26 April Friday

ഓർക്കണം ഇന്ന്‌ പൊള്ളുന്ന ചൂട്‌; ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 കൊച്ചി> സംസ്‌ഥാനത്ത്‌  വെള്ളിയാഴ്‌ച പകൽ സാധാരണ താപനിലയേക്കാള്‍ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചൂട്‌ 2 ഷിഗ്രി മുതൽ 4 ഡിഗ്രിസെൽഷ്യസ്‌ വരെ ചൂട്‌ ഉയരാം. പകൽ 11 മുതൽ 3 വരെ നേരിട്ട്‌ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ജനങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തണമെന്ന്‌ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ബുധനാഴ്‌ച ആലപ്പുഴയിൽ  36.3 ഡിഗ്രിയായിരുന്നു ജില്ലയിലെ ചൂട്‌. വ്യാഴാഴ്‌ച 35. വെള്ളിയാഴ്‌ച നാലു ഡിഗ്രി വരെ ഉയർന്നാല്‍ സർവകാല റെക്കോഡാകും. കഴിഞ്ഞമാസം അനുഭവപ്പെട്ട 36 ഡിഗ്രിയാണ്‌ ഈ വർഷത്തെ ഏറ്റവും കൂടിയചൂട്‌. കടലോര ജില്ലയായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്നു. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ പുറപ്പെടുവിച്ചിട്ടുണ്ട്‌.  

മറക്കരുത്‌ .... തൊപ്പി, കുട, വെള്ളം 
ധാരാളമായി വെള്ളം കുടിക്കണം. എപ്പോഴും കുപ്പിയിൽ വെള്ളംകരുതണം. നിർജ്ജലീകരണം ഒഴിവാക്കാൻ ഇത് സഹായിക്കും. മദ്യമുള്‍പ്പെടെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങൾ വേണം ധരിക്കാന്‍. കുട്ടികള്‍ക്ക് ക്ലാസ് മുറികളിൽ വായുസഞ്ചാരവും ശുദ്ധജലവും ഉറപ്പാക്കണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാതെ നോക്കണം. 
 
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവര്‍ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാശ്രദ്ധിക്കുക. -പകൽ സമയത്ത്‌ പുറത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ കരുതണം. 
 
വിശ്രമം, പോഷകം
-നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലാളികള്‍ വെള്ളം കുടിക്കുന്നതിനൊപ്പം ആവശ്യമായ വിശ്രമം കിട്ടുന്നുണ്ടെന്ന്‌ ഉറപ്പിക്കണം.  നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, മാധ്യമ പ്രവര്‍ത്തകര്‍, വാഹന പരിശോധന വിഭാഗം, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ രുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ  തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 
 
പോഷകമടങ്ങിയ ഭക്ഷണം, പഴങ്ങൾ  എന്നിവ കഴിക്കണം. നിർജ്ജലീകരണം തടയാൻ ഒആർഎസ്‌ ലായിനി ഉപയോഗിക്കാം. വളർത്തുമൃഗങ്ങൾക്ക് തണൽ ഉറപ്പാക്കാനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം നൽകാനും ശ്രദ്ധിക്കണം. -ചൂടുമൂലം തളർച്ചയോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും വൈദ്യസഹായവും നല്‍കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top