24 April Wednesday

സംസ്‌ഥാനത്ത്‌ മരംകോച്ചുന്ന മഞ്ഞുവീഴ്‌ച .. എന്തുകൊണ്ട്‌ ഇത്ര തണുപ്പ്‌ ?

ഡോ. എം ജി മനോജ്‌Updated: Thursday Jan 17, 2019

മൂന്നാർ ഉൾപ്പെടെയുള്ള കേരളത്തിന്റെ ഹൈറേഞ്ച്‌ പ്രദേശങ്ങളിൽ തുടർച്ചയായ മഞ്ഞുവീഴ്‌ചയും താഴ്‌വാരങ്ങളിൽ പതിവിലധികം ശൈത്യവുമായാണല്ലോ ഈ ദിവസങ്ങളിൽ പുലർകാലത്തെ നാം വരവേൽക്കുന്നത്‌. മൂന്നാർ മേഖലകളിൽ ഇതുപോലൊരു മഞ്ഞുവീഴ‌്ച, കഴിഞ്ഞ ഒരുദശകത്തിനിടയിൽ  രണ്ടാംതവണയാണ്‌. എന്നാൽ, കേരളത്തിലെ  താഴ്‌വാരമുൾപ്പെടെയുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത്രയേറെ ശൈത്യം പിടിമുറുക്കുന്നത്‌ സമീപവർഷങ്ങളിലൊന്നും കേട്ടുകേൾവിയില്ലാത്തതാണ്‌. പ്രത്യേകിച്ച്‌ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ‌് വരെ താഴ്‌ന്നിരുന്നു. എന്നാൽ, പകൽ താപനിലയിൽ കാര്യമായ വർധനയാണ്‌ ഇക്കാലയളവിലുണ്ടായത്‌. അഭൂതപൂർവമായ ഈ കാലാവസ്ഥയുടെ പ്രത്യേകതകളിലേക്ക്‌ കണ്ണോടിച്ചാൽ നമുക്ക്‌ ലഭിക്കുന്നത്‌ കൗതുകകരവും അതേസമയം ആഴത്തിലുള്ളതുമായ ഭൗമവിസ്‌മയങ്ങളുടെ കൂമ്പാരമാണ്‌.

കാലാവസ്ഥ മാറുമ്പോൾ?
ഉത്തരാർധഗോളത്തിൽ നിവസിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം തണുപ്പുകാലം (Winter) എന്നത്‌ ഡിസംബർമുതൽ ഫെബ്രുവരിവരെയുള്ള ഏതാണ്ട്‌ മൂന്നുമാസക്കാലയളവാണ്‌. ഈ സമയങ്ങളിൽ സൂര്യന്റെ സ്ഥാനം ഭൂമധ്യരേഖയ്‌ക്ക്‌ തെക്ക്‌ ദക്ഷിണായന രേഖയ്‌ക്കും ഇടയിലായിരിക്കുമെന്നതിനാൽ നമ്മുടെ രാജ്യത്ത്‌ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവിൽ വൻ കുറവുണ്ടാകുന്നതാണ്‌ തണുപ്പേറാനുള്ള പ്രധാന കാരണം. ഇതോടൊപ്പം ഉത്തരധ്രുവത്തോടടുത്ത്‌ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന അസാധാരണ സാഹചര്യങ്ങൾ നമ്മുടെ നാടിനെ അതിശൈത്യത്തിലേക്ക്‌ തള്ളിവിടുന്നു. ഈ വർഷവും  ഇവിടെ സംഭവിച്ചത്‌ അതാണ്‌. ആ പ്രതിഭാസത്തെക്കുറിച്ച്‌ വിശദമായ ഒരു കുറിപ്പാണ്‌ താഴെ കൊടുക്കുന്നത്‌.

ഉത്തരധ്രുവത്തിലെ മാറ്റങ്ങളും കാരണം
ഉത്തരധ്രുവത്തിൽ തണുപ്പ്‌ ഏറുന്നതിനനുസരിച്ച്‌ അവിടെ അതിശൈത്യമുള്ള വായുവിന്റെ ശക്തമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്‌ വിപരീത ഘടികാര ദിശയിൽ കറങ്ങുകയും ചെയ്യും. ഭൗമാന്തരീക്ഷപാളികളിൽ രണ്ടാമത്തെ പാളിയായ സ്‌ട്രാറ്റോസ്‌ഫിയറിലാണ്‌ ഈ ചുഴി (Polar vortex) രൂപംകൊള്ളുന്നത്‌. ചില സന്ദർഭങ്ങളിൽ ഈ ചുഴിയുടെ ശക്തി ക്ഷയിച്ച്‌ അവിടെയുള്ള വായുവിന്റെ താപനില അസാധാരണമാംവിധം (30 ഡിഗ്രി സെൽഷ്യസ‌് മുതൽ 50 ഡിഗ്രി സെൽഷ്യസ‌് വരെ) ഉയരുന്നു. ഈ പ്രതിഭാസത്തെ സ്‌ട്രാറ്റോസ്‌ഫിയറിലെ ദ്രുതതാപീകരണം (sudden stratospheric warming) എന്ന‌് വിളിക്കുന്നു. ധ്രുവപ്രദേശങ്ങളിൽ സ്‌ട്രാറ്റോസ്‌ഫിയറിൽ താപനം നടക്കുമ്പോൾ, ഭൂമധ്യരേഖയോടടുത്തുള്ള ഉഷ്‌ണമേഖലയിലെ സ്‌ട്രാറ്റോസ്‌ഫിയറിൽ ഗണ്യമായ രീതിയിലുള്ള താപശോഷണമാണ്‌ നടക്കുന്നത്‌. ഈ താപശോഷണം ട്രോപോസ്‌ഫിയറിലും തുടർന്ന്‌ ഭൂമിയുടെ ഉപരിതല താപനിലയിലും കുറവുവരുത്തുന്നു. കൂടാതെ ഉഷ്‌ണമേഖലയിലേക്ക്‌ ധ്രുവപ്രദേശത്തുനിന്നുള്ള തണുപ്പേറിയ വായുവിന്റെ ശക്തമായ ഒരു പ്രവാഹം ഈയവസരത്തിൽ ഉണ്ടാവുകയും അത്‌ നമ്മുടെ രാജ്യത്ത്‌ ശൈത്യത്തിന്റെ വിത്ത്‌ വിതയ്‌ക്കുകയും ചെയ്യുന്നു.

സാധാരണഗതിയിൽ യൂറോപ്പിനു മുകളിലൂടെ പടിഞ്ഞാറുനിന്ന‌് വീശുന്ന കാറ്റ്‌ മെഡിറ്ററേനിയൻ കടലിനു മുകളിലൂടെ കടന്നുവരുമ്പോൾ അവിടെയുള്ള ജലബാഷ്‌പം വലിയതോതിൽ സ്വീകരിച്ച്‌ ഇന്ത്യയുടെ മധ്യവടക്ക്‌ ഭാഗത്തെത്തുകയും വൻതോതിലുള്ള ശൈത്യത്തിനും മഞ്ഞുവീഴ്‌ചയ്‌ക്കും കാരണമാവുകയും ചെയ്യാറുണ്ട്‌. പടിഞ്ഞാറൻ ക്ഷോഭം (Western Disturbance) എന്ന പ്രതിഭാസം ഉത്തരേന്ത്യയിൽ ജനജീവിതം താറുമാറാക്കുകയും, നിരവധിയാളുകളുടെ ജീവൻ കവരുകയും ചെയ്യാറുണ്ട്‌. ഈവർഷം ഈ പ്രതിഭാസത്തിന്റെ ഗതി സാധാരണയിൽനിന്ന‌് വ്യത്യസ്‌തമായി തെക്കൻ സംസ്ഥാനങ്ങളിലേക്ക്‌ മാറുകയും വർധിതമായ തണുപ്പിന്‌ കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌. അതോടനുബന്ധിച്ച്‌ മധ്യ‐ഉത്തര സംസ്ഥാനങ്ങളിൽനിന്നുള്ള തണുപ്പേറിയ വായുപ്രവാഹം പശ്‌ചിമഘട്ടത്തെയും മറികടന്ന്‌ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

അഗ്നിപർവതസ്‌ഫോടനവും കാരണമാകാം
ഇതോടൊപ്പം ചേർത്ത‌് വായിക്കേണ്ട മറ്റൊരു കാര്യമാണ്‌ ഡിസംബർ രണ്ടാംപാദത്തിൽ ഇന്തോനേഷ്യയിലുണ്ടായ ക്രാകത്തോവ (Krakatoa) അഗ്നിപർവതസ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. തൽഫലമായി, ഭീമാകാരമായ അളവിലാണ്‌ അന്തരീക്ഷത്തിലേക്ക്‌ അഗ്നിപർവതധൂളികൾ ഉയർന്നുപൊങ്ങിയത്‌. ഈ പൊടിപടലങ്ങൾ സൗരവികിരണങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്തുകയും ഭൗമോപരിതലത്തിൽ ലഭിക്കേണ്ട റേഡിയേഷന്റെ തീവ്രതയിൽ കുറവുവരുത്തുകയും ചെയ്യുന്നു. ഇതും, ഈ വർഷമുണ്ടായ അഭൂതപൂർവമായ തണുപ്പിന്‌ ഒരു കാരണമാണ്‌. എന്നാൽ, ഇതിന്റെ കൃത്യമായ കണക്കുകൾ മനസ്സിലാക്കുന്നതിന്‌ വിശദമായ പഠനം ആവശ്യമാണ്‌.

ചുരുക്കത്തിൽ ധ്രുവപ്രദേശവുമായി ബന്ധപ്പെട്ട അതിശൈത്യത്തിന്റെ വേരുകൾ അന്തരീക്ഷത്തിന്റെ പല തട്ടിലൂടെ ഉഷ്‌ണമേഖലയിൽ എത്തിച്ചേർന്നതും ഇന്തോനേഷ്യൻ അഗ്നിപർവത സ്‌ഫോടനത്തിന്റെ അനന്തര ഫലങ്ങളുമാണ്‌ ഇന്ന്‌ നാം അനുഭവിക്കുന്ന അതിശൈത്യത്തിന്റെ കാരണങ്ങൾ. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്‌. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അസാധാരണമായ കുറവ്‌ ഇക്കാലയളവിൽ അനുഭവപ്പെടുന്നത്‌, ഇത്രയധികം ഈർപ്പക്കുറവ്‌ മേഘരഹിതമായ ആകാശത്തിനും ഭൗമോപരിതലത്തിൽനിന്ന്‌ പതിവിലധികം ഇൻഫ്രാറെഡ്‌ വികിരണങ്ങൾ ബാഹ്യാകാശത്തേക്ക്‌ നഷ്ടപ്പെടുന്നതിന്‌ ഇടയാക്കുന്നു. അന്തരീക്ഷത്തിലുള്ള ഇത്തരം ഹരിതഗൃഹ വാതകങ്ങളാണ്‌ ഭൂമിയുടെ അന്തരീക്ഷതാപം നിലനിർത്തുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്നത്‌ എന്നത്‌ ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്‌. താരതമ്യേന തെളിഞ്ഞ ആകാശം, എന്നാൽ പകൽസമയങ്ങളിൽ സൂര്യപ്രകാശത്തിന്‌ ഒട്ടും കുറവുവരാതെതന്നെ ഭൗമോപരിതലത്തിലേക്ക്‌ കടത്തിവിടുന്നതിനാൽ കൂടിയ താപനിലയിൽ വർധനയ‌്ക്കും കാരണമാകുന്നു. ഒരു ദിവസംതന്നെയുള്ള കൂടിയതും കുറഞ്ഞതുമായ താപനിലയിലുള്ള വ്യത്യാസം ഇക്കാരണങ്ങൾകൊണ്ടാണ്‌ പ്രധാനമായും ഇപ്പോൾ സംഭവിക്കുന്നത്‌.

എന്നാൽ, ഇത്തരത്തിലുള്ള കൂടിയ താപവ്യതിയാനങ്ങൾ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നുള്ളതിൽ ഒരു സംശയവും വേണ്ട. ഇക്കാലയളവിൽ കേരളത്തിൽ ക്രമാതീതമായി വർധിച്ച പനിയും ജലദോഷവുമൊക്കെ ഈ പ്രത്യേക കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളായിക്കൂടി വിലയിരുത്താം.(കുസാറ്റിൽ അഡ്‌വാൻസ്‌ഡ്‌ സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക്‌ റഡാർ റിസർച്ചിൽ ശാസ്‌ത്രജ്ഞനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top