത്ത്‌ മീനച്ചൂട്‌ അതിന്റെ പാരമ്യതയിലേക്ക്‌ നീങ്ങുകയാണ്‌. പകൽ താപനിലയ്‌ക്കൊപ്പം രാത്രി താപനിലയും ഗണ്യമായി ഉയരുന്നു. അത്യുഷ്‌ണമാണ്‌ മിക്കയിടത്തും അനുഭവപ്പെടുന്നത്‌. വേനൽ മഴ ലഭിച്ചു തുടങ്ങിയിട്ടും ഉഷ്‌ണത്തിന്‌ കുറവില്ല.

വർഷത്തിൽ ഉയർന്ന താപനിലയിലുള്ള മാർച്ച്, ഏപ്രിൽ, മേയ്‌ മാസങ്ങളാണ് ഉഷ്ണകാലം. അന്തരീക്ഷ ഘടനയിലുണ്ടാകുന്ന  സംവഹന പ്രക്രിയമൂലമുണ്ടാകുന്ന  ഇടിമിന്നൽ മേഘങ്ങളിൽനിന്നുള്ള മഴ ഇക്കാലത്തെ പ്രത്യേകതയാണ്. ദിവസത്തെ കുറഞ്ഞ ഊഷ്മാവും കൂടിയ ഊഷ്മാവും ആർദ്രതയും ഇക്കാലത്ത്  കൂടിനിൽക്കുന്നു. ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷ (ഇടവപ്പാതി) ക്കാലത്ത് താഴ്ന്നതും പരന്നതുമായ സ്ട്രാറ്റസ്‌ മേഘ(Stratus Clouds) പാളികളിൽ നിന്നാണ്‌ മഴ ലഭിക്കുക. എന്നാൽ  വേനൽ കാലത്ത്‌ ലംബതലത്തിൽ (10–-17 കിലോമീറ്റർവരെ ഉയരത്തിൽ) ഓരോ പ്രദേശത്തുമുയർന്നു പൊങ്ങുന്ന കുമുലോനിംബസ്  മേഘങ്ങളി(Cumulonimbus clouds)ൽ നിന്നാണ് പ്രധാനമായും  മഴ ലഭിക്കുക.

അന്തരീക്ഷം: ഊഷ്‌മാവ്‌
|
വേനൽ  കനക്കുന്നതോടെ ഇടി മിന്നൽ മഴയുടെ തോതും തീവ്രതയും വർധിച്ച്‌  മേയ്‌ പകുതിയിൽ അത് ഉച്ചസ്ഥായിയിലെത്തും.
 ഉഷ്ണകാലത്ത് കേരളത്തിൽ  തിരുവനന്തപുരം,ആലപ്പുഴ, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇടിമിന്നൽ ദിനങ്ങൾ ശരാശരി യഥാക്രമം 40, 30, 32, 20, 25 എന്നീ  പ്രകാരമാണ്. സഹ്യപർവത നിരകളുടെ തെക്കു നിന്നും വടക്കോട്ടുള്ളഘടനാ വ്യത്യാസം ഇടിമിന്നൽ ദിനങ്ങളിൽ പ്രകട വ്യത്യാസത്തിന് കാരണമാകുന്നു. ഇന്ത്യയുടെ തെക്കൻ പ്രദേശത്ത്  അന്തരീക്ഷമർദം ശരാശരി 1008 മില്ലിബാറും മധ്യ ഇന്ത്യയിൽ 1004 – 1006 മില്ലിബാറും ഈ കാലത്ത്അനുഭവപ്പെടും. ഉപദ്വീപിൽ വടക്കു തെക്കു ദിശയിൽ ന്യൂനമർദ മേഖല (Low pressure area) ന്യൂനമർദപ്പാത്തിയായി വിന്യസിക്കുകയും ചെയ്യും. ഈ സന്ദർഭത്തിൽ കേരളം മുഴുവൻ ഏതാണ്ട് ഒരേ അന്തരീക്ഷ മർദത്തിലായിരിക്കും.
ഒരു കിലോമീറ്റർ വരെയുള്ള അന്തരീക്ഷ മണ്ഡലത്തിൽ വടക്കുപടിഞ്ഞാറു നിന്ന് വീശുന്ന കാറ്റ്, ഉച്ചയ്ക്കു മുമ്പായി ഉടലെടുക്കുന്ന കടൽക്കാറ്റിൽ നിന്നുള്ള ആർദ്രത, ന്യൂനമർദപ്പാത്തിയുമായിബന്ധപ്പെട്ടു കിടക്കുന്ന ചക്രവാതഅന്തരീക്ഷച്ചുഴികൾ(ഘടികാരദിശയ്ക്ക്എതിർ ദിശയിൽചുറ്റുന്ന)ഇവയെല്ലാം സംവഹന പ്രക്രിയയിൽ ഉൾപ്രേരകങ്ങളാണ്. ദിവസത്തെ അധികോഷ്മാവ്  ഏകദേശം 36 ഡിഗ്രി സെൽഷ്യസ്‌  മുതൽ 40 ഡിഗ്രി സെൽഷ്യസ്‌ വരെ  രേഖപ്പെടുത്താറുണ്ട്‌. ഇക്കാലത്ത്‌ കേരളത്തിൽ  ഏറ്റവും കൂടുതൽ താപനില ഏപ്രിലിലാണ്  അനുഭവപ്പെടുന്നത്. ഏപ്രിലിലെ ഊഷ്മാവ്‌ വർധന ഏതാണ്ട് മൂന്ന്‌  കിലോമീറ്റർ വരെ ഉയരത്തിൽ  കാണാറുണ്ട്‌.

സൗരവികിരണ താപം


മേട വിഷുവദിന (മാർച്ച് 21)സമീപ ദിവസങ്ങളിൽ ലംബ ദിശയി(Vertical direction)ൽ പതിക്കുന്ന സൗരവികിരണതാപം അന്തരീക്ഷത്തെ ഏറെ ചൂടാക്കും. ഇത്‌ മുകളിൽ നിന്നും താഴേയ്ക്കുള്ള അന്തരീക്ഷ പാളികളിൽ കുത്തനെയുള്ള ഊഷ്മാവിൽ വർധനയുണ്ടാക്കും. കൂടിയ ആർദ്രതയും ഊഷ്മാവ്‌ വർധനയും  അസ്ഥിര അന്തരീക്ഷസ്ഥിതിയുണ്ടാക്കുകയും പശ്ചിമഘട്ടമലനിരകൾ സംവഹനത്തെ ഉയർന്നു പൊങ്ങാൻ സഹായിക്കുകയും ചെയ്യും. സംവഹനത്തിന്‌ ആക്കം കൂട്ടാൻ കാറ്റിന്റെ ന്യൂനമർദപ്പാത്തി, ചക്രവാത അന്തരീക്ഷച്ചുഴി, കിഴക്കൻ തരംഗമെന്ന അന്തരീക്ഷച്ചുഴിച്ചങ്ങല, വിവിധ ഭാഗങ്ങളിൽ നിന്നും വീശുന്നകാറ്റുകളുടെ കേന്ദ്രീകരണം ഇവയിലേതെങ്കിലും  അവശ്യഘടകവുമാണ്‌.

വേനൽ മഴ


 കേരളത്തിലെ വേനൽ മഴ ശരാശരി 36 സെന്റീമീറ്ററാണ്‌. പാലക്കാട് ഏറ്റവും കുറഞ്ഞ ശരാശരിയായ 24 സെന്റീമീറ്ററും കൂടിയ ശരാശരി പത്തനംതിട്ടയിൽ 49 സെന്റീമിറ്ററുമാണ്‌. 2022 ൽ നാല്‌  ജില്ലകളിൽ അധിക മഴയും (ശരാശരിയേക്കാൾ20-–-59ശതമാനം കൂടുതൽ), മറ്റുള്ള 10 ജില്ലകളിൽ അത്യധിക മഴയും (ശരാശരിയിൽനിന്ന് 60 ശതമാനം കൂടുതൽ) മഴയും ലഭിച്ചു. ഇതിനു കാരണമായത് കൂടുതൽ ദിവസങ്ങളിൽ  നിലനിന്നിരുന്ന ചക്രവാതച്ചുഴി (Cyclone) യോ കാറ്റിന്റെ ന്യൂനപ്പാത്തിയുടെയോ സ്വാധീനമായിരുന്നു. പ്രതി ചക്രവാതച്ചുഴികളും (ഘടികാര ദിശയിൽ ചുറ്റുന്ന) കാറ്റിന്റെ നിമ്നപ്പാത്തിയും മഴ ലഭ്യതയിൽ തീർത്തും പ്രതികൂല ഘടകങ്ങളാണ്.

ഈ വർഷം മാർച്ച് ഒന്നുമുതൽ 24 വരെ  കേരളത്തിൽ 14.6 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 45 ശതമാനം കുറവ്‌. കണ്ണൂരിൽ കാര്യമായ മഴ ലഭിച്ചില്ല. കോഴിക്കോട്‌ 91 ഉം മലപ്പുറം 87 ഉം കാസർകോഡ്‌, തിരുവനന്തപുരം 85 ഉം 84 ഉം  തൃശൂരിൽ 81 ഉം ശതമാനം മഴക്കുറവ്‌ രേഖപ്പെടുത്തി (പട്ടിക കാണുക).

മാസത്തിന്റെ ആദ്യ പകുതിയിൽ നിലനിന്ന പ്രതിചക്രവാതച്ചുഴി, കാറ്റിന്റെ നിമ്നപ്പാത്തി എന്നിവയാണ്‌  ഈ മഴക്കുറവിന്‌ കാരണമായത്‌.15 ന്‌ ശേഷംമാത്രം രൂപം കൊണ്ട  ശക്തമായകാറ്റിന്റെ പാത്തിയും ചക്രവാതച്ചുഴിയും എത്രകണ്ട്‌ മഴ വർധന ഉണ്ടാക്കുമെന്ന്‌ കണ്ടറിയണം.

ആന്ധിയും  കാൽബൈസാഖിയും  

വേനൽക്കാലത്ത്‌ ഇന്ത്യയിൽ അനുഭവപ്പെടുന്ന മോശപ്പെട്ട കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ചക്രവാത കൊടുംകാറ്റ്, ഇടിമിന്നൽ മഴ, ആലിപ്പഴ വർഷം തുടങ്ങിയവ. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ഇടിമിന്നലിനോടൊപ്പം(മഴ ചിലപ്പോൾ മാത്രം) ഉണ്ടാകുന്ന ആന്ധി(Andhi)യെന്നഅതി തീവ്ര പൊടിക്കാറ്റ്, വടക്കുകിഴക്കൻമേഖലയിലെ നോർവെസ്റ്ററുകൾ (Norwesters) അഥവാ കാൽബൈസാഖിയെന്നറിയപ്പെടുന്ന തീവ്ര ഇടിമിന്നൽ മഴ, മനുഷ്യ ശരീരത്തിനു താങ്ങാനാവാത്ത  ഉഷ്ണ തരംഗം (ഉയർന്ന ദിനോഷ്മാവ്40 സെൽഷ്യസിനുപരിയും ശരാശരിയേക്കാൾ4.5 ഡിഗ്രി സെൽഷ്യസിലധികവും) എന്നിവയും ഇക്കൂട്ടത്തിൽപ്പെടും.

പ്രവചനം

 

 വടക്കു–-കിഴക്കൻ, കിഴക്കൻ–-മധ്യ, വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഈ വേനൽക്കാലത്ത്‌ അന്തരീക്ഷ ഊഷ്മാവ് ശരാശരിയിലും ഉയരുമെന്നും  മറ്റിടങ്ങളിൽ   സാധാരണയിൽ കുറഞ്ഞ ഊഷ്മാവായിരിക്കുമെന്നും പ്രവചനമുണ്ട്‌. തീവ്രഉഷ്ണ തരംഗം വടക്കു പടിഞ്ഞാറും മധ്യഇന്ത്യയിലും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്‌. കിഴക്കൻ ഭൂമധ്യരേഖാ പസഫിക്ക്‌ സമുദ്രത്തിലുണ്ടാകുന്ന സമുദ്രം ചൂടാകൽ പ്രതിഭാസമായ എൽ നിനോയുടെ നിഷ്പക്ഷതാവസ്ഥ (ന്യൂട്രൽ) ഈ വേനൽക്കാലത്തെ സ്വാധീനിക്കാനിടയില്ല. ചക്രവാത അന്തരീക്ഷച്ചുഴിയുടെയും കാറ്റിന്റെ പാത്തിയുടെയും തീവ്രതയും വ്യാപനവുമാകും ഈ ഉഷ്ണകാലത്ത്‌  അന്തരീക്ഷ  ഊഷ്മാവിനെയും മഴയളവുകളെയും ബാധിക്കാനിടയാവുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top