29 March Friday

വൃശ്ചികക്കാറ്റിന്റെ ശക്തി കുറഞ്ഞു

വി എം രാധാകൃഷ്ണന്‍Updated: Tuesday Nov 29, 2016

തൃശൂര്‍ >  കാലാവസ്ഥാ വ്യതിയാനം  വൃശ്ചികക്കാറ്റിലും പ്രകടം. നവംബര്‍ മധ്യത്തില്‍ തുടങ്ങി രണ്ടുമാസം നീളുന്ന വൃശ്ചികക്കാറ്റിന്റെ വേഗം കുറയുന്നു. തുലാവര്‍ഷം ദുര്‍ബലമായതിനെത്തുടര്‍ന്ന് പതിവിലും നേരത്തേ വൃശ്ചികക്കാറ്റിന്റെ സൂചനകള്‍ ഈ വര്‍ഷം കണ്ടെങ്കിലും ഇതുവരെ ശക്തമായില്ല.

സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍  വിലയിരുത്തുമ്പോള്‍ ഡിസംബര്‍, ജനുവരിയില്‍ ആഞ്ഞടിക്കാറുള്ള വൃശ്ചികക്കാറ്റ് ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷകര്‍ കണക്കാക്കുന്നു. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ വൃശ്ചികക്കാറ്റിനും എന്തു സംഭവിക്കുന്നുവെന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്നും പാലക്കാട് ചുരം കടന്നുവരുന്ന വൃശ്ചികക്കാറ്റിന്റെ സ്വാധീനം പ്രധാനമായും പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ്. കാറ്റിന്റെ ശക്തി കുറഞ്ഞത് എന്തെങ്കിലും കാര്യമായ ദോഷമുളവാക്കുന്നതല്ല. എന്നാല്‍ പല ഗുണങ്ങളുമുണ്ട്. ഭൂമിയുടെ വരള്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും ജലം വറ്റുന്നതും കുറയുമെന്നതാണ് പ്രധാന നേട്ടം. കാറ്റ് ശക്തമായാല്‍ ശരീരം വരളുകയും ചുണ്ട് വരണ്ട് പൊട്ടുകയും ചെയ്യാറുണ്ട്. വാഴ, മുരിങ്ങ തുടങ്ങിയവ ശക്തമായ കാറ്റില്‍ നശിക്കും.

വൃശ്ചികക്കാറ്റ് നെല്ല്, മാവ്, കശുമാവ് തുടങ്ങിയവ പൂവിടുമ്പോഴുള്ള പരാഗണത്തെയും സ്വാധീനിക്കും. കാറ്റ് ശക്തമായാല്‍ പരാഗണശേഷി കുറയും. പരാഗണം കൂടുന്നതനുസരിച്ചാണ് കായ്ഫലങ്ങള്‍ കൂടുതല്‍ കിട്ടുക. മുമ്പ് കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടന്ന പഠനത്തില്‍ 20 ശതമാനം പരാഗണശേഷി കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. കാറ്റ് കുറഞ്ഞതോടെ മഞ്ഞും തണുപ്പും കൂടി.

ഈ വര്‍ഷം കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും പേരിനുമാത്രമായി ചുരുങ്ങി. അതോടൊപ്പമാണ് വൃശ്ചികക്കാറ്റിന്റെ ഗതിയിലും വ്യത്യാസം വന്നത്. കാലവര്‍ഷം 34 ശതമാനം കുറഞ്ഞപ്പോള്‍ തുലാവര്‍ഷം 65 ശതമാനമാണ് കുറഞ്ഞത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 445 മില്ലീമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് ഇതുവരെ 160 മില്ലീമീറ്ററാണ് ലഭിച്ചത്.

തുലാവര്‍ഷക്കാലത്ത് ഉണ്ടാകേണ്ട ഇടിയും മിന്നലും ഈയാണ്ട് കാര്യമായി ഉണ്ടായില്ല.  കാലവര്‍ഷവും തുലാവര്‍ഷവും പല ജില്ലകളിലും 80 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. കടുത്ത വരള്‍ച്ചയാകും ഈ വര്‍ഷമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴ കിട്ടുമെന്നും ഉറപ്പില്ല. ജനുവരി മുതല്‍ ചൂട് അസഹ്യമാകുമെന്നാണ് മുന്നറിയിപ്പ്. അത്യപൂര്‍വ പ്രതിഭാസങ്ങള്‍ ഉണ്ടായാലേ ഇനി മഴയ്ക്കു സാധ്യതയുള്ളൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top