26 April Friday

നിസർഗ തീവ്രം; ഇന്ന്‌ മഹാരാഷ്‌ട്ര തീരത്തെത്തും ; സംസ്ഥാനത്തും കനത്തമഴ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

മുംബൈ> തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്ത്‌ ഇന്ന്‌ വീശിയടിക്കും.  മുംബൈയടക്കമുള്ള നഗരങ്ങളിൽ കാറ്റും മഴയും  കനത്തനാശം വിതക്കുമെന്ന്‌ മുന്നറിയിപ്പുണ്ട്‌.  മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങൾക്ക്‌ അതീവ ജാഗ്രതാ നിർദേശം നലകിയിട്ടുണ്ട്‌.  അറബിക്കടലിൽ വടക്കുകിഴക്ക്‌ ദിശയിൽ സഞ്ചരിക്കുന്ന നിസർഗ ഉച്ചയ്‌ക്കുശേഷം മഹാരാഷ്‌ട്ര തീരം തൊടുമെന്ന്‌ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഹാരാഷ്‌ട്രയ്‌ക്കും തെക്കൻ ഗുജറാത്തിനും ഇടയിൽ റായ്‌ഗഡ്‌ ജില്ലയിലാകും ചുഴലിക്കാറ്റ്‌ കരതൊടുക. 100 മുതൽ 120 കിലോമീറ്റർ വേഗതയിലാകും ഇത്‌. വൻ നാശം വിതച്ചാകും കാറ്റ്‌ കടന്നുപോകുക. മുംബൈക്ക്‌ പുറമെ താനെ, പാൽഗർ, ഗുജറാത്തിന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളെല്ലാം നാശം വിതയ്‌ക്കുമെന്നാണ്‌ പ്രവചനം. തീവ്രമായ മഴ‌യും ലഭിക്കും. മഹാരാഷ്‌ട്രയിൽ ചിലയിടങ്ങളിൽ കടൽവെള്ളം ഒന്നര കിലോമീറ്റർവരെ കരയിലേക്ക്‌ കയറാൻ സാധ്യതയുണ്ട്‌.



അറബികടലിൽ രൂപംകൊണ്ട ന്യുനമർദ്ദം ചൊവ്വാഴ്‌ചയോടെയാണ്‌  ചുഴലിക്കാറ്റായി രൂപംകൊണ്ടത്‌. കടൽ താപനില ഉയർന്നുനിൽക്കുന്നതിനാൽ നിസർഗയ്‌ക്ക്‌ തീവ്രതകൂടി. നിലവിൽ മുംബൈക്ക്‌ 350 കിലോമീറ്റർ അടുത്താണ്‌ ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ്‌ ചുഴലിക്കാറ്റിന്‌ നിസർഗ (പ്രകൃതി) എന്ന പേര്‌ നൽകിയത്‌.

മഹരാഷ്‌ട്രയിലും  ഗുജറാത്തിലും  ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്‌. 33 സംഘങ്ങളെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌.
.
സംസ്‌ഥാനത്ത്‌ മഴ കനക്കും; 3 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌


തിരുവനന്തപുരം > സംസ്ഥാനത്ത്‌ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്തു. ചൊവ്വാഴ്‌ച വ്യാപകമായി മഴ ലഭിച്ചു. ബുധനാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്കുതലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

മഴ തുടരുന്നതിനാൽ ബുധനാഴ്‌ച  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും വ്യാഴാഴ്‌ച  ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്‌. നിസർഗ ചുഴലിക്കാറ്റ്‌ കാരണം അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്തുള്ള  മൽസ്യബന്ധനത്തിന് നിരോധനം തുടരുകയാണ്.

ചൊവ്വാഴ്‌ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ വടകരയിലാണ്‌. 19 സെന്റീമീറ്റർ. തിരുവനന്തപുരത്ത്‌ 13 സെന്റീമീറ്റർ മഴ ലഭിച്ചു. ഹോസ്‌ദുർഗിൽ ഏഴും തളിപ്പറമ്പിൽ 8.2 ഉം കണ്ണൂരിൽ 12 ഉം കാഞ്ഞിരപ്പള്ളിയിൽ 4.5 ഉം തൊടുപുഴയിൽ 5.4 ഉം കോന്നിയിൽ 4.1 ഉം സെന്റീമീറ്റർ മഴ രേഖപ്പടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top