25 April Thursday

കനത്ത മഴ തുടരുന്നു; 7 ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

തിരുവനന്തപുരം > സംസ്ഥാനത്ത്‌ നാശം വിതച്ച്‌ അതിശക്ത മഴ തുടരുന്നു. 7 ജില്ലയിൽ ഓറഞ്ച്‌ അലർട്ടും  നാലിടത്ത്‌ യെല്ലോ അലർട്ടുമാണുള്ളത്‌. നാലു ദിവസം സംസ്ഥാന വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.

  കേരളത്തിന്‌ മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും വടക്കൻ കേരളം മുതൽ വിദർഭവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിലാണിത്‌.  ബുധനും വ്യാഴവും ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുമാണ്‌ സാധ്യത. ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴം കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. ബുധൻ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴം തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌.

യെല്ലോ അലർട്ടുള്ള ജില്ലകളിൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം. ശനിവരെ സംസ്ഥാനത്ത്‌ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്‌. തിങ്കൾ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കാസർകോട്‌ കാക്കടവിൽ 133ഉം പരപ്പനങ്ങാടിയിൽ 124ഉം കൊടുങ്ങല്ലൂരിൽ 110 ഉം മില്ലീമീറ്റർ മഴ ലഭിച്ചു.

കനത്ത മഴയിൽ തലസ്ഥാനത്ത്‌ മരണം രണ്ടായി. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ചുമട്ടുതൊഴിലാളിയുടെ മൃതദേഹം ബുധനാഴ്‌ച കണ്ടെത്തി. ഈ റോഡ്‌ കളത്തിൽ വീട്ടിൽ സുരേഷിന്റെ (ഡോളി–-48) മൃതദേഹമാണ്‌ വേളി ബോട്ട്‌ ക്ലബ്ബിനു സമീപത്ത്‌ കണ്ടെത്തിയത്‌. തിങ്കളാഴ്‌ച അഞ്ചുതെങ്ങിൽ മീൻപിടിത്തത്തിനിടെ കടലിൽ വള്ളം മറിഞ്ഞ്‌ പുത്തൻമണ്ണ്‌ ലക്ഷംവീട്‌ കോളനിയിൽ എ ബാബു മരിച്ചിരുന്നു. ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത്‌ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്‌.  

മീൻപിടിത്തം പാടില്ല
കേരളതീരത്തുനിന്ന് മീൻപിടിത്തത്തിന്‌ പോകരുത്‌. ലക്ഷദ്വീപ്, - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തം പാടില്ല. ശനിവരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. വേലിയേറ്റത്തിന്റെ നിരക്ക് പകൽ 11 മുതൽ രണ്ടു വരെയും രാത്രി 10.30 മുതൽ അർധരാത്രി വരെയും സാധാരണയിൽ കൂടുതലാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top